Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് ക്ഷീരമേഖലയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം
30/01/2018

വൈക്കം: വൈക്കം ബ്ലോക്കില്‍ ക്ഷീരഗ്രാമം, ഡയറി സോണ്‍ തുടങ്ങി വിവിധ പദ്ധതികള്‍, ക്ഷീരവികസന വകുപ്പിന്റെയും ക്ഷീരസംഘങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മുന്‍കൈയ്യില്‍ നടപ്പിലാക്കിയത് വഴി പാലുല്‍പാദനത്തില്‍ വന്‍മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഉദയനാപുരം പഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ക്ഷീരകര്‍ഷകര്‍ നേരിട്ട് അന്യസംസ്ഥാനങ്ങളില്‍ നിന്നും 240 കറവപ്പശുക്കളെയും 45 കിടാരികളെയും വളര്‍ത്തുന്നതിനായി വാങ്ങി. ഉദയനാപുരം പഞ്ചായത്തില്‍ മാത്രം പാല്‍ സംഭരണം 2300ലിറ്ററില്‍ നിന്നും 4500 ലിറ്ററായി വര്‍ദ്ധിച്ചു. ഈ സാഹചര്യത്തിലാണ് വല്ലകം ക്ഷീരസംഘത്തില്‍ നിന്നും സംഘവിരുദ്ധപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഭരണസമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു മുന്‍ അംഗത്തിന്റെ നേതൃത്വത്തില്‍ കള്ളപ്രചരണങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. 265 ചെറുകിട പശുവളര്‍ത്തല്‍ യൂണിറ്റുകള്‍ക്കായി ഒരുകോടിയിലധികം രൂപ ചിലവഴിച്ചാണ് ഉദയനാപുരം പഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കിയത്. വല്ലകം, നേരേകടവ്, ഉദയനാപുരം ക്ഷീരസഹകരണ സംഘങ്ങള്‍ വഴിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.പദ്ധതി പൂര്‍ത്തിയായപ്പോള്‍ പാലുല്പാദനത്തില്‍ നേരെ ഇരട്ടിയലധികം ലിറ്ററിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ക്ഷീരമേഖലയില്‍ യന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി വിവിധ ഉപകരണങ്ങള്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കുകയുണ്ടായി. കൂട്ടായ പരിശ്രമങ്ങളെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുന്നതിനു വേണ്ടി നടത്തുന്ന ശ്രമങ്ങളെ ക്ഷീരകര്‍ഷകര്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് ക്ഷീരസംഘം പ്രസിഡന്റുമാരായ പി ആര്‍ രാമകൃഷ്ണന്‍, പി ജി കനകാംബരന്‍, എ ശിവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.