Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ഡിയോളജി വിഭാഗത്തിന്റെ അഭാവത്തില്‍ രൂക്ഷമായ പ്രതിസന്ധിയില്‍ താലൂക്ക് ആശുപത്രി
29/01/2018

വൈക്കം: കുഴപ്പങ്ങളിലൂടെ കടന്നുപോകുന്ന താലൂക്ക് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം ഇല്ലാത്തത് രോഗികള്‍ക്ക് വലിയ പ്രശ്‌നങ്ങളാണുണ്ടാക്കുന്നത്. ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ട് എത്തുന്ന രോഗികള്‍ പോലും ഇവിടെനിന്നും പ്രാഥമിക ചികിത്സതേടി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള മറ്റ് ആശുപത്രികളിലേക്കു പോകുമ്പോള്‍ യാത്രാമധ്യേ മരണത്തിന് കീഴടങ്ങുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏകദേശം പന്ത്രണ്ടിലധികം രോഗികളുടെ ജീവനാണ് പൊലിഞ്ഞത്. ഇതില്‍ പകുതിയിലേറെ പേരും 40നും 45നും ഇടയില്‍ പ്രായമുള്ളവരാണ്. കാര്‍ഡിയോളജി വിഭാഗത്തിന്റെ അഭാവം നാടിനെ ഇത്രയധികം പ്രശ്‌നങ്ങളുണ്ടാക്കുമ്പോള്‍ ഇത് സ്ഥാപിക്കാന്‍ മുന്‍കയ്യെടുക്കേണ്ടവര്‍ വെറും നോക്കുകുത്തികളായി നില്‍ക്കുകയാണ്. നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ഇവിടെ നിന്നും ആദ്യം ലഭിക്കുന്ന ചികിത്സ ഇ.സി.ജിയാണ്. ഇ.സി.ജിയില്‍ കുഴപ്പം കണ്ടാല്‍ മിനുറ്റുകള്‍ക്കുള്ളില്‍ ഇവരെ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് പറപ്പിക്കുന്നു. ഇങ്ങനെയാണ് ചികിത്സ വൈകിയതുമൂലം പലരുടെയും ജീവന്‍ നഷ്ടപ്പെട്ടു പോയിട്ടുള്ളത്. രണ്ടു വര്‍ഷം മുന്‍പ് നഗരത്തില്‍ വ്യാപാരം നടത്തുന്ന കച്ചവടക്കാരന്‍ നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഇവിടെയുള്ളവര്‍ ആദ്യം വിധിയെഴുതിയത് ഗ്യാസ് ട്രബിള്‍ ആണെന്നാണ്. എന്നാല്‍ വേദന തുടര്‍ന്നപ്പോള്‍ ഇ.സി.ജി എടുക്കുകയും കുഴപ്പം കണ്ട രോഗിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ യാത്രാമധ്യേ വ്യാപാരിയുടെ ജീവന്‍ പൊലിഞ്ഞു. കഴിഞ്ഞ ദിവസവും ഹൃദയാഘാതം മൂലം യുവാവ് ബസില്‍ കുഴഞ്ഞുവീണ് ചികിത്സ തേടി പോകുംവഴി മരിച്ചിരുന്നു. ഹൃദയാഘാതം മൂലം രോഗികള്‍ മരിക്കുന്ന സമയങ്ങളില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിക്കണമെന്ന ആവശ്യം പല കോണുകളില്‍നിന്നും ഉയരാറുണ്ട്. എന്നാല്‍ കുറച്ചുദിവസം കഴിയുമ്പോള്‍ ഇതിനുവേണ്ടി മുന്നിട്ടിറങ്ങിയവര്‍ തന്നെ ഇത് മറക്കുന്നു. കാര്‍ഡിയോളജി വിഭാഗം, പുതിയ എക്‌സ്‌റേ യൂണിറ്റ് എന്നിവയെല്ലാം ആശുപത്രിയില്‍ അനിവാര്യമാണ്. ആശുപത്രിയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന നഗരസഭ ഭരണത്തിലിരിക്കുന്നവര്‍ കാലങ്ങളായി കാര്‍ഡിയോളജി വിഭാഗം വേണമെന്ന് സര്‍ക്കാര്‍ തലത്തില്‍ ആവശ്യങ്ങള്‍ ഉയര്‍ത്താറുണ്ട്. താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിട്ടുള്ള ഇരുമുന്നണികളുടെയും മന്ത്രിമാര്‍ ഇവിടെയെത്തുമ്പോള്‍ വാരിക്കോരി ആശുപത്രിക്ക് വികസനപെരുമഴ വാഗ്ദാനം ചെയ്താണ് മടങ്ങുന്നത്. എന്നാല്‍ നാളിതുവരെയായി ഒരു പ്രഖ്യാപനവും നടപ്പിലായി കണ്ടിട്ടില്ല. ഇപ്പോള്‍ ആശുപത്രിയില്‍ കോടിക്കണക്കിന് രൂപയുടെ നിര്‍മാണ ജോലികള്‍ തകൃതിയായി നടക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം വെളിച്ചം കാണുമോ എന്നുള്ള കാര്യം കാത്തിരുന്ന കാണേണ്ട അവസ്ഥയാണ്. കാലങ്ങളായി ഇവിടെ നടക്കുന്ന ഒരു വികസന പ്രവര്‍ത്തനങ്ങള്‍ക്കും ശാപമോക്ഷമുണ്ടായിട്ടില്ല. ഇപ്പോള്‍ നിര്‍മാണം പാതിവഴിയില്‍ നിലച്ച പുതിയ കെട്ടിടത്തിന് വിനയായത് തീരദേശപരിപാലന നിയമ(സി.ആര്‍.സെഡ്)മാണ്. നിര്‍മാണം ആരംഭിക്കുന്നതിനുമുമ്പ് ഇതുപോലുള്ള നിയമവശങ്ങള്‍ എന്തുകൊണ്ട് പരിശോധിക്കാന്‍ അധികാരികള്‍ കൂട്ടാക്കിയില്ലെന്ന് ജനങ്ങള്‍ ചോദിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എം.എല്‍.എ ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച കെട്ടിടം ഉപയോഗശൂന്യമായി കിടക്കുകയാണ്. ആശുപത്രിക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളെ മറന്ന് നടത്തുന്ന വികസനപദ്ധതികളെ നിയന്ത്രിക്കുവാന്‍ ഇനിയെങ്കിലും അധികാരികള്‍ മുന്നിട്ടിറങ്ങണം.