Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വര്‍ഷങ്ങളായി തരിശുകിടക്കുന്ന മാത്താനം പാടശേഖരത്തെ പച്ചപ്പണിയിക്കാന്‍ വിമുക്ത ഭടന്‍മാരും.
29/01/2018
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മാത്താനം പാടശേഖരത്തില്‍ വിമുക്ത ഭടന്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന നെല്‍കൃഷിയുടെ വിത ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: വര്‍ഷങ്ങളായി തരിശുകിടക്കുന്ന മാത്താനം പാടശേഖരത്തെ പച്ചപ്പണിയിക്കാന്‍ ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട് നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ശക്തി പകരുവാന്‍ വിമുക്ത ഭടന്‍മാരും. ഇവരുടെ നേതൃത്വത്തില്‍ പാടശേഖരത്തിന്റെ ഒരു ഭാഗത്ത് വിതയിറക്കി. ഉത്സാവന്തരീക്ഷത്തില്‍ നടന്ന ചടങ്ങിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ നേതൃത്വം നല്‍കി. രണ്ടു പതിറ്റാണ്ടിലധികമായി തരിശു കിടക്കുന്ന പാടശേഖരങ്ങളാണ് കേരള സര്‍ക്കാറിന്റെ തരിശുനില നെല്‍കൃഷി പ്രോത്സാഹന പദ്ധതിയില്‍ പെടുത്തി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നെല്ലറയാക്കുന്നത്. 2013ല്‍ മാത്താനം, കൊച്ചംഗ്രാക്കല്‍ പാടശേഖരങ്ങളില്‍ കൃഷിയിറക്കുവാന്‍ വൈക്കം താലൂക്ക് ഡിഫന്‍സ് എക്‌സ് സര്‍വീസ് സൊസൈറ്റി ഭാരവാഹികളായ പി.ആര്‍ തങ്കപ്പനും ചന്ദ്രമോഹനനും അന്നത്തെ കൃഷിമന്ത്രിയായിരുന്നു കെ.പി മോഹനന് നിവേദനം നല്‍കിയിരുന്നു. മന്ത്രി മുന്‍കയ്യെടുത്ത് ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ കൃഷിയിറക്കുവാന്‍ നേതൃത്വം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് തടസ്സങ്ങളുടെ വേലിയേറ്റമാണുണ്ടായത്. ഇതിനുശേഷം ശേഖരങ്ങള്‍ കൃഷിയിലേക്ക് എത്തുന്നതോടെ ഈ മേഖലയിലെ ജലക്ഷാമത്തിനും പരിഹാരമാകും. കാരണം കൃഷി നിലച്ചതോടെ നാട്ടുതോടുകളെല്ലാം മാലിന്യങ്ങളും പുല്ലും നിറഞ്ഞ് നിര്‍ജ്ജീവാവസ്ഥയിലാണ്. കൂടാതെ പല സ്ഥലങ്ങളിലും നാട്ടുതോടുകള്‍ കയ്യേറ്റക്കാരുടെ കയ്യിലും അകപ്പെട്ടിരുന്നു. ഇതെല്ലാം തിരിച്ചുപിടിക്കുവാനും കൃഷിയിറക്കുന്നതിന്റെ ആദ്യപടിയായി നീര്‍ച്ചാലുകളെല്ലാം നേര്‍വഴിയിലെത്തുകയും ചെയ്തു. കൃഷി നടത്തുന്ന പാടശേഖരങ്ങളില്‍ ഫണ്ടുകള്‍ വിനിയോഗിക്കാതെ തരിശുകിടക്കുന്ന പാടശേഖരങ്ങളെല്ലാം കൃഷിയോഗ്യമാക്കുക എന്നതാണ് പ്രധാനലക്ഷ്യം. ജില്ലാ പഞ്ചായത്തിന്റെ ശ്രമങ്ങള്‍ക്ക് വലിയ ആവേശമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വൈക്കം താലൂക്ക് ഡിഫന്‍സ് എക്‌സ് സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വിത ഉത്സവം നടന്നത്. സൊസൈറ്റി പ്രസിഡന്റ് പി.ആര്‍ തങ്കപ്പന്‍, വാര്‍ഡ് മെമ്പര്‍ കെ.കെ ഷാജി, സൊസൈറ്റി സെക്രട്ടറി ചന്ദ്രമോഹന്‍ദാസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.