Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് ദാരിദ്ര്യനിര്‍മാര്‍ജ്ജന പദ്ധതി നടപ്പിലാക്കും: സി.കെ ആശ
29/01/2018

വൈക്കം: വൈക്കം ബ്ലോക്കില്‍ ദാരിദ്ര്യനിര്‍മാര്‍ജ്ജന പദ്ധതിയായ സ്റ്റാര്‍ട്ട്അപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം (എസ്.വി.ഇ.പി) നടപ്പിലാക്കുമെന്ന് സി.കെ ആശ എം.എല്‍.എ അറിയിച്ചു. ഗ്രാമീണമേഖലയില്‍ ദാരിദ്ര്യനിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയാണ് എസ്.വി.ഇ.പി. സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങുവാനും അവ വിജയകരമായി നടത്തിക്കൊണ്ടു പോകുന്നതിനും നിലവിലുള്ള ചെറുകിട സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് ഗ്രാമീണ ജനതയെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്ത്രീകള്‍, പട്ടിക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. പദ്ധതി നടത്തിപ്പിന് ആറു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം ഏഴുലക്ഷം രൂപ അനുവദിച്ചു. ആദ്യഘട്ടത്തില്‍ പത്തനംതിട്ട ജില്ലയിലെ പറക്കോട് ബ്ലോക്കിലും, എറണാകളുത്തെ വടവുകോട് ബ്ലോക്കിലുമാണ് പദ്ധതി നടപ്പിലാക്കിയത്. കോട്ടയം ജില്ലയില്‍ അനുവദിച്ച ഏകപദ്ധതി വൈക്കം ബ്ലോക്കിന് ലഭിച്ചതിലൂടെ വൈക്കത്തെ കുടുംബശ്രീ പ്രസ്ഥാനങ്ങളെ ശാസ്തീകരിക്കാനാവുമെന്ന് എം.എല്‍.എ പറഞ്ഞു. ശുചിത്വം, കുടിവെള്ളം, പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ എന്നീ മേഖലകളിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിക്കാകും. പരിശീലനം നേടിയ 22 മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ പ്രാദേശികമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ നിയോഗിച്ചിട്ടുണ്ട്. വൈക്കം ബ്ലോക്കിലെ മുഴുവന്‍ കുടുംബശ്രീ സി.ഡി.എസുകളുടെയും എക്‌സിക്യൂട്ടീവ് കമ്മിറ്റികള്‍ ചേര്‍ന്ന പൊതുസഭയാണ് പദ്ധതി നടത്തിപ്പാനായുള്ളത്. സംരംഭങ്ങള്‍ക്കാവശ്യമായ ആസ്തികള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവ വാങ്ങുന്നതിന് മൂലധനം ലഭ്യമാക്കുന്നതിനും പദ്ധതിയിലൂടെ സാധ്യമാകുമെന്നും സി.കെ ആശ എം.എല്‍.എ അറിയിച്ചു.