Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലത്തിന്റെതായ മാറ്റം എത്തിപ്പെടാത്ത കേരളത്തിലെ അപൂര്‍വം ചില ഡിപ്പോകളിലൊന്നായി വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോ
25/01/2018
വൈക്കം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റ്.

വൈക്കം: കാലത്തിന്റെതായ മാറ്റം എത്തിപ്പെടാത്ത കേരളത്തിലെ അപൂര്‍വം ചില ഡിപ്പോകളിലൊന്നാണ് വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോ. ചേര്‍ത്തലയും പിറവവും വൈക്കവുമായി താരതമ്യം ചെയ്യുമ്പോള്‍ അതിശയിപ്പിക്കുന്ന വികസനപാതയിലാണ്. കാലങ്ങളായി മണ്ഡലം നേരിടുന്ന വികസനമുരടിപ്പിലെ പ്രധാന നേര്‍ക്കാഴ്ചയാണ് കെ.എസ്.ആര്‍.ടി.സി. ഭരണത്തിലും എം.എല്‍.എയിലും വന്ന മാറ്റം അനുകൂലമാക്കാന്‍ കെ.എസ്.ആര്‍.ടി.സി അധികാരികള്‍ക്ക് കഴിഞ്ഞാല്‍ വരുംനാളില്‍ ഡിപ്പോയുടെ മുരടിപ്പിന് മാറ്റമുണ്ടാക്കാന്‍ സാധിച്ചേക്കും.
എഴുപതോളം സര്‍വീസുകളുള്ള വൈക്കം ഡിപ്പോയില്‍ നിന്നും ദിവസേന നാല്‍പ്പത്തിയഞ്ചോളം സര്‍വീസുകളാണ് സാധാരണ നടത്താറുള്ളത്. കാലപ്പഴക്കംചെന്ന ബസുകള്‍ അടിക്കടി കേടാകുന്നതുമൂലം ഷെഡ്യൂളുകള്‍ പതിവായി വെട്ടിച്ചുരുക്കേണ്ടി വരുന്നത് സ്ഥിരം കാഴ്ചയാണ്. 53 ബസുകളുള്ള ഇവിടെ 140ല്‍പരം ഡ്രൈവര്‍മാരും അത്രതന്നെ കണ്ടക്ടര്‍മാരുമാണ് ജോലിക്കാരായിട്ടുള്ളത്. എല്ലാ സര്‍വീസുകളും പൂര്‍ണമായി നടപ്പാക്കുന്നതിനുള്ള ജീവനക്കാരുണ്ടെങ്കിലും കെടുകാര്യസ്ഥതമൂലം സര്‍വീസുകള്‍ കൃത്യമായി നടത്താന്‍ സാധിക്കുന്നില്ല. ഉന്നതാധികാരികള്‍ ഡിപ്പോയിലുള്ള ബസുകളുടെ എണ്ണം പരിഗണിക്കുമ്പോള്‍ എണ്ണത്തില്‍ കുറവുകാണാത്തതിനാല്‍ നാട്ടുകാരുടെ പരാതിയില്‍ കഴമ്പില്ല എന്നുപറഞ്ഞ് നിരസിക്കാറാണ് പതിവ്. രാവിലെ സര്‍വീസ് ആരംഭിച്ചുകഴിഞ്ഞാല്‍ ഒന്നോ, രണ്ടോ ട്രിപ്പുകള്‍ക്ക് ശേഷം മിക്ക ബസുകളും മെക്കാനിക്കല്‍ തകറാറുമൂലം അറ്റകുറ്റപ്പണിക്ക് കയറ്റേണ്ടതായി വരുന്നു. ഇങ്ങനെയുള്ള ബസുകള്‍ ഉടനടി നന്നാക്കാന്‍ കഴിയാതിരിക്കുന്നതും ട്രിപ്പുകള്‍ മുടങ്ങുന്നതിന് കാരണമാകുന്നു. ഡിപ്പോയുടെ ഈ അവസ്ഥയുടെ ആഴം ഉന്നതങ്ങളില്‍ വ്യക്തമാക്കാന്‍ ആളില്ലാത്തതാണ് കാലങ്ങളായി അവഗണിക്കപ്പെടുന്നതിന് കാരണമാകുന്നത്. പഴകിയ വാഹനങ്ങളുപയോഗിച്ച് അശാസ്ത്രീയമായ രീതിയില്‍ റൂട്ടുകള്‍ ക്രമീകരിച്ച് സര്‍വീസ് നടത്തിയിട്ടും ദിവസേന അഞ്ച് ലക്ഷത്തോളം രൂപ പ്രതിദിനവരുമാനമുണ്ട്.
പല സര്‍വീസുകളുടെയും റൂട്ട് മാറ്റി ക്രമീകരിച്ചതുമൂലം സ്വകാര്യ ബസുകളാണ് നേട്ടം കൊയ്യുന്നത്. വൈക്കം-കുമരകം-കോട്ടയം സര്‍വീസുകള്‍ ലാഭത്തിലായിരുന്നെങ്കിലും ഇപ്പോള്‍ അതു നിര്‍ത്തലാക്കിയിരിക്കുകയാണ്. വൈക്കത്തുനിന്നുള്ള ദീര്‍ഘദൂര ബസുകളായ കോഴിക്കോട്, തിരുവനന്തപുരം, മലമ്പുഴ എന്നീ ബസ് സര്‍വീസുകള്‍ ഇപ്പോഴും ലാഭത്തിലാണ് പോയിക്കൊണ്ടിരിക്കുന്നത്. രാവിലെ ആറിന് പുറപ്പെടുന്ന കോട്ടയം-എറണാകുളം ബസിന്റെ ശരാശരി കളക്ഷന്‍ 17000നും 18000നും ഇടയിലാണ്. എന്നാല്‍ കളക്ഷന്‍ കൂടുന്നതിന്റെ പിറ്റേന്ന് ഈ സര്‍വീസ് പലപ്പോഴും മുടങ്ങാറാണ് പതിവ്. ട്രിപ്പ് മുടങ്ങുന്നതിന്റെ പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് യാത്രക്കാര്‍ പറയുന്നത്. കെ.എസ്.ആര്‍.ടി.സി മികച്ച രീതിയില്‍ സര്‍വീസ് നടത്തിവന്നിരുന്ന റൂട്ടുകളില്‍ പലതും ലാഭകരമല്ലാത്ത രീതിയില്‍ പുനഃക്രമീകരിച്ചതിനു പിന്നില്‍ സ്വകാര്യ ബസുടമകളുടെ ഇടപെടലാണെന്നും ജീവനക്കാരും നാട്ടുകാരും ഒരേപോലെ ചൂണ്ടിക്കാട്ടുന്നു. ഒരു സ്വകാര്യവ്യക്തിയുടെ ഇടപെടല്‍മൂലം അനുവദിച്ച സര്‍വീസുകളെല്ലാം അശാസ്ത്രീയമായ രീതിയില്‍ സര്‍വീസ് നടത്തുന്നതുമൂലം വൈക്കം ഡിപ്പോയിലെ യാത്രക്കാര്‍ക്ക് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കാറില്ല.