Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓര്‍മകള്‍ മേയുന്ന ആ പഴയ വിദ്യാലയമുറ്റത്ത് അവര്‍ ഒത്തുകൂടി
22/01/2018
കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഗമം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഓര്‍മകളുടെ പുസ്തകത്താളുകള്‍ ഒരിക്കല്‍ക്കൂടി തുറന്നപ്പോള്‍ ആ പഴയ വിദ്യാലയമുറ്റത്ത് ഒത്തുകൂടിയപ്പോള്‍ അവരെല്ലാം പതിറ്റാണ്ടുകള്‍ക്കു മുമ്പത്തെ ഓര്‍മകള്‍ ചികഞ്ഞെടുത്തു. ആദ്യകാഴ്ചയില്‍ പലര്‍ക്കും പരസ്പരം തിരിച്ചറിയാനായില്ല. കുട്ടിക്കാലത്തെ കുസൃതികള്‍ ഓര്‍ത്തെടുത്തപ്പോള്‍ പഴയമുഖം മനസ്സില്‍ മിന്നിമറഞ്ഞു. 112 വര്‍ഷത്തെ പ്രൗഢ പാരമ്പര്യമുള്ള കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും അക്ഷര മധുരം നുണഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികളാണ് ഒരുവട്ടംകൂടി പഴയ വിദ്യാലയമുറ്റത്ത് ഒത്തുകൂടിയത്. ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറം സ്‌കൂളില്‍ ഒത്തുചേര്‍ന്നപ്പോള്‍ ഓര്‍മയുടെ ചെപ്പില്‍ കോര്‍ത്തുവെക്കാനുള്ള അനര്‍ഘ മുഹൂര്‍ത്തമായി അതുമാറി. സന്തോഷവും സങ്കടവും തമാശയും കൗതുകവും നിറഞ്ഞ പഴയ പള്ളിക്കൂടത്തിലെ വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ പങ്കുവെച്ച് കൊണ്ട് അവരെല്ലാം സൗഹൃദം പങ്കിട്ടു. ഏറിയപങ്കും മധ്യവയസ്സ് പിന്നിട്ടവര്‍ പങ്കെടുത്ത പൂര്‍വവിദ്യാര്‍ത്ഥി സംഗമം സ്‌കൂളിലെ പുതിയ തലമുറക്കും കൗതുകമായി മാറി. എഴുപതിനും എണ്‍പതിനും ഇടയില്‍ പ്രായമുള്ള അവരില്‍ ചിലര്‍ മക്കളുടെ ചുമലില്‍ വാര്‍ദ്ധക്യത്തെ കൊളുത്തിവെച്ച്, അവരുടെ കൈത്താങ്ങില്‍ മണ്ണില്‍ കാലുറപ്പിച്ചുനിന്നു. എന്നാല്‍ മനസ്സും ശരീരവും പ്രായത്തിന് പണയം വെക്കാതെ ഊര്‍ജ്ജസ്വലരായി നടന്ന ചിലരും അക്കൂട്ടത്തിലുണ്ട്. മുഖത്ത് നോക്കി വര്‍ത്തമാനം പറയാനും പുഞ്ചിരിക്കാനും സമയമില്ലാത്ത പുതുതലമുറയിലെ പേരക്കുട്ടികള്‍ക്കൊപ്പമാണ് പലരും സ്‌കൂളിലെത്തിയത്. പഴയ സഹപാഠികളെ വീണ്ടും കണ്ടുമുട്ടിയ കാരണവന്മാരുടെ മുഖത്തെ സന്തോഷവും സഹപാഠികളെ കണ്ട നിര്‍വൃതിയില്‍ നിര്‍ത്താതെയുള്ള അവരുടെ സംസാരവും കേട്ടപ്പോള്‍ പുതിയ തലമുറ സ്‌നേഹബന്ധത്തിന്റെ ആഴം തിരിച്ചറിഞ്ഞു.
നടന്‍ മമ്മൂട്ടി ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന നിരവധി പേര്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുനല്‍കിയ കുലശേഖരമംഗലം സ്‌കൂളില്‍ അലുമ്‌നി അസോസിയേഷന്റെ നേതൃത്വത്തിലാണ് പൂര്‍വവിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നത്. സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൂര്‍വവിദ്യാര്‍ത്ഥി സംഗമം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖ് ഐ.പി.എസ് വിശിഷ്ടാതിഥി ആയിരുന്നു. സ്‌ക്കൂള്‍ വികസന രൂപരേഖ അലുമ്‌നി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടി.കെ ഉപേന്ദ്രന്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് പൂര്‍വഅധ്യാപകര്‍, വിവിധ മേഖലകളില്‍ മികവുതെളിയിച്ച പൂര്‍വവിദ്യാര്‍ത്ഥികള്‍ എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, മറവന്‍തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി രമ, അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെ.എസ് വേണുഗോപാല്‍, ബിന്ദു പ്രദീപ്, എന്‍.വി സരസിജന്‍, കെ.അശോകന്‍, എന്‍.ഇന്ദ്രന്‍, ടി.ആര്‍ സാബു, ടി.എം രമ, പി.ആര്‍ സീന, ടി.കെ സുവര്‍ണന്‍ എന്നിവര്‍ പ്രസംഗിച്ചു.