Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുമേഖലാ ബാങ്കുകള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം : എ.കെ.ബി.ഇ.എഫ്
15/01/2018

വൈക്കം: പൊതുമേഖലാ ബാങ്കുകള്‍ ബ്ലേഡു കമ്പനികളാകരുതെന്നും അന്യായമായ സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഏര്‍പ്പെടുത്തിയും കുടിശിഖ പിരിവ് ഗുണ്ടാസംഘങ്ങളെ ഏല്‍പ്പിച്ചും രാജ്യത്തെ നിയമ സംവിധാനത്തിന് നിരക്കാത്തതും ജനാധിപത്യ സാമൂഹ്യക്രമത്തിനു യോജിക്കാത്തതുമായ നയപരിപാടികളിലൂടെ ദേശാസാല്‍ക്കരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കു യോജിക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടെരുതെന്നും പകരം ജനപക്ഷത്തു നിന്നു പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകണമെന്നും വൈക്കത്തു ചേര്‍ന്ന ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കോട്ടയം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരള ബാങ്ക് രൂപീകരണത്തിനുള്ള നിര്‍ദ്ദേശങ്ങളിലെ നിലവിലുള്ള ജീവനക്കാര്‍ക്ക് ദോഷകരമായ വ്യവസ്ഥകള്‍ക്കു ചര്‍ച്ചകളിലൂടെ പരിഹാരം കാണുക, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്‌മെന്റ് യൂണിയനിലംഗങ്ങളായ ജീവനക്കാരോടു പുലര്‍ത്തുന്ന വിവേചനപരവും തൊഴിലാളി ദ്രോഹകരവുമായ നിലപാടുകള്‍ തിരുത്തുക, ബാങ്ക് ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കുന്നതിനുള്ള പതിനൊന്നാം ഉഭയകക്ഷി ചര്‍ച്ചകള്‍ ത്വരിതപ്പെടുത്തുക, ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാര്‍ക്ക് പത്താം ഉഭയകക്ഷി കരാറിന്റെ ഭാഗമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അടിയന്തിരമായി ലഭ്യമാക്കുക, വന്‍കിട കുത്തക മുതലാളിമാരുടെ ബാങ്ക് വായ്പകള്‍ എഴുതിതള്ളാനുള്ള ബാങ്കുകളുടെ നീക്കം തടയുക, ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ക്കു നടപ്പാക്കിയ എപ്ലോയി സ്‌റ്റോക്ക് ഓപ്ഷന്‍ സ്‌കീമിലെ അശാസ്ത്രീയവും വിവേചനപരവുമായ സമീപനം തിരുത്തുക, ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി. പ്രതിനിധി സമ്മേളനം എ.കെ.ബി.ഇ.എഫ് ജനറല്‍ സെക്രട്ടിറി സി.ഡി ജോസന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ പി.എസ് രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ അനിയന്‍ മാത്യൂ, എ സി ജോസഫ്, പി.ഗീത, ശിവരാമകൃഷ്ണന്‍, ബി.രാംപ്രകാശ്, ജില്ലാ സെക്രട്ടറി ജോര്‍ജ്ജി ഫിലിപ്പ്, ഐസക് കാട്ടുവള്ളി, കെ.ജി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി പി.എസ് രവീന്ദ്രനാഥ് (ചെയര്‍മാന്‍), പി.ജി മുരളീധരന്‍, മഞ്ജു കെ.എം (വൈസ് ചെയര്‍മാന്‍), ജോര്‍ജ്ജി ഫിലിപ്പ് (സെക്രട്ടറി), എസ്.ശരത് (ജോയിന്റ് സെക്രട്ടറി), കെ.ജി രാമചന്ദ്രന്‍, വി.കൃഷ്ണകുമാര്‍, വി.ടി ജോഷി (അസിസ്റ്റന്റ് സെക്രട്ടറിമാര്‍), എസ് ഹരിശങ്കര്‍ (ട്രഷറര്‍), അനിജ ജി നായര്‍ (വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍), ജ്യോതി എം.എസ് (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.