Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിഫ്ബി സാങ്കേതികവിഭാഗം ഉദ്യോഗസ്ഥര്‍ റോഡ് പരിശോധന നടത്തി.
13/01/2018
വൈക്കം-വെച്ചൂര്‍ റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിഫ്ബി സാങ്കേതികവിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയപ്പോള്‍. സി.കെ ആശ എം.എല്‍.എ സമീപം.

വൈക്കം: വൈക്കം-വെച്ചൂര്‍ റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിഫ്ബി സാങ്കേതികവിഭാഗം ഉദ്യോഗസ്ഥര്‍ റോഡ് പരിശോധന നടത്തി. സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള റോഡ് വികസനത്തിന് 162 കോടി രൂപയുടെ അടങ്കല്‍ തുകയാണ് വിശദമായ പദ്ധതിരേഖ(ഡി.പി.ആര്‍)യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 15 മീറ്റര്‍ വീതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് റോഡ് നവീകരിക്കുക. പദ്ധതിയുടെ ഭാഗമായി അഞ്ചുമന പാലം ഉള്‍പ്പെടെയുള്ള പാലങ്ങളും പുനര്‍നിര്‍മിക്കും. പരിശോധനയുടെ അടിസ്ഥാനത്തില്‍ ഡി.പി.ആറിനുമേലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി ഫെബ്രുവരി 25ന് നടക്കുന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് യോഗമാണ് പദ്ധതിക്ക് അന്തിമ അംഗീകാരം നല്‍കുന്നത്. വൈക്കം-വെച്ചൂര്‍ റോഡ് വീതി കൂട്ടി നിര്‍മിക്കണമെന്നത് ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവ് കാഴ്ചയാണ്. മൂന്നാര്‍, ആലപ്പുഴ, തിരുവനന്തപുരം, ചേര്‍ത്തല, തൊടുപുഴ, കോട്ടയം, കുമരകം ഭാഗങ്ങളിലേക്കുള്ള കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്. എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്ന് വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുമരകത്തേക്ക് പോകാന്‍ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. അമിത വാഹന പ്രവാഹത്തിനിടയില്‍ നൂറു കണക്കിന് ടിപ്പര്‍ ലോറികളുടെ സഞ്ചാരവഴി കൂടിയാണിത്. ഇരുചക്ര വാഹനക്കാര്‍ക്കാണ് ഏറെ ദുരിതം. ഇതിനിടയിലൂടെ കടന്നുപോകുന്ന കാല്‍നടയാത്രക്കാര്‍ ഭയത്തോടെയാണ് റോഡു വശങ്ങളിലൂടെ കടന്നുപോകുന്നത്. ഇതുപോലെ തന്നെ അപകടകരമായ നിലയിലാണ് റോഡിലെ വളവുകള്‍. അമിത വേഗത്തില്‍ എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ വളവുമൂലം കാണാന്‍ സാധിക്കാത്തതുമൂലം ഒട്ടേറെ അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം വേരുവള്ളി ജങ്ഷനുസമീപം ടിപ്പര്‍ ലോറി ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. റോഡ് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂല നടപടിയായത് ഏറെ പ്രതീക്ഷയോടെയാണ് പ്രദേശവാസികള്‍ കാണുന്നത്. സി.കെ ആശ എം.എല്‍.എ, കിഫ്ബി ടെക്‌നിക്കല്‍ വിഭാഗം മേധാവി കെ.വി ജോസഫ്, അസി. എഞ്ചിനീയര്‍ ജോസഫ് സാമുവല്‍, പി.ഡിബ്ല്യു.ഡി റോഡ്‌സ് വൈക്കം ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.