Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനജീവിതത്തിന് ശാപമായി നാട്ടുതോടുകള്‍ മാറുന്നു
11/01/2018
വല്ലകം പാലത്തിനുസമീപത്തുള്ള നാട്ടുതോട് മാലിന്യം നിറഞ്ഞ നിലയില്‍.

വൈക്കം: ഒരു കാലത്ത് ഗ്രാമീണ മേഖലകളുടെയെല്ലാം ശുദ്ധജല സ്രോതസ്സുകളായിരുന്ന നാട്ടുതോടുകള്‍ ഇന്ന് ജനജീവിതത്തിന് ശാപമായി മാറുന്നു. നാട്ടുതോടുകളെയും മറ്റും സംരക്ഷിക്കുവാന്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെയും മറ്റും സര്‍ക്കാരും അനുബന്ധ വിഭാഗങ്ങളുമെല്ലാം കോടികള്‍ വാരിയെറിയുമ്പോഴാണ് നാട്ടുതോടുകളെല്ലാം നിര്‍ജ്ജീവാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന അന്ധകാരതോട്, വല്ലകം പാലത്തിനുസമീപത്തുകൂടി ഒഴുകുന്ന നാട്ടുതോട്, തലയോലപ്പറമ്പ് പഞ്ചായത്തിലെ കുറുന്തറ, ചന്തത്തോട്, കെ.വി കനാല്‍, ഉദയനാപുരം പഞ്ചായത്തിലെ ഒട്ടനവധി തോടുകള്‍ എന്നിവയുടെയെല്ലാം അവസ്ഥ നാളുകള്‍ പിന്നിടുന്തോറും ദയനീയമായിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ഈ തോടുകളെല്ലാം ജലഗതാഗതത്തിനും നാടിന്റെ ശുദ്ധജല വിതരണത്തിനുമെല്ലാം അനിവാര്യഘടകമായിരുന്നു. റോഡുമാര്‍ഗം സജീവമായതോടെ നാട്ടുതോടുകളെ പലരും ഉപേക്ഷിക്കാന്‍ തുടങ്ങി. എന്നാല്‍ ശുദ്ധജല വിതരണത്തിന് അവിടെയും നാട്ടുതോടുകള്‍ തന്നെയായിരുന്നു ആശ്രയം. ഗ്രാമീണമേഖലകളിലെ നെല്‍പാടങ്ങളെ ഇന്നും പച്ചപ്പണിയിക്കുന്നതില്‍ ശക്തിയൊരുക്കുന്നത് ഈ നാട്ടുതോടുകള്‍ തന്നെയാണ്. എന്നാല്‍ നാട്ടുതോടുകളിലേക്ക് രാത്രിപകല്‍ വ്യത്യാസമില്ലാതെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ സമീപത്തു താമസിക്കുന്നവര്‍ക്ക് ഇന്നലെ വരെ നല്ലതായിരുന്ന നാട്ടുതോടുകളെ ഇപ്പോള്‍ വേണ്ടെന്ന് തോന്നിക്കാന്‍ തുടങ്ങി. എന്നാല്‍ നാട്ടുതോടുകളെല്ലാം മണ്‍മറഞ്ഞാല്‍ വരാന്‍ പോകുന്ന വിപത്ത് വലിയ ആഘാതമാണ് സൃഷ്ടിക്കുകയെന്ന കാര്യം ഇവരെല്ലാം മറക്കുന്നു. നാട്ടുതോടുകള്‍ക്ക് പുനര്‍ജീവനേകാന്‍ ഓരോ വര്‍ഷവും സര്‍ക്കാര്‍ തലത്തില്‍ കോടികളാണ് ഒഴുകുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക ചിലവായിരിക്കുന്നത് നഗരത്തിലൂടെ ഒഴുകുന്ന അന്ധകാര തോടിനും തലയോലപ്പറമ്പ് പഞ്ചായത്തിലെ കുറുന്തറയ്ക്കും ചന്തത്തോടിനുമാണ്. ചന്തത്തോടിനെ ഇപ്പോഴും ജനങ്ങള്‍ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ കോടികള്‍ ഒഴുക്കിയിട്ടും അന്ധകാര തോടിനും കുറുന്തറയ്ക്കും ഒരു ഗതിയും ഉണ്ടാകുന്നില്ല. ലക്ഷങ്ങള്‍ ഒഴുകുമ്പോള്‍ ഇവിടെയെല്ലാം ഗുണപ്പെടുന്നത് പണികള്‍ നടത്തുന്ന കരാറുകാര്‍ക്കും ഇതിനു ചുക്കാന്‍ പിടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുമാണ്. അതുപോലെ തോടുകളുടെ സമീപത്തു താമസിക്കുന്നവരും നാട്ടുതോടുകള്‍ക്ക് മരണമണി മുഴക്കുന്നതില്‍ ഒരു വിഹിതം സംഭാവന ചെയ്യുന്നുണ്ട്. കാരണം ഇവടെയെല്ലാം ഉള്ള ഒട്ടുമിക്ക വീട്ടുകാരുടെയും കക്കൂസ് മാലിന്യങ്ങളും മറ്റും രഹസ്യമായി ഒഴുക്കുന്നതിന് തോടുകളിലേക്ക് പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തോടുകള്‍ വൃത്തിയാക്കുവാന്‍ ഹിറ്റാച്ചി ഇറങ്ങുമ്പോള്‍ ഇതെല്ലാം ശ്രദ്ധയില്‍പ്പെടാറുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥരാരും ഇവിടെയൊന്നും നടപടികള്‍ക്ക് മുതിരാറില്ല. നടപടികള്‍ക്ക് മുതിര്‍ന്നാല്‍ ഉദ്യോഗസ്ഥരുടെ കള്ളക്കഥകള്‍ പുറത്തുകൊണ്ടുവരുവാന്‍ ജനങ്ങള്‍ മുന്നിലിറങ്ങും. അങ്ങനെ പരസ്പരം പഴിചാരി ഇവര്‍ തടിതപ്പുമ്പോള്‍ തകര്‍ന്നടിയുന്നത് ഒരു കാലത്ത് ഗ്രാമീണ മേഖലകളുടെ ശുദ്ധജലസ്രോതസ്സുകളായിരുന്ന നാട്ടുതോടുകളാണ്. നാട്ടുതോടുകളെ സംരക്ഷിക്കുവാന്‍ ഇനിയും നടപടികള്‍ വൈകിയാല്‍ ഒരുപിടി കുടിവെള്ള സ്രോതസ്സുകളുടെയുമെല്ലാം ഈറ്റില്ലമായ മൂവാറ്റുപുഴയാര്‍ തന്നെ ഇല്ലായ്മ ചെയ്യപ്പെട്ടേക്കാം.