Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി ജൈവജീവനം - എം.ജി. വി.സി.
10/01/2018
മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ അന്തര്‍സര്‍വ്വകലാശാലാ ജൈവ സുസ്ഥിര കൃഷി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം വല്ലകത്ത് പാട്ടത്തിനെടുത്ത ആറേക്കര്‍ തരിശുപാടത്ത് തനത് നാടന്‍ നെല്‍വിത്തിനങ്ങളുടെ കൃഷി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു. ജൈവം സംഘാടകസമിതി ചെയര്‍മാനും സിന്‍ഡിക്കേറ്റംഗവുമായ അഡ്വ. പി.കെ. ഹരികുമാര്‍, രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി തുടങ്ങിയവര്‍ സമീപം

വൈക്കം: പ്രകൃതിയും മനുഷ്യരും ഇതര ജീവജാലങ്ങളും നേരിടുന്ന സങ്കീര്‍ണ്ണ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ജൈവ ജീവനമാര്‍ഗ്ഗം മാത്രമാണ് പ്രതിവിധിയെന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ അന്തര്‍സര്‍വ്വകലാശാലാ ജൈവ സുസ്ഥിര കൃഷി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം വല്ലകത്ത് പാട്ടത്തിനെടുത്ത ആറേക്കര്‍ തരിശുപാടത്ത് തനത് നാടന്‍ നെല്‍വിത്തിനങ്ങളുടെ കൃഷി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത ആരോഗ്യ സംരക്ഷണ പ്രതിവിധികളില്‍ ഉപയോഗിക്കുന്ന രക്തശാലി, ഞവര, കുഞ്ഞൂഞ്ഞ് എന്നീ നെല്‍വിത്തിനങ്ങളാണ് കൃഷിയിറക്കിയത്. ഏപ്രില്‍ മാസം നടത്തുന്ന ത്രിദിന അന്താരാഷ്ട്ര പ്രകൃതി ജൈവ സംഗമത്തിനോടനുബന്ധിച്ച് ജൈവ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ജൈവകൃഷി പരമ്പരാഗത കൃഷിയിലേക്കുള്ള തിരിച്ചുപോക്കല്ല, മറിച്ച് അതിജീവനത്തിനുള്ള നവീനവും മഹത്തരവുമായ മാതൃകയാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം മണ്ണിനെയും ജലത്തെയും വായുവിനെയും മലിനപ്പെടുത്തി. മനുഷ്യരുള്‍പ്പെടെ സര്‍വ്വ ജീവജാലങ്ങളേയും ഇത് ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇതില്‍ നിന്നും രക്ഷനേടാനുള്ള മാര്‍ഗ്ഗമായാണ് ജൈവകൃഷി രീതികളെ പൊതുസമൂഹം നോക്കിക്കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണപാനീയങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന രാസകീടനാശിനികളുടെ അപകടകരമായ സാന്നിദ്ധ്യം മൂലം പഴയകാല രോഗങ്ങള്‍ പുത്തന്‍രൂപത്തില്‍ പുനര്‍ജ്ജനിച്ചുകൊണ്ടിരിക്കുകയാണെന്ന് ജൈവം സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. പി.കെ. ഹരികുമാര്‍ തന്റെ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. കൂടാതെ ജീവിതശൈലീരോഗങ്ങളോടൊപ്പം പുത്തന്‍ രോഗങ്ങളുടെ നീണ്ടനിര മനുഷ്യരെയും ജന്തുജാലങ്ങളെയും കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്ന ദാരുണമായ കാഴ്ചയും നാമിന്ന് കാണുകയാണ്. ജൈവസാക്ഷരതയിലൂടെ ഉളവാകുന്ന നവമനോഭാവത്തിലൂടെ മാത്രമേ ഇതില്‍നിന്നും മുക്തിനേടാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ജൈവം ജനറല്‍ കണ്‍വീനറും സര്‍വ്വകലാശാലാ രജിസ്ട്രാറുമായ എം.ആര്‍. ഉണ്ണി, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി ഉദയകുമാര്‍, ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചനാ പ്രഭാകരന്‍, കൃഷി ഓഫീസര്‍ വി.എം സീന, കെ.ജി ഷാജി, ടെക്‌നിക്കല്‍ ഓഫീസര്‍ എബ്രഹാം മാത്യു എന്നിവര്‍ സംസാരിച്ചു. കേരളാ ജൈവ കര്‍ഷകസമിതി സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് മുല്ലക്കര, കോ-ഓര്‍ഡിനേറ്റര്‍ ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.