Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തിന്റെ തെരുവോരങ്ങള്‍ മാലിന്യം കൊണ്ട് നിറഞ്ഞു കവിയുന്നു.
09/01/2018
വൈക്കം സത്യാഗ്രഹ സ്മാരകത്തിന്റെ മതിലിനോട് ചേര്‍ന്നു കിടക്കുന്ന മാലിന്യങ്ങള്‍.

വൈക്കം: ശുചിത്വ സുന്ദര നാട് എന്ന് ഉദ്‌ഘോഷിക്കുന്ന വൈക്കത്തിന്റെ തെരുവോരങ്ങള്‍ മാലിന്യം കൊണ്ട് നിറഞ്ഞു കവിയുന്നു. നഗരത്തിന്റെ മുക്കിലും മൂലയിലുമുള്ള പ്രദേശങ്ങളിലെല്ലാം മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. നഗരസഭ കവാടത്തിനുമുന്നിലുള്ള മംഗളം ബ്യൂറോ, കോണ്‍ഗ്രസ് ഭവന്‍ എന്നിവ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ നടവാതില്‍ക്കല്‍ മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുന്നു. മാലിന്യ സംസ്‌കരണത്തിന് കൊട്ടിഘോഷിച്ച് പദ്ധതികള്‍ നടപ്പില്‍ വരുത്തിയെന്ന് അവകാശപ്പെടുന്ന പുതിയ ഭരണസമിതിക്ക് മുന്നിലാണ് ഇതുപോലുള്ള സംഭവങ്ങള്‍ നടമാടുന്നത്. വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് അവ സംസ്‌കരിക്കുവാന്‍ പല പദ്ധതികള്‍ നഗരസഭ നടപ്പിലാക്കിയെന്ന് അവകാശപ്പെടുമ്പോഴാണ് മാലിന്യങ്ങള്‍ വഴിയോരങ്ങളില്‍ കെട്ടിക്കിടന്ന് ചീഞ്ഞുനാറുന്നത്. ഇവിടെ പഴി കേള്‍ക്കാന്‍ നഗരസഭ മാത്രമാണുള്ളത്. നഗരസഭയെ മാത്രം ഈ വിഷയത്തില്‍ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാലങ്ങളായി മാലിന്യസംസ്‌കരണത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കുവാന്‍ ഇവിടെ മാറിമാറി ഭരണം നടത്തിയ മുന്നണികള്‍ക്കൊന്നും സാധിച്ചിട്ടില്ല. ഇപ്പോഴത്തെ ഭരണം വര്‍ഷംതോറും ചെയര്‍മാന്‍മാര്‍ മാറുന്ന അവസ്ഥയിലുള്ളതാണ്. ഇവിടെ ആര്‍ക്കും ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു പദ്ധതിയും നടപ്പിലാക്കാന്‍ കഴിയില്ല. കാരണം പദ്ധതി നടപ്പിലാക്കി വരുമ്പോള്‍ കസേര വിട്ടൊഴിയേണ്ട അവസ്ഥയാണ്. അഷ്ടമി കഴിഞ്ഞിട്ട് ഒരു മാസം കഴിയുമ്പോഴും അന്നുമുതലുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇപ്പോഴും റോഡിന്റെ വശങ്ങളില്‍ കൂടിക്കിടക്കുകയാണ്. തെരുവോരങ്ങളില്‍ അടിയുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നഗരസഭ ആരോഗ്യ വിഭാഗം മാറ്റാതിരിക്കുന്നതുമൂലം നഗരത്തിലെ മതിലുകളുടെ ഓരങ്ങളിലും മാലിന്യം കുമിഞ്ഞുകൂടുകയാണ്. വൈക്കം പടിഞ്ഞാറെനട, തെക്കേനട, വടക്കേനട, കിഴക്കേനട, കച്ചേരിക്കവല, കൊച്ചുകവല റോഡുകളുടെ വശങ്ങളിലെല്ലാം മാലിന്യങ്ങള്‍ നിറയുകയാണ്. വൈക്കം സത്യാഗ്രഹ സ്മാരകത്തിന്റെ മതിലുകള്‍ക്കു ചുറ്റും മാലിന്യം വിതറി സത്യാഗ്രഹികളെ അവഹേളിക്കുന്ന തരത്തിലേക്ക് മാലിന്യ വിതരണം നീളുന്ന അവസ്ഥയാണ് നഗരവാസികള്‍ നിത്യവും കാണുന്നത്. നഗര ശുചീകരണങ്ങളുടെ പേരില്‍ ഒട്ടേറെ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം തന്നെ നഗരത്തില്‍ മാലിന്യം നിറഞ്ഞു കവിയുന്നതിനുനേരെ കണ്ണടക്കുകയാണ്. മാലിന്യ സംസ്‌കരണപ്ലാന്റ് പ്രാവര്‍ത്തികമാക്കണമെന്ന് ആവശ്യം ഇന്നും കടലാസില്‍ ഉറങ്ങുന്നു. സംസ്‌കരണ പ്ലാന്റ് ഇല്ലാത്ത വൈക്കത്ത് മാലിന്യം എവിടെ നിക്ഷേപിക്കുമെന്ന് ആശങ്കയിലാണ് ജനങ്ങള്‍. മാലിന്യം നീക്കണമെന്ന ജനകീയ ആവശ്യം അധികാരികള്‍ ശ്രദ്ധിക്കപ്പെടുന്നില്ലെന്നത് പ്രതിക്ഷേധത്തിനിട വരുത്തുന്നു.