Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വികസന പ്രതീക്ഷയില്‍ വാക്കേത്തറ ഗ്രാമം
06/01/2018
തലയാഴം പഞ്ചായത്തിലെ തോട്ടകം കടവുന്താഴം പാടശേഖരം.

വൈക്കം: സാമ്പത്തിക കാര്യത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന തലയാഴം ഗ്രാമപഞ്ചായത്തിലെ വാക്കേത്തറ ഗ്രാമത്തിന് വികസനം എത്തേണ്ടത് അനിവാര്യമാണ്. ഇവിടെ പരസ്പരം പഴിചാരിയുള്ള വിഴുപ്പലക്കലുകളൊന്നും ഗ്രാമത്തിന് നേര്‍വഴിയൊരുക്കില്ല. മറിച്ചുള്ള വികസനകാഴ്ചപ്പാടുകളാണ് അനിവാര്യമാകേണ്ടത്. അതിന് ആദ്യം വേണ്ടത് കാര്‍ഷിക മേഖലയെ സമ്പന്നമാക്കുക എന്നതാണ്. കാര്‍ഷിക മേഖലയുടെ പതനം തലയാഴം ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകളില്‍പ്പെടുന്ന വാക്കേത്തറ ഗ്രാമത്തിന്റെ വികസന പുരോഗതിയെ സാരമായി ബാധിച്ചു. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വൈക്കത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് ഒഴിച്ചുകൂടാനാവാത്ത സംഭാവനകള്‍ ചെയ്ത പ്രദേശമാണ് വാക്കേത്തറ. മുണ്ടാര്‍, ചെട്ടിക്കരി, ഏഴാം ബ്ലോക്ക്, പുതുക്കരി ഇങ്ങനെ പോകുന്നു വാക്കേത്തറയുടെ നെല്‍പ്പാടങ്ങള്‍. ഏകദേശം നൂറ്റമ്പതിലധികം ഏക്കര്‍ പാടശേഖരങ്ങളില്‍ നെല്ല് വിളഞ്ഞിട്ടുണ്ട്. നെല്‍പ്പാടങ്ങള്‍ സമൃദ്ധമായിരുന്നപ്പോള്‍ വാക്കേത്തറയും സജീവമായിരുന്നു. എന്നാല്‍ ഇന്ന് പാടശേഖരങ്ങള്‍ മുഴുവന്‍ തരിശായി മാറി. 30 ഏക്കര്‍ വരുന്ന കടവുന്താഴം പാടശേഖരവും മുണ്ടാറിലെ ഒട്ടനവധി നെല്‍പ്പാടങ്ങളും തരിശായി മാറി. അധികാരികളുടെ ഭാഗത്തുനിന്ന് കാര്‍ഷികമേഖയുടെ പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ തളിരിടുന്നുണ്ടെങ്കിലും ഇതൊന്നും പ്രായോഗികതലത്തില്‍ എത്തിയിട്ടില്ല. കാര്‍ഷിക മേഖലയിലൂടെ ഉപജീവനം നടത്തിയിരുന്ന 150 ലധികം കുടുംബങ്ങള്‍ ഇന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പാടുപെടുകയാണ്. 500 ലധികം പട്ടികജാതി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയില്‍ കാലാനുസൃതമായ ഒരു വികസന പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ല. ഒട്ടുമിക്ക പട്ടികജാതിക്കാരുടേയും വീടുകള്‍ ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. പഞ്ചായത്തില്‍ നിന്നുണ്ടാകുന്ന സഹായം മാത്രമാണ് ഇവരുടെ ഏക ആശ്രയം. എം.പി., എം.എല്‍.എ. ഫണ്ടുകള്‍ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുന്നില്ല. പട്ടികജാതി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ആരോഗ്യ സംരക്ഷണത്തിന് സൗകര്യമുണ്ടാകണമെന്ന കേന്ദ്ര നിയമം ഇതുവരേയും ഇവിടെ നടപ്പിലായിട്ടില്ല. ആരോഗ്യ മേഖലയുടെ അവസ്ഥ തീര്‍ത്തും പരിതാപകരമാണ്. ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ക്ക് നാട്ടുകാര്‍ ആശ്രയിക്കുന്നത് അംഗന്‍വാടിയെയാണ്. ഇവരെക്കൊണ്ട് പരിഹരിക്കാവുന്ന കാര്യങ്ങളല്ല ഇവിടെയുള്ളത്. വൃദ്ധജനങ്ങളും കുട്ടികളും ഗര്‍ഭിണികളുമാണ് ആരോഗ്യമേഖലയുടെ താളപ്പിഴവുകള്‍ മൂലം കൂടുതല്‍ ബുദ്ധിമുട്ടുന്നത്. താലൂക്ക് ആശുപത്രിയാണ് സാധാരണക്കാരായ ഈ മേഖലയില്‍ ഉള്ളവരുടെ ഏക ആശ്രയം. കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള ഒരു പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വാക്കേത്തറയില്‍ ആരംഭിക്കേണ്ടത് അനിവാര്യമാണ്. രാഷ്ട്രീയം മറന്നുള്ള ഒരുമയാണ് ഇതിനുവേണ്ടത്. മുണ്ടാര്‍, ചെട്ടിക്കരി, ഏഴാം ബ്ലോക്ക് എന്നിവിടങ്ങളില്‍ കുടിവെള്ള പ്രശ്‌നങ്ങളുമുണ്ട്. വൈദ്യുതി പ്രശ്‌നങ്ങളും ഗ്രാമത്തിലുണ്ട്. ചെറിയ കാറ്റും മഴയും വന്നാല്‍ വൈദ്യുതി മുടങ്ങുന്നു. വര്‍ഷങ്ങളായി വാക്കേത്തറ നിവാസികളുടെ സ്വപ്നമായ കല്ലുപുര- കപിക്കാട്-വാക്കേത്തറ റോഡ് നിര്‍മാണം പൂര്‍ത്തിയായാല്‍ ഇപ്പോള്‍ ഗ്രാമനിവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് ഒരു മാറ്റമുണ്ടാക്കാന്‍ സാധിക്കും. അതിവേഗമാരംഭിച്ച് റോഡ് നിര്‍മ്മാണം ഇപ്പോള്‍ ഇഴഞ്ഞുനീങ്ങുകയാണ്. രാഷ്ട്രീയ ചേരിപ്പോരുകളാണ് ഇവിടെ വില്ലനാകുന്നത്. ഇതിനു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികള്‍.