Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ശുഭയാത്ര'യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വൈക്കത്ത് തുടക്കം കുറിക്കുന്നു.
18/01/2016

അപകടനിവാരണ പ്രചരണ ക്യാമ്പയിനായ 'ശുഭയാത്ര'യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വൈക്കത്ത് തുടക്കം കുറിക്കുന്നു. കലാലയങ്ങളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളുടെ യാത്രകള്‍ നിയമവിധേയവും സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമാണ് എന്ന് വിദ്യാര്‍ത്ഥികളില്‍ പ്രചരണം നടത്തി സുരക്ഷിതക്യാമ്പസ് എന്ന സങ്കല്‍പം നടപ്പിലാക്കുന്നതിന് നിയമങ്ങള്‍ നടപ്പിലാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ശിക്ഷണനടപടികള്‍ മാററി വച്ച് ആദ്യ ഘട്ടത്തില്‍ പ്രചരണ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിനായി കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജിലെ കുട്ടികള്‍ക്ക് അവരുടെ വാഹനങ്ങളുടെ ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ ശരിയാക്കിക്കൊണ്ടും, റോഡുനിയമങ്ങള്‍ ശരിയായി പാലിച്ചും, ടു വീലര്‍ ഉപയോഗിക്കുന്നവര്‍ നിയമം അനുസരിച്ച്, ഹെല്‍മററ് ധരിച്ചും മാത്രം വാഹനം ഓടിക്കാന്‍ അവരെ പ്രാപ്തരാക്കി. ഇപ്പോള്‍ റോഡ് നവീകരണ ജോലികള്‍ മൂലം ട്രാഫിക് തിരിച്ച് വിട്ടിട്ടുള്ള ഉല്ലല-കൊതവറ-സ്പില്‍വേ-മൂത്തേടത്ത്കാവ് റോഡിലെ അപകട സാധ്യതകള്‍ റോഡ് സൈന്‍, വളവുകളില്‍ സ്വയം നിയന്ത്രിച്ച് വാഹനം ഓടിക്കാന്‍ പ്രാപ്തമാക്കത്തക്ക വിധത്തില്‍ കോണ്‍വെക്‌സ് ലെന്‍സുകള്‍ എന്നിവ സ്ഥാപിച്ചുകൊണ്ട് റോഡ് യാത്ര കൂടുതല്‍ സൗഹൃദമാക്കാനും ക്യാമ്പയിന്‍ കൊണ്ടുസാധിക്കും. മെയിന്‍ റോഡില്‍ നിന്നും കോളേജിലേക്ക് സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കും. കോളേജിനുള്ളില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കുകയില്ല. ഇങ്ങനെ നിയമത്തെ കൂസലില്ലാതെ വാഹനങ്ങള്‍ പായിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കടിഞ്ഞാണിടാന്‍ സാധിക്കും. ക്യാമ്പയിന്റെ ഭാഗമായി എന്‍.എസ്.എസ്, എന്‍.സി.സി, കോളേജ് യൂണിയന്‍ ഭാരവാഹികളും, മററ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പൊതുജനങ്ങള്‍ക്കായി പ്രചരണങ്ങള്‍ നടത്തുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. അടുത്തഘട്ടത്തില്‍ തലയാഴം, വെച്ചൂര്‍, ടി.വി പുരം മേഖലകളിലെ വാഹനങ്ങളെക്കുറിച്ചും, റോഡ് സുരക്ഷാ ഉപകരണങ്ങള്‍ ആയ ഹെല്‍മററ്, സീററ് ബല്‍ററ് എന്നിവയെക്കുറിച്ചും, ട്രാഫിക്കിലെ തെററായ പ്രവണതകളായ രണ്ടിലധികം പേര്‍ ടൂ വീലറില്‍ യാത്ര ചെയ്യുക, മദ്യപിച്ച് ഓടിക്കുക എന്നിവയെക്കുറിച്ചുമെല്ലാം വീടുകള്‍ കയറി വിവര ശേഖരണം നടത്തി ആ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് ബോധവല്‍ക്കരണം, അപകട നിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തും. ഇങ്ങനെ ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന സമഗ്രമായ റോഡ് സുരക്ഷാ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആണ് 'ശുഭയാത്ര' എന്ന പേരിലുള്ള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച കാല്‍ നടപ്രചരണ വിളംബരജാഥ നടത്തി.
ശുഭയാത്രയുടെ ഉദ്ഘാടനം വൈക്കം വലിയകവലയില്‍ കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ രാജു നിര്‍വഹിച്ചു. തുടര്‍ന്ന് കൊതവറ കോളേജ് വിദ്യാര്‍ത്ഥികള്‍, വൈക്കം റോട്ടറി ക്ലബ്ബ്, വൈക്കം സബ്ബ് ആര്‍.ടി. ഓഫീസ് എന്നിവരുടെ നേതൃത്വത്തില്‍ ബോട്ട്‌ജെട്ടി വരെ സന്ദേശ പ്രചരണ ജാഥ നടത്തി. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വാണി രവീന്ദ്രന്‍, എന്‍.എസ്.എസ് കോ-ഓര്‍ഡിനേററര്‍ വി.എന്‍ ബിബു , റോട്ടറി ക്ലബ്ബ് സെക്രട്ടറി ശിവജി. ജോയിന്റ് ആര്‍.ടി.ഒ വി.സജിത്ത്, എം.വി.ഐ മാരായ ചന്ദ്രഭാനു, സുരേഷ് ബാബു, എ.എം.വി.ഐ ബിജു, ദിനേശ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.