Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ അഴിഞ്ഞാടുന്നു
04/01/2018

വൈക്കം: ബാറുകള്‍ തുറന്നതോടെ നഗരത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ അഴിഞ്ഞാടുന്നു. ഇന്നലെ വൈകുന്നേരം നഗരത്തെ വിറപ്പിച്ച് ക്വട്ടേഷന്‍ സംഘം അഴിഞ്ഞാടി. പതിനഞ്ച് മിനുട്ടോളം നഗരം മുള്‍മുനയിലായി. ബാറില്‍ നിന്നും മദ്യപിച്ചെത്തിയ സംഘം റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ ചവിട്ടി വീഴ്ത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സമീപത്തുള്ള ഓട്ടോറിക്ഷ തൊഴിലാളികളും ഓടിക്കൂടിയപ്പോള്‍ സംഘം കടന്നുകളഞ്ഞു. പരിസരത്തുള്ള സി.സി ടി.വി ക്യാമറകളില്‍ സംഘത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. നഗരത്തിലെ ഏറ്റവും തിരക്കേറിയ കച്ചേരിക്കവലയിലാണ് സംഭവം അരങ്ങേറിയത് എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പോലീസുകാര്‍ ഹെല്‍മെറ്റ് വേട്ടക്കും മറ്റും കൂടുതല്‍ സമയം വിനിയോഗിക്കുമ്പോള്‍ ഇതുപോലുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നഗരത്തിലെത്തുന്നവര്‍ക്ക് വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഇവരുടെ അതിക്രമങ്ങള്‍ക്ക് തടയിടുവാന്‍ സാധിച്ചില്ലെങ്കില്‍ വ്യാപാരമേഖലയെയും ഇത് ബാധിക്കും. കാരണം ക്വട്ടേഷന്‍ ആക്രമണങ്ങള്‍ ഭയന്ന് വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ടൗണിലേക്ക് വരാന്‍ മടിക്കുന്ന സ്ഥിതിവിശേഷമാണ്. പോലീസ് കച്ചേരിക്കവല, പടിഞ്ഞാറെനട, ബോട്ട്‌ജെട്ടി ഭാഗങ്ങളില്‍ കനത്ത സുരക്ഷയൊരുക്കണം. രാവിലെ സമയങ്ങളില്‍ ബസ് സ്റ്റോപ്പുകളില്‍ മോഡേണ്‍ ബൈക്കുകളിലെത്തി വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തുന്ന സംഘവുമുണ്ട്. സ്‌ക്കൂള്‍ യൂണിഫോമില്‍ എത്തുന്ന ചില വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറാതെ കറങ്ങി നടക്കുന്നതും പതിവാണ്. മുമ്പൊക്കെ പോലീസ് ഈ വിഷയത്തില്‍ കരുതലോടെയുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ അല്‍പം അയവ് വന്നതോടെയാണ് ക്വട്ടേഷന്‍ സംഘങ്ങളും വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തുന്നവരുമെല്ലാം വീണ്ടും സജീവമാകാന്‍ തുടങ്ങിയത്. ബസ് സ്റ്റോപ്പുകളില്‍ നിന്നുള്ള ശല്യപ്പെടുത്തലുകള്‍ സ്‌ക്കൂള്‍ അധികാരികളെ അറിയിക്കാറുണ്ടെങ്കിലും അവര്‍ ഈ വിഷയത്തില്‍ നിസ്സഹായരാണ്. ഇവിടെയെല്ലാം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് പോലീസും എക്‌സൈസും തന്നെയാണ്.