Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓഖി ദുരന്തത്തെ തുടര്‍ന്നുണ്ടായ വ്യാജപ്രചാരണം മത്സ്യവിപണിയെ പിന്നോട്ടടിക്കുന്നു.
01/01/2018

വൈക്കം: ഓഖി ദുരന്തത്തെ തുടര്‍ന്നുണ്ടായ വ്യാജപ്രചാരണം മത്സ്യവിപണിയെ പിന്നോട്ടടിക്കുന്നു. വൈക്കത്തെ പ്രധാന മത്സ്യമാര്‍ക്കറ്റുകളായ കോവിലകത്തുംകടവ്, മുറിഞ്ഞപുഴ ലാന്റിങ്, ഉല്ലല മാര്‍ക്കറ്റ്, തലയോലപ്പറമ്പ് മത്സ്യചന്ത, ബ്രഹ്മമംഗലത്തെ മത്സ്യചന്ത എന്നിവിടങ്ങളിലെല്ലാം കടല്‍ മത്സ്യങ്ങളുടെ കച്ചവടം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇത് കൂടാതെ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യങ്ങള്‍ വാങ്ങി തലച്ചുമടായി വീടുകള്‍ കയറിയിറങ്ങി മത്സ്യങ്ങള്‍ വില്‍ക്കുന്ന വീട്ടമ്മമാരും ദുരിതത്തിലായിരിക്കുകയാണ്. അതുപോലെ തന്നെ വഴിയോരങ്ങളില്‍ മത്സ്യവില്‍പന നടത്തി ജീവിക്കുന്നവരും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ക്രിസ്മസ് തലേന്ന് ലക്ഷങ്ങളുടെ വ്യാപാരം നടക്കുന്ന ഈ മാര്‍ക്കറ്റുകളിലെല്ലാം ഇതിന്റെ പകുതി മാത്രമാണ് നടന്നത്. ഇപ്പോള്‍ മാര്‍ക്കറ്റില്‍ എത്തുന്നവര്‍ക്കെല്ലാം പ്രിയം കായല്‍മത്സ്യങ്ങളോടും പുഴ മത്സ്യങ്ങളോടുമാണ്. എന്നാല്‍ ഇതിന്റെയെല്ലാം വ്യാപാരം മാര്‍ക്കറ്റുകളില്‍ അനക്കമുണ്ടാക്കുന്നില്ല. കാരണം കായല്‍ മത്സ്യങ്ങളും പുഴ മത്സ്യങ്ങളുമെത്തുന്നത് വളരെ കുറച്ചുമാത്രമാണ്. ഓഖി ദുരന്തത്തില്‍പ്പെട്ട് കടലില്‍ കാണാതായവരുടെ മൃതശരീരം മത്സ്യങ്ങള്‍ ഭക്ഷിക്കുന്നതായും അതിനാല്‍ രണ്ടുമാസത്തേക്ക് വാങ്ങരുതെന്നുമാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പ്രചാരണം നടക്കുന്നത്. സുനാമി ഉണ്ടായപ്പോഴും ഇത്തരം വ്യാജ പ്രചാരണമുണ്ടായിരുന്നു. സംസ്ഥാനത്തെ ഇറച്ചി വില്‍പനക്കാര്‍ക്കിടയിലെ ലോബിയാണ് ഇതിനുപിന്നിലെന്നും മൃതശരീരം മത്സ്യം ഭക്ഷിക്കുമെന്നുപറയുന്നത് അടിസ്ഥാനരഹിതമാണെന്നും വൈക്കത്തെ മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ജീവനുള്ള ചെറുമീനുകളെ ചൂണ്ടയിട്ടാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വലിയ മത്സ്യങ്ങളെ പിടിക്കാറുള്ളത്. ചത്ത മീനുകളിട്ടാല്‍ മത്സ്യം ചൂണ്ടയില്‍ കുടുങ്ങുകയില്ലെന്നതിനാല്‍ ശവശരീരം ഭക്ഷിക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മീന്‍കറികളുടെ വില്‍പന തകൃതിയായി നടന്നുകൊണ്ടിരുന്ന കള്ള് ഷാപ്പുകളിലും വില്‍പന ഇടിഞ്ഞിരിക്കുകയാണ്. ദൂരസ്ഥലങ്ങളില്‍നിന്നുപോലും ഷാപ്പിലെത്തി വലിയ മീനുകളുടെ തലക്കറിയുടെ രുചി നുകരാനെത്തുന്നവര്‍ക്കും ഇപ്പോള്‍ ഇതൊന്നും വേണ്ട. കൂടുതലായി ലഭിച്ചുകൊണ്ടിരുന്ന ചൂരക്ക് ആവശ്യക്കാരില്ലാത്ത അവസ്ഥയാണ്. ഇതിനുപുറമെ സ്രാവ്, ഞണ്ട്, കേര, വലിയ ചെമ്മീന്‍ എന്നിവ വാങ്ങാനും ആളുകള്‍ മടിക്കുകയാണ്. ഇവിടെയെല്ലാം ആവശ്യക്കാരെ കുഴക്കുന്നത് നുണപ്രചാരണങ്ങളാണ്. ഹോട്ടലുകളിലും കള്ള് ഷാപ്പുകളിലും ഉള്‍പ്പെടെ ഇപ്പോള്‍ ഇറച്ചി കറികള്‍ക്കും കക്കയിറച്ചിക്കും മറ്റുമാണ് ഡിമാന്‍ഡ്. ജി.എസ്.ടിക്കു പിന്നാലെ ഓഖിയുടെ പേരില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ വലിയ പ്രതിസന്ധിയിലേക്കാണ് മത്സ്യതൊഴിലാളികളെ തള്ളിവിട്ടിരിക്കുന്നത്. മത്സ്യമേഖലയെ തകര്‍ത്തുകൊണ്ട് നവമാധ്യമങ്ങളിലൂടെ പടരുന്ന നുണപ്രചാരണങ്ങള്‍ക്ക് തടയിടുവാന്‍ ഫിഷറീസ് വകുപ്പ് ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടു വരണമെന്നാണ് സാധാരണക്കാരായ മത്സ്യതൊഴിലാളികളുടെ ആവശ്യം. അല്ലാത്തപക്ഷം ഈ പ്രചാരണങ്ങള്‍ മത്സ്യമേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ പട്ടിണിയിലാക്കുമെന്നുള്ള കാര്യം ഉറപ്പാണ്. കൂടാതെ നഗരസഭക്കും പഞ്ചായത്തുകള്‍ക്കുമെല്ലാം നല്ല നികുതിവരുമാനം ലഭിക്കുന്ന മാര്‍ക്കറ്റുകളെയും പ്രതിസന്ധിയിലാക്കും.