Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശേഷദിവസങ്ങളില്‍ മാത്രം ആദരിക്കപ്പെടുന്ന ഗാന്ധി പ്രതിമകളില്‍ നിന്നും വ്യത്യസ്തമായി ഒരു ഗാന്ധി പ്രതിമ.
30/12/2017
വൈക്കം അയ്യര്‍കുളങ്ങരയിലുള്ള ഗാന്ധിപ്രതിമ.

വൈക്കം: വിശേഷദിവസങ്ങളില്‍ മാത്രം ആദരിക്കപ്പെടുന്ന ഗാന്ധി പ്രതിമകളില്‍ നിന്നും വ്യത്യസ്തമായി ഒരു ഗാന്ധി പ്രതിമ. വൈക്കം അയ്യര്‍കുളങ്ങരയ്ക്ക് സമീപം ഗാന്ധിസ്മൃതിഭവന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പണി കഴിപ്പിച്ച ഗാന്ധിപ്രതിമയാണ് നാടിന്റെ ആദരവില്‍ അഭിമാനം കൊള്ളുന്നത്. ഇതിനെല്ലാം മാറ്റംകുറിച്ച് ഇവിടെ എന്നും ഗാന്ധിജി കുളിക്കുകയും അതിനുശേഷം പൂക്കള്‍ കൊണ്ട് ആദരവ് ഏറ്റുവാങ്ങുകയും ചെയ്യുന്നു. ഇത് പണികഴിപ്പിക്കുവാന്‍ ട്രസ്റ്റിന്റെ പ്രധാനി കലാദര്‍പ്പണം രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങള്‍ക്കുലഭിച്ച ഏറ്റവും വലിയ നേട്ടമാണ് ഇപ്പോള്‍ നാട്ടുകാരില്‍നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂലൈ മാസം 30ന് മുന്‍ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ ഐ.എ.എസ് പ്രതിമ നാടിന് സമര്‍പ്പിച്ചപ്പോള്‍ അദ്ദേഹം ഉരുവിട്ടിരുന്നു ഗാന്ധി പ്രതിമ എന്നും ആദരിക്കപ്പെടണമെന്ന്. അദ്ദേഹത്തിന്റെ വാക്യങ്ങളെ അക്ഷരംപ്രതി അനുസരിക്കുകയാണ് ഈ ഗ്രാമനിവാസികള്‍. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ രാവിലെയെത്തി ഒരു മുത്തശ്ശനെ കുളിപ്പിക്കുന്നതുപോലെ പ്രതിമ വൃത്തിയാക്കുകയും അതിനുശേഷം ഇതിനുമുന്നില്‍ വിവിധതരം പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യണമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ ആരോടും പറഞ്ഞിട്ടുമില്ല. ഉദ്ഘാടനം കഴിഞ്ഞ് പിറ്റേദിവസം ഭാരവാഹികള്‍ എത്തുമ്പോഴാണ് അവരെപ്പോലും അതിശയിപ്പിക്കുന്ന രീതിയില്‍ പ്രതിമയ്ക്ക് മുന്നില്‍ പൂക്കള്‍ നിറഞ്ഞിരിക്കുന്നത് കാണുന്നത്. പിന്നീട് ഇവര്‍ അന്വേഷിച്ചപ്പോഴാണ് ഗാന്ധി പ്രതിമയെ ഒരു മുത്തശ്ശനെപ്പോലെ സ്‌നേഹിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഒരുപറ്റം ആളുകള്‍ ഇവിടെയുണ്ടെന്ന് അറിയുന്നത്. ചിലപ്പോള്‍ പൂക്കള്‍ അളവില്‍ മാത്രമാണ് കുറവ് വരുന്നത്. കാരണം നാടിന്റെ തനിമ നിലനിര്‍ത്തുന്ന പല പൂക്കളും ഇപ്പോള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും അവര്‍ പരിശ്രമം നടത്തി കുറച്ച് പൂക്കളെങ്കിലും പ്രതിമയ്ക്ക് മുന്നില്‍ വെക്കാറുണ്ട്. ഇതുപോലെ ഗാന്ധി പ്രതിമകള്‍ എല്ലാ സ്ഥലത്തും ആദരിക്കപ്പെടണമെന്നതാണ് ഗാന്ധിജിയെ സ്‌നേഹിക്കുന്ന ഈ ഗ്രാമനിവാസികളുടെ ആഗ്രഹം. ഇപ്പോള്‍ ഗാന്ധിജിക്ക് ലഭിക്കുന്ന ആദരവ് ഇവിടെ എന്നും തുടരണമെന്ന് ട്രസ്റ്റ് ഭാരവാഹികളും ആഗ്രഹിച്ചുപോകുന്നു.