Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മാത്താനം, കൊച്ചംഗ്രാക്കല്‍ പാടശേഖരങ്ങള്‍ കൃഷിയോഗ്യമാകുന്നു
28/12/2017

വൈക്കം: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മാത്താനം, കൊച്ചംഗ്രാക്കല്‍ പാടശേഖരങ്ങള്‍ കൃഷിയോഗ്യമാകുന്നു. രണ്ടു പതിറ്റാണ്ടിലധികമായി തരിശുകിടക്കുന്ന പാടശേഖരങ്ങളാണ് കേരള സര്‍ക്കാറിന്റെ തരിശുനില നെല്‍കൃഷി പ്രോത്സാഹന പദ്ധതിയില്‍ പെടുത്തി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നെല്ലറയാകാന്‍ ഒരുങ്ങുന്നത്. 2013-ല്‍ മാത്താനം, കൊച്ചംഗ്രാക്കല്‍ പാടശേഖരങ്ങളില്‍ കൃഷിയിറക്കുവാന്‍ വൈക്കം താലൂക്ക് ഡിഫന്‍സ് എക്‌സ് സര്‍വീസ് സൊസൈറ്റി ഭാരവാഹികളായ പി.ആര്‍ തങ്കപ്പനും ചന്ദ്രമോഹനനും അന്നത്തെ കൃഷിമന്ത്രിയായിരുന്നു കെ.പി മോഹനന് നിവേദനം നല്‍കിയിരുന്നു. മന്ത്രി മുന്‍കയ്യെടുത്ത് ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ കൃഷിയിറക്കുവാന്‍ നേതൃത്വം നല്‍കിയിരുന്നു. എന്നാല്‍ പാടശേഖരങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ലാത്തത് തിരിച്ചടിയായി. ഇതിനുശേഷം പലരും കിണഞ്ഞുപരിശ്രമിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. 78 ഏക്കര്‍ മാത്താനം പാടശേഖരവും 50 ഏക്കര്‍ കൊച്ചംഗ്രാക്കല്‍ പാടശേഖരവും വരും. ഏകദേശം എഴുപതിലധികം പേരുടെ അധീനതയില്‍പെട്ടതാണ് പാടശേഖരം. ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട് മുന്‍കയ്യെടുത്താണ് പാടശേഖരത്തില്‍ കൃഷിയിറക്കുന്നത്. ആദ്യപടിയായി 12 ലക്ഷം രൂപ അനുവദിച്ചുകഴിഞ്ഞു. എന്നാല്‍ പാടശേഖരത്തിന് അതിര്‍വരമ്പുകള്‍ സ്ഥാപിക്കുക അപ്രാപ്യമായ കാര്യമാണ്. അതിര്‍വരമ്പുകള്‍ ഇല്ലാതെയും കൃഷി നടത്തി പഴയ പ്രതാപം പാടശേഖരങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മോട്ടോര്‍പുര പ്രവര്‍ത്തനക്ഷമമാക്കേണ്ടത് അനിവാര്യമാണ്. ഈ കൃഷിയിറക്കിനു മുന്‍പുതന്നെ ഇതെല്ലാം ശരിയാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പാടശേഖരങ്ങള്‍ കൃഷിയിലേക്ക് എത്തുന്നതോടെ ഈ മേഖലയിലെ ജലക്ഷാമത്തിനും പരിഹാരമാകും. കാരണം കൃഷി നിലച്ചതോടെ നാട്ടുതോടുകളെല്ലാം മാലിന്യങ്ങളും പുല്ലും നിറഞ്ഞ് നിര്‍ജ്ജീവാവസ്ഥയിലാണ്. കൂടാതെ പല സ്ഥലങ്ങളിലും നാട്ടുതോടുകള്‍ കയ്യേറ്റക്കാരുടെ കയ്യിലും അകപ്പെട്ടിരുന്നു. ഇതെല്ലാം തിരിച്ചുപിടിക്കുവാനും കൃഷിയിറക്കുന്നതിന്റെ ആദ്യപടിയായി നീര്‍ച്ചാലുകളെല്ലാം നേര്‍വഴിയിലെത്തുകയും ചെയ്തു. രണ്ടാം ഘട്ടത്തിലെ കൃഷി നടത്തപ്പെടുന്നതിന് മുന്‍പ് ഇപ്പോഴുള്ള പരിമിതികളെല്ലാം പരിഹരിക്കപ്പെടുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട് പറഞ്ഞു. കൃഷി നടത്തുന്ന പാടശേഖരങ്ങളില്‍ ഫണ്ടുകള്‍ വിനിയോഗിക്കാതെ തരിശുകിടക്കുന്ന പാടശേഖരങ്ങളെല്ലാം കൃഷിയോഗ്യമാക്കുക എന്നതാണ് പ്രധാനലക്ഷ്യമെന്നും ജില്ലാ പഞ്ചായത്ത് അംഗം കൂട്ടിച്ചേര്‍ത്തു. കൃഷി നടത്താന്‍ വരുന്ന സന്നദ്ധ സംഘടനകള്‍ക്കെല്ലാം പ്രോത്സാഹനം നല്‍കും.