Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാഥാര്‍ത്ഥ്യമാകാതെ കെ വി കനാല്‍-ടൂറിസം പ്രതീക്ഷകള്‍
27/12/2017
വൈക്കത്തെ പ്രധാന ജലസ്രോതസ്സായ കെ.വി കനാല്‍ പുല്ലുനിറഞ്ഞ നിലയില്‍.

വൈക്കം: ടൂറിസത്തിലൂടെ എപ്പോഴും പ്രതീക്ഷകള്‍ നല്‍കി പറ്റിക്കപ്പെടുന്ന വൈക്കത്തിന്റെ ഒരു പ്രധാന ജലസ്രോതസ്സാണ് കെ.വി കനാല്‍. വാഹനഗതാഗതം സുഗമമല്ലാതിരുന്ന ഒരു കാലത്ത് വൈക്കത്തിന്റെ എല്ലാം കെ.വി കനാല്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ തോടിന്റെ അവസ്ഥ കണ്ടാല്‍ ആരും ലജ്ജിച്ചുപോകും. അധികാരികളുടെ ശ്രദ്ധക്കുറവാണ് പ്രധാന പ്രശ്‌നം. ഈ തോട്ടിലേക്ക് പട്ടാപ്പകല്‍ പോലും മാലിന്യങ്ങള്‍ തള്ളുന്നു. ഇതെല്ലാം കണ്ടുനില്‍ക്കാനേ നാട്ടുകാര്‍ക്ക് കഴിയുന്നുള്ളൂ. തോടിനുസമീപം പ്രവര്‍ത്തിക്കുന്ന ഒരു കാറ്ററിങ് ഏജന്‍സി ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് നിത്യസംഭവമാണ്. ചില സമയങ്ങളില്‍ നാട്ടുകാര്‍ ഇതിനെ ചോദ്യം ചെയ്യാറുണ്ടെങ്കിലും ഇതൊന്നും കണ്ടഭാവം പോലും ആരും നടിക്കുന്നില്ല. കെ.വി കനാലിലെ നീരൊഴുക്ക് കാര്യക്ഷമമാക്കുവാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണികഴിപ്പിച്ച വലിയാനപ്പുഴ പാലവും തോടിന് രക്ഷയായില്ല. ഈ പാലത്തിന്റെ രണ്ടുവശങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്നുണ്ട്. മൂക്കത്തു കൈവെച്ചുവേണം പാലത്തിലൂടെ സഞ്ചരിക്കുവാന്‍. പാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന താറാവ് ഇറച്ചി വില്‍പന കേന്ദ്രവും തോടിനെ പ്രശ്‌നത്തിലാക്കുന്നുണ്ട്. എന്നാല്‍ താറാവിന്റെ അവശിഷ്ടങ്ങളൊന്നും ഇവിടെ തള്ളാറില്ലെന്നും രാത്രി കാലങ്ങളില്‍ ദൂരെസ്ഥലങ്ങളില്‍നിന്നും വാഹനങ്ങളില്‍ കൊണ്ടുവന്നു നിക്ഷേപിക്കുന്ന മാലിന്യങ്ങളാണ് ദുര്‍ഗന്ധമുണ്ടാക്കുന്നതെന്നും ഇതിന്റെ നടത്തിപ്പുകാര്‍ പറയുന്നു. ഇങ്ങനെ പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയുമെല്ലാം നടുവിലൂടെ ഒഴുകുന്ന കെ.വി കനാലിന് മോഹനവാഗ്ദാനങ്ങള്‍ നല്‍കി ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ കളംനിറയുന്നുണ്ട്. കെ.വി കനാല്‍ ആഴംകൂട്ടി ശുചീകരിക്കുകയും ഇരുവശങ്ങളില്‍ വൃക്ഷത്തൈകളും പൂന്തോട്ടവുമെല്ലാം ഉണ്ടാക്കി സൗന്ദര്യവല്‍കരിക്കുമെന്ന് പറയാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൈക്കം ആശ്രമം സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ തോടിന്റെ ഇരുവശങ്ങളിലുമുള്ള കാടും മറ്റും വെട്ടിമാറ്റി ചെടികള്‍ നട്ടിരുന്നു. എന്നാല്‍ പരിപാലിക്കേണ്ട ഇറിഗേഷന്‍ വകുപ്പ് അധികാരികള്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞുപോലും നോക്കിയില്ല. വിദ്യാര്‍ത്ഥികളുടെ കഷ്ടപ്പാടെല്ലാം ഇതോടെ വെറുതെയായി മാറി. ഇനി മഴക്കാലം തുടങ്ങാതെ തോടില്‍ നീരൊഴുക്ക് ഉണ്ടാകില്ല. കാരണം കൃഷി ഇറക്കുന്ന പാടങ്ങളിലേക്കും മറ്റും ഓരുവെള്ളം കയറാതിരിക്കാന്‍ തോട്ടുവക്കത്ത് താത്ക്കാലിക മുട്ട് സ്ഥാപിച്ചുകഴിഞ്ഞു. ഇത് പൊളിക്കണമെങ്കില്‍ മഴക്കാലമെത്തണം. തോട്ടുവക്കത്ത് കോടികള്‍ മുടക്കി പഴയപാലം പുനര്‍നിര്‍മിച്ചപ്പോള്‍ കര്‍ഷകരും നാട്ടുകാരും വിനോദസഞ്ചാരത്തെ സ്‌നേഹിക്കുന്നവരുമെല്ലാം പാലത്തില്‍ ചീപ്പുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. ഈ ആവശ്യം സര്‍ക്കാര്‍ ഗൗരവമായി എടുത്തെങ്കിലും ഇറിഗേഷന്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥരും വര്‍ഷംതോറും മുട്ട് സ്ഥാപിച്ച് ലാഭം കൊയ്യുന്ന കരാറുകാരും നുണപ്രചരണങ്ങള്‍ നടത്തി ഇതിനെ തടയിട്ടു. പാലം നിര്‍മാണവേളയില്‍ ചീപ്പും സ്ഥാപിച്ചിരുന്നെങ്കില്‍ ഇന്നത്തെ ദുരവസ്ഥ കെ.വി കനാലിന് വരില്ലായിരുന്നു. ഇനിയെങ്കിലും പാലത്തില്‍ ചീപ്പ് സ്ഥാപിച്ച് ഒരു കാലത്ത് വൈക്കത്തിന്റെ പ്രധാന ജലസ്രോതസ്സായിരുന്ന കെ.വി കനാലിനെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടു വരണമെന്നതാണ് നാടിന്റെ ജനകീയ ആവശ്യം. ഇവിടെ ഉത്തരവാദിത്ത ടൂറിസം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രയോജനപ്പെടുത്തണം.