Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സിനിമ സ്റ്റൈലില്‍ നടന്ന കൊലപാതക കഥയുടെ ചുരുളഴിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുന്നു
22/12/2017

വൈക്കം: സിനിമ സ്റ്റൈലില്‍ നടന്ന കൊലപാതക കഥയുടെ ചുരുളഴിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കള്ളനോട്ട് കേസില്‍ പ്രതിയായ ടി.വി പുരം പള്ളിപ്രത്തുശ്ശേരി ചെട്ടിയാംവീട്ടില്‍ അനീഷിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ആത്മസുഹൃത്തിനെ കൊന്നുകുഴിച്ചു മൂടിയതിന്റെ കഥ പോലീസിനോടു പറയുന്നത്. സംഭവകഥ പുറത്തുവന്നതോടെ കേരളമാകെ ചര്‍ച്ചാവിഷയമായി. പോലീസിനെ ഏറെ ബുദ്ധിമുട്ടിച്ച സംഭവത്തിലേക്കാണ് കൊലപാതക കഥ എത്തിച്ചതും. 2008ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അക്കാലത്ത് തലയോലപ്പറമ്പിലെ പ്രധാന പണമിടപാടുകാരനായിരുന്നു കൊല്ലപ്പെട്ട തലയോലപ്പറമ്പ് ആശുപത്രിക്കവലയ്ക്ക് സമീപമുള്ള കാലായില്‍ കാക്ക മാത്തന്‍ എന്നുവിളിക്കുന്ന മാത്യു. സംഭവം നടക്കുന്ന സമയത്ത് മാത്യുവിന് 44 വയസ്സായിരുന്നു. ആശുപത്രിക്കവലയ്ക്ക് സമീപം അനീഷ് സ്റ്റിക്കര്‍ വര്‍ക്കുകള്‍ നടത്തുന്ന സ്ഥാപനം നടത്തുകയായിരുന്നു. വൈകുന്നേര സമയങ്ങളില്‍ അനീഷിന്റെ കടയില്‍ മാത്യു സ്ഥിരസന്ദര്‍ശകനായിരുന്നു. ഇവര്‍ ഉറ്റസുഹൃത്തുക്കളുമായിരുന്നു. സൗഹൃദത്തിന് മേല്‍ വീടിന്റെ ആധാരം പണയപ്പെടുത്തി അനീഷ് മാത്തനില്‍ നിന്നും പണം വാങ്ങിയിരുന്നു. ഇത് തിരികെ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മാത്തന്‍ അനീഷിനെ നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. ഇതാണ് സൗഹൃദം തകരുന്നതിനും പിന്നീട് കൊലപാതകത്തിനും കാരണമായിത്തീര്‍ന്നത്. സംഭവം നടന്ന് കാലങ്ങള്‍ കഴിഞ്ഞിട്ടും മാത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്ന വിചാരത്തിലായിരുന്നു കുടുംബം. എന്നാല്‍ കള്ളനോട്ട് കേസില്‍ അനീഷ് പ്രതിയായതോടെയാണ് നാടിനെ നടുക്കിയ അരുംകൊലയുടെ ചുരുളഴിയുന്നത്. മാത്തനെ കൊല ചെയ്തതിനുശേഷം കടയുടെ പുറകുവശത്ത് കുഴിയുണ്ടാക്കി കുഴിച്ചുമൂടുകയായിരുന്നു. കൊലപാതക വാര്‍ത്ത നാട്ടുകാര്‍ക്കിടയില്‍ വലിയ അമ്പരപ്പും ആശ്ചര്യവുമാണ് ഉണ്ടാക്കിയത്. കാരണം കാണാതായ മാത്തന്‍ തിരികെ വരുമെന്ന വിശ്വാസത്തിലായിരുന്നു വീട്ടുകാരും നാട്ടുകാരുമെല്ലാം. എട്ടുദിവസങ്ങളായി എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനാണ് ഒടുവില്‍ തിരശ്ശീല വീഴുന്നത്. ആദ്യം അന്വേഷണത്തെക്കുറിച്ച് പോലീസിന് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ഇതില്‍നിന്നും പാഠമുള്‍ക്കൊണ്ട് അന്നത്തെ എസ്.പി കെ.ജെ സൈമണിന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ കളം നിറഞ്ഞതോടെയാണ് തലയോലപ്പറമ്പിനെ പിടിച്ചുകുലുക്കിയ ദൃശ്യം സ്‌റ്റൈല്‍ കൊലപാതകക്കഥ നാടറിയുന്നത്. പിന്നീട് കുഴിച്ചുമൂടിയ സ്ഥലത്തുനിന്ന് മാത്തന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇവിടെ ബഹുനില കെട്ടിടം ഉയര്‍ന്നെങ്കിലും ഇതില്‍നിന്ന് പോലീസിന്റെ അന്വേഷണമികവിലൂടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. പ്രതിയായ അനീഷ് ഇപ്പോള്‍ ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണ്. കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായി രണ്ടാഴ്ച മുന്‍പ് മാത്തന്റെ ഡിഎന്‍എ പരിശോധനകള്‍ക്കായി ബന്ധുക്കളുടെ രക്തസാമ്പിള്‍ ശേഖരിച്ചിരുന്നു. മാത്തന്റെ മകള്‍ നൈസിയുടെ രക്തസാമ്പിളാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ശേഖരിച്ചത്. ഒരു വര്‍ഷം മുമ്പ് ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ മാത്തന്റേത് തന്നെയാണെന്ന് ശാസത്രീയമായി ഉറപ്പുവരുത്താനാണ് പോലീസ് ഡിഎന്‍എ പരിശോധന നടത്തുന്നത്.