Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോളപ്പായല്‍ മൂലം ദുരിതത്തില്‍
20/12/2017
വേമ്പനാട്ട് കായലില്‍ പോള നിറഞ്ഞ നിലയില്‍.

വൈക്കം: വേമ്പനാട്ട് കായലില്‍ അമിതമായി പോള ഒഴുകി എത്തുന്നതുമൂലം ബോട്ടുകളിലെ സുരക്ഷാ യാത്രയ്ക്കും മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ക്കും ഭീഷണിയായി മാറുന്നു. ജെട്ടിയില്‍ ബോട്ട് അടുക്കുന്നതിന് പോളയുടെ വര്‍ദ്ധനവ് മൂലം ജീവനക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടാകുന്നു. വേലിയിറക്ക സമയത്താണ് കൂടുതല്‍ പോളകള്‍ അടിയുന്നത്. ഉച്ചകഴിഞ്ഞുണ്ടാകുന്ന കാറ്റു മൂലവും പോളകള്‍ തീരങ്ങളിലേക്ക് അടിഞ്ഞുകൂടുന്നു. പോളയോടൊപ്പം തന്നെ കായലിലുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അടിയുന്നതുമൂലം തീരദേശവാസികള്‍ക്ക് ബുദ്ധിമുട്ടാകുന്നു. വൈക്കം തവണക്കടവ് റൂട്ടില്‍ നിലവിലുള്ള പഴകിയ ബോട്ടുകളാണ് പോളയ്ക്ക് നടുവിലൂടെ സര്‍വ്വീസ് നടത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ ബോട്ടായ ആദിത്യ ബോട്ട് ഈ പോളകള്‍ക്കിടയിലൂടെ വേണം ജെട്ടിയില്‍ എത്തിച്ചേരുവാന്‍. ഇതുമൂലം ഇരട്ടി ഊര്‍ജം സോളാര്‍ ബോട്ടിന് ചിലവഴിക്കേണ്ടി വരുന്നു. ഇതോടൊപ്പം തന്നെ ജങ്കാര്‍ സര്‍വ്വീസില്‍ പോള ഭീഷണിയാകുന്നു. ബോട്ടിനടിയില്‍ ഘടിപ്പിച്ചിരിക്കുന്ന പ്രൊപ്പല്ലറുകള്‍ക്കിടയില്‍ പോളപായല്‍ ചുറ്റിയാല്‍ കറങ്ങാതെ വരുന്നതുമൂലം ബോട്ടിന്റെ മുന്നോട്ടുള്ള ഗതിക്ക് തടസം സംഭവിക്കുന്നതാണ്. കായല്‍പോളകള്‍ സംസ്‌കരിച്ച് പുതിയ ഉല്പന്നങ്ങള്‍ ഉണ്ടാക്കുമെന്ന്് സര്‍ക്കാരുകള്‍ പ്രഖ്യാപനം നടത്തിയെങ്കിലും കായലില്‍ പോളകള്‍ക്ക് ഇന്നും കുറവില്ല. വൈക്കം, ചേര്‍ത്തല, പാണാവള്ളി, പള്ളിപ്പുറം, പൂച്ചാക്കല്‍ ഭാഗങ്ങളിലേക്കുള്ള 100 കണക്കിന് യാത്രക്കാര്‍ കയറിയിറങ്ങുന്ന ജെട്ടികളാണ് വൈക്കം തവണക്കടവിലുള്ളത്. ജലഗതാഗത വകുപ്പിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ഏക സര്‍വ്വീസാണ് വൈക്കം തവണക്കടവ് സര്‍വ്വീസ്. പുതിയ ബോട്ട് വൈക്കം ജെട്ടിയില്‍ ആരംഭിക്കുന്നു എന്ന് അധികാരികള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നും പഴയ ബോട്ടുകള്‍ തന്നെയാണ് നിലവില്‍ ഇവിടെ സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് ആക്ഷേപം ഇവിടെ നിലവിലുണ്ട്.