Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോരിക്കല്‍, പഴമ്പെട്ടി ഗ്രാമത്തിന്റെ മുഖശ്രീയാകുന്ന ഒതളങ്ങ.
15/01/2016
തലയോലപ്പറമ്പ് പഞ്ചായത്തിലെ വടയാര്‍ കോരിക്കല്‍ ഗ്രാമത്തില്‍ വില്‍പനക്കായി ശേഖരിച്ചിട്ടിരിക്കുന്ന ഒതളങ്ങ.

നാലുവശവും വെള്ളത്താലും പാടശേഖരങ്ങളാലും ചുററപ്പെട്ടു കിടക്കുന്ന വടയാര്‍ മേഖലയിലെ ഏററവും പിന്നോക്കം നില്‍ക്കുന്ന കോരിക്കല്‍, പഴമ്പെട്ടി ഗ്രാമത്തിന്റെ മുഖശ്രീയാണ് ഒതളങ്ങ. മഴക്കാലത്ത് വെള്ളം കയറുമ്പോള്‍ ഇവിടെ പിടിച്ചുനില്‍ക്കുന്ന ഏകവൃക്ഷം ഒതളമരമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ഒതളങ്ങയോട് വലിയ താല്‍പര്യമില്ലാത്ത ഗ്രാമം പിന്നീടാണ് ഇതിന്റെ ഗുണവശങ്ങള്‍ തിരിച്ചറിയുന്നത്. കീടനാശിനി കമ്പനികളും വന്‍കിട ആയുര്‍വേദ കമ്പനികളും ഒതളങ്ങയുടെ കുരു തേടി വടയാര്‍ മേഖലയില്‍ എത്തിയതോടെയാണ് ഇതിനെക്കുറിച്ച് നാട്ടുകാര്‍ക്ക് അറിവ് ലഭിക്കുന്നത്. ആരംഭത്തില്‍ ഒരു ഒതളങ്ങക്ക് ഒരു രൂപവരെ ലഭിച്ചിരുന്നു. ഇതോടെ ഗ്രാമത്തിലെ വൃദ്ധജനങ്ങളെല്ലാം ആവേശത്തോടെ ഒതളങ്ങ ശേഖരിക്കുന്ന പണികളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. ഒരു കാലത്ത് നാട്ടിന്‍പുറങ്ങളിലുള്ളവര്‍ ഒതളങ്ങയുടെ കുരു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെ പലരും മരങ്ങള്‍ വെട്ടിമാററി. ഇതിനിടയിലാണ് മാര്‍ക്കററില്‍ ഒതളങ്ങയുടെ കുരു ഡിമാന്റുള്ള വസ്തുവായി മാറുന്നത്. കാര്‍ഷികരംഗത്ത് ഉപയോഗിക്കുന്ന കീടനാശിനികളിലെ പ്രധാനവസ്തുവാണ് ഇതിലെ കുരു. അതുപോലെത്തന്നെ നിരവധി ആയുര്‍വേദ മരുന്നുകള്‍ക്കും ഇത് പ്രധാന കൂട്ടാണ്. ഇപ്പോള്‍ കോരിക്കല്‍, പഴമ്പെട്ടി ഗ്രാമത്തിലുള്ള നൂറിലധികം കുടുംബങ്ങള്‍ ഒതളങ്ങ ശേഖരിക്കുന്ന പണിയില്‍ ഏര്‍പ്പെടുന്നുണ്ട്. മരത്തില്‍ പഴുത്തുകിടക്കുന്ന കായ് ശേഖരിച്ച് വെയിലത്ത് ഉണക്കി തൊലി കളഞ്ഞ് വീട്ടുമുററങ്ങളില്‍ ശേഖരിക്കുന്നു. മാസത്തില്‍ രണ്ട് തവണ ഇത് കൊണ്ടുപോകാന്‍ കമ്പനികള്‍ എത്തുന്നു. തൊലിക്കും വില ലഭിക്കുന്നുണ്ട്. ഇപ്പോള്‍ 20 പൈസ കുറച്ച് 80 പൈസക്കാണ് ഒരു ഒതളങ്ങ കമ്പനികള്‍ എടുക്കുന്നത്. ഇവിടെയും നഷ്ടമൊന്നും ഉണ്ടാകുന്നില്ലെന്ന് ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്ന വീട്ടമ്മമാര്‍ പറയുന്നു. കാരണം വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ പാടശേഖരങ്ങളില്‍ ചീഞ്ഞുകിടന്നിരുന്ന പാഴ്‌വസ്തുവിന് എത്രപൈസ ലഭിച്ചാലും ഞങ്ങള്‍ സന്തുഷ്ടരാണെന്ന് അവര്‍ അടിവരയിടുന്നു. പണിയെടുക്കാന്‍ കഴിയാതെ വീടുകളില്‍ കഴിയുന്ന വൃദ്ധജനങ്ങള്‍ക്ക് ഏറെ ആശ്വാസമാണ് ഇതിലൂടെ ലഭിക്കുന്നത്. അതില്‍ ലഭിക്കുന്ന തുച്ഛവരുമാനത്തില്‍ അവര്‍ വളരെ സന്തുഷ്ടരുമാണ്.