Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലിങ്ക് റോഡിന്റെ വശങ്ങളില്‍ മാലിന്യക്കൂമ്പാരം
16/12/2017
വൈക്ക ടൗണ്‍ ലിങ്ക് റോഡിന്റെ വശങ്ങള്‍ മാലിന്യം നിറഞ്ഞനിലയില്‍.

വൈക്കം: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം എന്ന നിലയില്‍ നിര്‍മിച്ച ലിങ്ക് റോഡിന്റെ വശങ്ങള്‍ മാലിന്യങ്ങള്‍കൊണ്ട് നിറഞ്ഞ് കാല്‍നട യാത്രക്കാര്‍ക്കും വാഹനയാത്രകാര്‍ക്കും ഒരുപോലെ ദുരിതം വിതയ്ക്കുന്നു. നഗരവീഥികള്‍ മാലിന്യങ്ങള്‍കൊണ്ട് നിറഞ്ഞതിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന അവസരത്തിലാണ് ലിങ്ക് റോഡിന്റെ വശങ്ങളും മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുന്നത്. അഷ്ടമി ഉത്സവം കഴിഞ്ഞ് വൈക്കത്ത് വിവിധ വഴിയോരങ്ങളില്‍ അടിഞ്ഞുകൂടിയ ചപ്പുചവറുകളും, പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ മറ്റിതര മാലിന്യങ്ങളുമാണ് ഈ റോഡിന് വശങ്ങളില്‍ ഇപ്പോള്‍ വിതറിക്കൊണ്ടിരിക്കുന്നത്. ചീഞ്ഞളിയുന്ന മാലിന്യങ്ങളുടെ ദുര്‍ഗന്ധം മൂലം പരിസരവാസികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമാകുകയാണ്. ഗതാഗതപരിഷ്‌കാരം നിലവില്‍ വന്നശേഷം നഗരത്തിലേക്കുവരുന്ന എല്ലാ വാഹനങ്ങളും ലിങ്ക് റോഡിലൂടെയാണ് കടന്നുപോകുന്നത്. വാഹനങ്ങളിലെത്തുന്ന യാത്രക്കാര്‍ക്ക് മൂക്കുപൊത്തിക്കൊണ്ടുവേണം ഇതുവഴി കടന്നപോകാന്‍. പണ്ട് നിലമായിരുന്ന ഈ ഭാഗത്തുതന്നെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതില്‍ ഗൂഢമായ ഉദ്ദേശ്യങ്ങള്‍ ഉണ്ടെന്ന ആരോപണവുമുണ്ട്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനു പിന്നില്‍ നിലം നികത്തി കരഭൂമി ആക്കുന്നതിനുള്ള പുത്തന്‍മാര്‍ഗമാണോ ഇതെന്ന് പരിസരവാസികള്‍ സംശയിക്കുന്നു. മാലിന്യനിക്ഷേപം മൂലം അന്തരീക്ഷ മലിനീകരണവും മറ്റിതര പകര്‍ച്ചവ്യാധികളും വ്യാപിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഈ പ്രദേശത്തെ മാലിന്യനിക്ഷേപങ്ങള്‍ അവസാനിപ്പിച്ച് നഗരസഭ നഗരത്തിലെ മാലിന്യങ്ങള്‍ ഇല്ലായ്മചെയ്യുന്നതിനായി മാലിന്യസംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നുള്ളതാണ് ജനകീയ ആവശ്യം.