Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അറിവിന്റെ വെളിച്ചമായ അക്ഷരമുററം സുവര്‍ണജൂബിലി നിറവില്‍
15/01/2016

ഇതിഹാസ സാഹിത്യകാരന്റെ നാട്ടിലെ അറിവിന്റെ വെളിച്ചമായ അക്ഷരമുററം സുവര്‍ണജൂബിലി നിറവില്‍. എ.ജെ ജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ 17ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. എന്‍ഡോവ്‌മെന്റ് വിതരണം, പൂര്‍വ അധ്യാപക-അനധ്യാപക-വിദ്യാര്‍ത്ഥി സംഗമം, അഖില കേരള ക്വിസ് മത്സരം, സെമിനാറുകള്‍, നാടകോത്സവം, ഫിലിം ഫെസ്റ്റ്, നാടന്‍ ഭക്ഷ്യമേള കലാകായിക മേളകള്‍, മെഡിക്കല്‍ ക്യാമ്പ്, സ്മരണിക പ്രകാശനം തുടങ്ങി വിവിധ പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. തിരുകൊച്ചി മുഖ്യമന്ത്രിയും മദ്രാസ് ഗവര്‍ണറുമായിരുന്ന എ.ജെ ജോണിന്റെ സ്മാരകമായി ആരംഭിച്ച പെണ്‍പള്ളിക്കൂടമാണിത്. 1964ല്‍ മുഖ്യമന്ത്രി ആര്‍.ശങ്കര്‍ ശിലാസ്ഥാപനം നടത്തിയ സ്‌ക്കൂള്‍ 1966ല്‍ ഇന്‍ഡ്യന്‍ പ്രസിഡന്റ് ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കാമരാജാണ് ഉദ്ഘാടനം ചെയ്തത്. 50 വര്‍ഷത്തെ സുവര്‍ണനേട്ടങ്ങള്‍ കൊണ്ടു വളര്‍ന്നു പന്തലിച്ച സര്‍ക്കാര്‍ സ്‌ക്കൂളിന്റെ സുവര്‍ണജൂബിലി ഉത്സവമായി ആഘോഷിക്കുന്നതിനാണ് നാട്ടുകാരും രക്ഷകര്‍ത്താക്കളും അധ്യപകരും വിദ്യാര്‍ത്ഥികളും ഒരുങ്ങിയിരിക്കുന്നത്. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സുവര്‍ണ ജൂബിലി വിളംബര ഘോഷയാത്ര പാലാ ഡി.വൈ.എസ്.പി സുനീഷ്ബാബു ഫ്‌ളാഗ് ഓഫ് ചെയ്യും. സുവര്‍ണജൂബിലി സമ്മേളനം 17ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. എന്‍ഡോവ്‌മെന്റുകളുടെ ഉദ്ഘാടനം മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും. വെബ്‌സൈററ് ഉദ്ഘാടനം ജോസ് കെ.മാണി എം.പിയും, മുഖ്യപ്രഭാഷണം മോന്‍സ് ജോസഫ് എം.എല്‍.എയും, ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട്, പ്രിന്‍സിപ്പാള്‍ കെ.ശ്രീകല, ഹെഡ്മിസ്ട്രസ്സ്, ഇ.എസ് ശ്രീലത, പി.ടി.എ പ്രസിഡന്റ് എം.എസ് തിരുമേനി എന്നിവര്‍ ഭാരവാഹികളായുള്ള സംഘാടകസമിതിയാണ് പ്രവര്‍ത്തിക്കുന്നത്.