Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇറച്ചി വില്‍പന കേന്ദ്രങ്ങളെ പ്രതിക്കൂട്ടിലാക്കുന്നു.
14/12/2017

വൈക്കം: കഴിഞ്ഞ ദിവസം ചത്ത പന്നികളുമായി വന്ന വാഹനം പിടികൂടിയതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ വിവിധ പഞ്ചായത്തുകളിലെ ഇറച്ചി വില്‍പന കേന്ദ്രങ്ങളെ പ്രതിക്കൂട്ടിലാക്കുന്നു. നിയോജകമണ്ഡലത്തില്‍ തലയോലപ്പറമ്പില്‍ മാത്രമാണ് അറവ് ശാല ഉള്ളത്. പഞ്ചായത്തിന് നികുതിവരുമാനം നല്‍കി പ്രവര്‍ത്തിക്കുന്ന മറ്റൊരു ഇറച്ചി വില്‍പന കേന്ദ്രം ഉദയനാപുരം പഞ്ചായത്തിലെ നാനാടത്തുമാണുള്ളത്. എന്നാല്‍ ഉദയനാപുരം പഞ്ചായത്തില്‍ ഏകദേശം ആറിലധികം ഇറച്ചി വില്‍പനകേന്ദ്രങ്ങളുണ്ട്. ഇതുപോലെ തന്നെയാണ് തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളിലും ഇറച്ചി വില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവരൊന്നും സര്‍ക്കാരിലേക്ക് ഒരു രൂപാപോലും നികുതി അടയ്ക്കാതെയാണ് കച്ചവടം നടത്തി സാധാരണക്കാരില്‍നിന്നും കൊള്ളവില ഈടാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പോത്തിറച്ചിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവരം വന്ന ഉടന്‍ തന്നെ വൈക്കത്തെ കച്ചവടക്കാരെല്ലാം വില കുത്തനെ ഉയര്‍ത്തി. 260 മുതല്‍ 280 വരെ രൂപയ്ക്ക് ലഭിച്ചിരുന്ന പോത്തിറച്ചിയ്ക്ക് മുന്നൂറും 320ഉം ആക്കി. പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചി വില്‍പനശാലകള്‍ക്കെതിരെ ആരും പരാതി നല്‍കാതെ നടപകള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് പഞ്ചായത്ത് ഭാഷ്യം. എന്നാല്‍ ചൊവ്വാഴ്ച നടന്ന സംഭവത്തോടെ പഞ്ചായത്തുകളും ഉറക്കംവിട്ട് ശക്തമായ നടപടികള്‍ക്കൊരുങ്ങുകയാണ്. ഉദയനാപുരം പഞ്ചായത്താണ് ആദ്യം നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നത്. നാളെ മുതല്‍ പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന വില്‍പന കേന്ദ്രങ്ങള്‍ക്കെല്ലാം നോട്ടീസ് നല്‍കുമെന്ന് അധികാരികള്‍ അറിയിച്ചു. മണ്ഡലത്തിലെ ഒട്ടുമിക്ക പന്നിയിറച്ചി വ്യാപാരികളും തലയാഴം പഞ്ചായത്തിലെ വിവാദകച്ചവടക്കാരനില്‍നിന്നാണ് ഇറച്ചി വാങ്ങുന്നതെന്നാണ് രഹസ്യവിവരം. ഇയാള്‍ക്കെതിരെ നിരവധി തവണ നടപടികള്‍ ഉണ്ടായെങ്കിലും തുടര്‍നടപടികളിലെ പാളിച്ചകള്‍ എല്ലാ പ്രശ്‌നങ്ങളെയും ഒതുക്കിതീര്‍ക്കുകയായിരുന്നു.