Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തേക്ക് ലോറിയില്‍ കൊണ്ടുവന്ന ചത്ത പന്നികളെ നാട്ടുകാര്‍ പിടികൂടി
13/12/2017
ചത്ത പന്നികളുമായി വന്ന ലോറി വല്ലകത്ത് സി.പി.ഐ പ്രവര്‍ത്തകര്‍ തടഞ്ഞിട്ടപ്പോള്‍.

വൈക്കം: വൈക്കത്ത് ഇറച്ചി വില്‍പനയ്ക്കായി തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ എത്തിച്ച ചത്ത പന്നികളെ നാട്ടുകാര്‍ പിടികൂടി. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് കടുത്ത ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചത്ത പന്നികളെ കണ്ടെത്തിയത്. ഇറച്ചി വില്‍പനയ്ക്കായി തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ എത്തിച്ച പന്നിക്കൂട്ടത്തില്‍ ദുര്‍ഗന്ധം വമിച്ചതോടെ സംശയം തോന്നിയ നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടി. ഉടന്‍ തന്നെ വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, ഉദയനാപുരം ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് സാബു പി.മണലൊടി, എ.ഐ.വൈ.എഫ് നേതാക്കളായ പി.പ്രദീപ്, അഡ്വ. എം.ജി രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ ലോറിക്കുചുറ്റും കൂടി. വാഹനത്തിലുണ്ടായിരുന്ന പന്നികള്‍ പലതും ചത്തനിലയിലായിരുന്നു. ഇതര സംസ്ഥാന ലോറിയിലാണ് ചത്തതും അവശനിലയിലായതുമായ അന്‍പതിലധികം പന്നികളെ വൈക്കത്തെത്തിച്ചത്. ഉല്ലലയിലെ അറവുശാല ഉടമയുടെ ഇറച്ചി വില്‍പന കേന്ദ്രത്തിലേക്കാണ് പന്നികളെ കൊണ്ടുവന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇവിടെ നിന്നാണ് കോള്‍ഡ് സ്‌റ്റോറേജ് ഉള്‍പ്പെടെ പ്രദേശത്തെ മിക്ക ഇറച്ചി വില്‍പന കേന്ദ്രങ്ങളിലേക്കും മാംസം എത്തിച്ചിരുന്നത്. ഇതിനിടെ പന്നികളെ വാങ്ങാന്‍ എത്തിയ ആളുകളെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. ഇയാള്‍ വന്ന ബൈക്ക് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. അതേസമയം, വില്‍പനക്കെത്തിച്ച പന്നികളില്‍ ജീവനുള്ളവയില്‍ പലതും രോഗം ബാധിച്ചവയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഉല്ലലയിലെ ഫാമിലേക്കാണ് പന്നികളെ കൊണ്ടുവന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഉടമ പറയുന്നു. ചത്ത പന്നികളുടെ പോസ്റ്റ് മോര്‍ട്ടം നടത്തി. റിപ്പോര്‍ട്ട് കിട്ടാതെ യഥാര്‍ത്ഥ കാരണം പറയാന്‍ സാധിക്കില്ലെന്ന് ഉദയനാപുരം പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ജീവനുള്ള ശേഷിച്ച മൃഗസംരക്ഷണവകുപ്പിന്റെ നിരീക്ഷണത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.