Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനധികൃത അറവുശാലകള്‍ക്കെതിരെ എ.ഐ.വൈ.എഫ് രംഗത്ത്
13/12/2017

വൈക്കം: വൈക്കത്തെ അറവുശാലകളില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധന കര്‍ശനമാക്കണമെന്ന് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇപ്പോള്‍ വഴിയോരങ്ങളില്‍ പലകയടിച്ച് തട്ട് സ്ഥാപിച്ച് അനധികൃതമായി പന്നി ഉള്‍പ്പെടെയുള്ളവയുടെ ഇറച്ചികള്‍ വില്‍പന നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ വില്‍പന നടത്തുന്നതിനായി ആന്ധ്രാപ്രദേശില്‍നിന്നും ലോറിയില്‍ ഇന്നലെ വൈക്കത്തേക്ക് കൊണ്ടുവന്ന പന്നികളില്‍ പകുതിയും ചത്തതും ചീഞ്ഞുദുര്‍ഗന്ധം വമിക്കുന്നതുമായിരുന്നു. ഈ വാഹനത്തില്‍നിന്നും ചത്ത പന്നികളെ ഉള്‍പ്പെടെ കയറ്റി കൊണ്ടുപോകുന്നതിനായി വാഹനവുമായി എത്തിയ വൈക്കത്തെ പ്രമുഖ അറവുശാല ഉടമയായ അപ്പച്ചനെ വല്ലകത്തുവെച്ച് സി.പി.ഐ-എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ചേര്‍ന്നു തടഞ്ഞിരുന്നു. തുടര്‍ന്ന് ഇയാള്‍ അന്യസംസ്ഥാനക്കാരായ തൊഴിലാളികളോട് വാഹനം ഓടിച്ചുകൊണ്ടുപോകാന്‍ പറഞ്ഞു. എന്നാല്‍ സി.പി.ഐ-എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ അവരെ പിന്തുടര്‍ന്ന് പിടിച്ച് ചത്ത പന്നികളുമായി വന്ന വാഹനം പോലീസിനും ഉദയനാപുരം പഞ്ചായത്ത് അധികൃതര്‍ക്കും കൈമാറി. ഇത്തരത്തില്‍ അന്യസംസ്ഥാനത്തുനിന്നും വരുന്ന ചത്ത പന്നികളെ ഉള്‍പ്പെടെ കശാപ്പു ചെയ്താണ് വൈക്കത്തെ കോള്‍ഡ് സ്റ്റോറേജുകളിലും വഴിയോര വില്‍പന കേന്ദ്രങ്ങളിലും എത്തിച്ച് കച്ചവടം ചെയ്യുന്നത്. കശാപ്പ് ചെയ്യുന്നതിനും വില്‍ക്കുന്നതിനും വ്യക്തമായ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതെല്ലാം കാറ്റില്‍ പറത്തിയാണ് അധികൃതരുടെ ഒത്താശയോടുകൂടി ഇത്തരം പന്നികളെ യഥേഷ്ടം വില്‍പന നടത്തിക്കൊണ്ടിരിക്കുന്നത്. തടഞ്ഞ വാഹനത്തില്‍ അവശനിലയിലായതും എഴുന്നേല്‍ക്കാന്‍ പോലും ആരോഗ്യമില്ലാത്തതുമായ പന്നികള്‍ ഉണ്ടായിരുന്നു. കശാപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഇത്തരം വില്‍പനകള്‍ നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ അധികൃതരും കൈക്കൊള്ളണമെന്ന് എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എം.പി സാനു, സെക്രട്ടറി അഡ്വ. എം.ജി രഞ്ജിത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.