Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനസഞ്ചയത്തില്‍ ചരിത്രം കുറിച്ച് അഷ്ടമി ആഘോഷം
12/12/2017
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടന്ന ആറാട്ട് എഴുന്നള്ളിപ്പ്.

വൈക്കം: സര്‍വകാല റെക്കോര്‍ഡിലാണ് ഇത്തവണത്തെ അഷ്ടമി എത്തിയത്. അഷ്ടമി ആഘോഷത്തിന്റെ ആദ്യദിനങ്ങളില്‍ തിരക്ക് കുറവായിരുന്നെങ്കിലും ഏഴാം ഉത്സവം മുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹമായിരുന്നു. ഇതിനിടയില്‍ ദേവസ്വം ബോര്‍ഡിനും പോലീസിനും വെല്ലുവിളികള്‍ ഏറെയായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് സുരക്ഷയുടെ വിള്ളലുകളടച്ച് ഭക്തര്‍ക്ക് വലിയ സംരക്ഷണമൊരുക്കുന്നതില്‍ ജനമൈത്രി പോലീസ് മികവാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്. വൈക്കം ഡി.വൈ.എസ്.പി കെസുഭാഷിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘമാണ് നഗരത്തിന്റെ സംരക്ഷണം ഏറ്റെടുത്തത്. വൈക്കം സി.ഐ ബിനുവിന്റെ നേതൃത്വത്തില്‍ പത്തിലധികം സി.ഐമാരും വൈക്കം എസ്.ഐ എം.സാഹലിന്റെ നേതൃത്വത്തില്‍ അതിലധികം എസ്.ഐമാരും അഷ്ടമി തീരുന്നതുവരെ വൈക്കത്ത് ക്യാമ്പ് ചെയ്തു. നഗരത്തിലെ മുക്കിലും മൂലയിലും പോലീസിന്റെ നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കഞ്ചാവിന്റെ ലഹരിയിലെത്തുന്ന യുവാക്കളെ കുടുക്കാന്‍ ജാഗരൂഗരായി എക്‌സൈസും അണിനിരന്നിരുന്നു. ലഹരിയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നത് എക്‌സൈസ് അധികാരികളാണ്. അതിനാല്‍ ഇതാവര്‍ത്തിക്കാതിരിക്കാന്‍ വലിയ ഒരുക്കങ്ങളാണ് എക്‌സൈസ് സംഘവും നടത്തിയത്. വ്യാജമദ്യവില്‍പന അഷ്ടമി കേന്ദ്രീകരിച്ച് സജീവമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതിനെയെല്ലാം നിരീക്ഷണ വലയമൊരുക്കി എക്‌സൈസ് വകുപ്പ് പരാജയപ്പെടുത്തി. ദേവസ്വം ബോര്‍ഡും വിശ്വാസികള്‍ക്ക് വലിയ സൗകര്യങ്ങളാണ് ഒരുക്കിയത്. ദേവസ്വം ഡപ്യൂട്ടി കമ്മീഷണര്‍ എന്‍.പി രഘു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം അധികാരികളും സജീവപങ്കാളിത്തമാണ് അഷ്ടമി ആഘോഷത്തിന് നല്‍കിയത്. പുനര്‍നിര്‍മിച്ച കംഫര്‍ട്ട് സേ്റ്റഷനും ശുചീകരിച്ച അമ്പലക്കുളവുമെല്ലാം വിശ്വാസികള്‍ക്ക് ആശ്വാസമായി. ഫയര്‍ ഫോഴ്‌സും കര്‍മനിരതരായി നിന്നു. അതേസമയം അഷ്ടമി ദിനത്തില്‍ ക്ഷേത്രത്തിലെ ക്രമീകരണങ്ങളിലെ പാളിച്ച നേട്ടങ്ങള്‍ക്കിടയിലും കല്ലുകടിയായി. ബാരിക്കോഡുകള്‍ സ്ഥാപിച്ചതിലെ അപാകതയാണ് ക്രമീകരണങ്ങള്‍ പാളാന്‍ പ്രധാനകാരണം. ഇതുമൂലം ദര്‍ശനത്തിനായി ഭക്തജനങ്ങള്‍ മണിക്കൂറുകളോടും കാത്തുനില്‍ക്കേണ്ടി വന്നു. ദര്‍ശനം ലഭിക്കാതെ ധാരാളം ഭക്തര്‍ ക്ഷേത്രം വിട്ടുപോയ സന്ദര്‍ഭവുമുണ്ടായി. വിഷയത്തില്‍ പോലീസും ദേവസ്വം ബോര്‍ഡും പരസ്പരം പഴിചാരുകയായിരുന്നു. ഇത്തരത്തിലുള്ള ചെറിയ വീഴ്ചകള്‍ മാറ്റി നിര്‍ത്തിയാല്‍ വകുപ്പുകള്‍ക്കൊന്നും വലിയ ആക്ഷേപങ്ങളില്ലാതെയുള്ള അഷ്ടമി ആഘോഷമാണ് കടന്നുപോയത്.