Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമിത്തിരക്കില്‍ വൈക്കം
09/12/2017

വൈക്കം: അഷ്ടമി ആവേശത്തിന് കൊടിയിറങ്ങാന്‍ രണ്ടുനാള്‍ മാത്രം ശേഷിക്കേ ഭക്തജനത്തിരക്കില്‍ റെക്കോര്‍ഡിട്ട് ക്ഷേത്രനഗരി. പുലര്‍ച്ചെ മുതല്‍ തന്നെ വിശ്വാസികളുടെ ഒഴുക്കായിരുന്നു. കാലാവസ്ഥ അനുകൂലമായതും ഭക്തര്‍ക്ക് അനുഗ്രഹമായി. കലാമണ്ഡപത്തിലും പരിപാടി വീക്ഷിക്കാന്‍ എത്തുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിന്റെ നാലു നടകളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. ഇന്നും നാളെയും പൊതു അവധിയായതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ഭക്തജനങ്ങള്‍ എത്തുന്നതോടെ തിരക്ക് സര്‍വകാല റെക്കോര്‍ഡിലെത്തും. തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കച്ചവട സ്ഥാപനങ്ങളിലെല്ലാം തകര്‍പ്പന്‍ വ്യാപാരമാണ് നടന്നത്. പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തി സ്വകാര്യ വ്യക്തികളും നല്ല ലാഭം കൊയ്യുന്നുണ്ട്. കാരണം ക്ഷേത്രപരിസരങ്ങളിലൊന്നും തന്നെ അധികൃതര്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിച്ചിട്ടില്ല. പുലര്‍ച്ചെ തുടങ്ങുന്ന ഭക്തജനപ്രവാഹം രാത്രി 11 വരെ നീളുന്നുണ്ട്. നടവരവിലും റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണെന്ന് ദേവസ്വം അധികൃതര്‍ പറയുന്നു. കൃത്യമായ കണക്ക് അഷ്ടമി പൂര്‍ത്തിയാകുന്നതോടെയേ ലഭ്യമാവുകയുള്ളൂ. വരുംദിവസങ്ങളിലും കാലാവസ്ഥ അനുകൂലമായാല്‍ അഷ്ടമി ആരവം ആവേശക്കൊടുമുടിയില്‍ എത്തുമെന്നുള്ള കാര്യം ഉറപ്പാണ്.