Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭിന്നശേഷിയുള്ളവരുടെ അന്തര്‍ദേശീയ ദിനാചരണം
02/12/2017

വൈക്കം: എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടേയും, തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാ ഇടവകയുടേയും സംയുക്താഭി മുഖ്യത്തില്‍ ഇന്ന് നടക്കുന്ന ഭിന്നശേഷിയുള്ളവരുടെ അന്തര്‍ദേശീയ ദിനാചരണം - എബിലിറ്റി ഫെസ്റ്റില്‍ വിവിധ സ്‌പെഷ്യല്‍ സ്‌കൂളുകള്‍, പഞ്ചായത്തുതല ഫെഡറേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്നായി ആയിരത്തിഅഞ്ഞൂറോളം ഭിന്നശേഷിയുള്ളവര്‍ പങ്കെടുക്കും. രാവിലെ 8ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തുന്ന ദിവ്യബലി, ശ്രവണപരിമിതിയുള്ളവര്‍ക്കും കൂടി മനസിലാകുന്ന ആംഗ്യഭാഷയില്‍ വിദഗദ്ധര്‍ പരിഭാഷപ്പെടുത്തും. ഭിന്നശേഷിയുള്ളവര്‍ നിര്‍മ്മിച്ച വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കര്‍ദിനാള്‍ നിര്‍വഹിക്കും. തുടര്‍ന്ന് ചലനപരിമിതിയുള്ളവര്‍, ബുദ്ധിപരമായ വൈകല്യമുള്ളവര്‍, കേള്‍വി വൈകല്യമുള്ളവര്‍, കാഴ്ച പരിമിതിയുള്ളവര്‍ എന്നീ വിഭാഗങ്ങളിലായി കലാകായിക മത്സരങ്ങള്‍ക്കു തുടക്കമാകും. ഉച്ചകഴിഞ്ഞ് 3ന് സിയോന്‍ ഓഡിറ്റോറിയത്തില്‍ അഡ്വ. എം.സ്വരാജ് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം കേരള ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റീസ് ജസ്റ്റീസ് ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്യും. പ്രശസ്ത മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് മുഖ്യപ്രഭാഷണം നടത്തും. തൃപ്പൂണിത്തുറ ഫൊറോനാ വികാരി ഫാ. ജേക്കബ് പുതുശേരി, സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി, സെലിന്‍ പോള്‍ എന്നിവര്‍ സംസാരിക്കും. ഭിന്നശേഷിയുള്ളവര്‍ക്ക് ലഭ്യമായ നിയമ പരിരക്ഷയെയും ആനുകൂല്യങ്ങളേയും കുറിച്ച് സഹൃദയ പബ്ലിക്കേഷന്‍സ് തയ്യാറാക്കിയ കൈ പുസ്തകത്തിന്റെ പ്രകാശനം കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ.ജോര്‍ജ് വെട്ടിക്കാട്ടില്‍ നിര്‍വഹിക്കും. കലാ കായിക, സാഹിത്യ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ടീമിന് സഹൃദയ എബിലിറ്റി ട്രോഫി സമ്മാനിക്കും. വൈകിട്ട് 6.30ന് ഭിന്നശേഷിയുള്ള കലാകാരന്മാരെ അണിനിരത്തി സഹൃദയ മെലഡീസ് അവതരിപ്പിക്കുന്ന മെഗാഷോ ഉണ്ടായിരിക്കും. ഭിന്ന ശേഷികളുള്ളവരേയും ഉള്‍ക്കൊള്ളുന്ന മനോഭാവവും വികസന സമീപനങ്ങളും ജനങ്ങളില്‍ സംജാതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹൃദയയും തൃപ്പൂണിത്തുറ ഇടവകയും സംയുക്തമായി എബിലിറ്റി ഫെസ്റ്റ് സംഘടിപ്പിക്കുതെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, തൃപ്പൂണിത്തുറ ഫൊറോനാ വികാരി ഫാ. ജേക്കബ് പുതുശേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.