Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: എന്‍.എസ്.എസിന്റെ കുലവാഴപുറപ്പാട് വര്‍ണാഭമായി
29/11/2017
വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായി സംയുക്ത എന്‍.എസ്.എസ് കരയോഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന കുലവാഴപ്പുറപ്പാട്.

വൈക്കം: വൈക്കത്തഷ്ടമിക്ക് മുന്നോടിയായി എന്‍.എസ്.എസ് നേതൃത്വത്തില്‍ നടന്ന കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രമായി. വൈകുന്നേരം നാലിന് നാഗമ്പൂഴിമന കൊച്ചുഭഗവതിക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയശേഷം പുറപ്പെട്ട ഘോഷയാത്ര മഹാദേവ ക്ഷേത്രത്തില്‍ എത്തി കൊടിമരച്ചുവട്ടില്‍ താലങ്ങളും വാഴക്കുലകളും കരിക്കിന്‍കുലകളും സമര്‍പ്പിച്ചു. പിന്നീട് ക്ഷേത്രത്തിലെ പ്രധാന ഭാഗങ്ങളില്‍ കരിക്കിന്‍കുലകളും വാഴക്കുലകളും കെട്ടി അലങ്കരിച്ചു. അഷ്ടമി ഉത്സവത്തിന്റെ കൊടിയേറ്റിനു മുന്നോടിയായി ക്ഷേത്രം വര്‍ണാഭമാക്കുവാന്‍ നടത്തുന്ന ചടങ്ങാണ് കുലവാഴ പുറപ്പാട്. 1880-ാം നമ്പര്‍ പടിഞ്ഞാറ്റുംചേരി വടക്കേമുറി വി.കെ വേലപ്പന്‍ മെമ്മോറിയല്‍ എന്‍.എസ്.എസ് കരയോഗമാണ് ഇക്കുറി കുലവാഴപ്പുറപ്പാടിന് ആതിഥേയത്വം വഹിച്ചത്. 1573-ാം നമ്പര്‍ നടുവിലെമുറി, 1603-ാം നമ്പര്‍ കിഴക്കുംചേരി തെക്കേമുറി, 1634-ാം നമ്പര്‍ പടിഞ്ഞാറ്റുംചേരി പടിഞ്ഞാറെമുറി, 1820-ാം നമ്പര്‍ പടിഞ്ഞാറ്റുംചേരി തെക്കേമുറി, 1878-ാം നമ്പര്‍ കിഴക്കുംചേരി വടക്കേമുറി എന്നീ കരയോഗങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ വൈക്കം യൂണിയന്റെ സഹകരണത്തോടെയാണ് ചടങ്ങ് നടത്തിയത്. വൈവിധ്യമാര്‍ന്ന താലപ്പൊലികള്‍, മുത്തുക്കുടകള്‍, നിശ്ചലദൃശ്യങ്ങള്‍, കരകം, മയിലാട്ടം, പാണ്ടിമേളം, ചെണ്ടമേളം, പഞ്ചവാദ്യം, നാദസ്വരം, നെറ്റപ്പട്ടം കെട്ടിയ ഗജവീരന്‍മാര്‍ എന്നിവയുടെ അകമ്പടിയോടെ കുലവാഴകളും, കരിക്കിന്‍കുലകളും ക്ഷേത്രത്തിലേക്ക് എത്തിച്ചു. വൈപ്പിന്‍പടി നാഗമ്പൂഴിമന കൊച്ചുഭഗവതി ക്ഷേത്രത്തില്‍ നിന്നും വൈകുന്നേരം നാലിന് പുറപ്പെട്ട് വലിയകവല, കൊച്ചാലുംചുവട്, വടക്കേനയിലൂടെ വടക്കേഗോപുരം വഴിയാണ് കുലവാഴ പുറപ്പാട് മഹാദേവ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ഘോഷയാത്രയില്‍ കേരളീയ വേഷമണിഞ്ഞ് ആയിരക്കണക്കിന് വനിതകള്‍ പങ്കെടുത്തു.