Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷീരകര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കി കാലിത്തീററ വിലവര്‍ദ്ധനവും
14/01/2016

കുളമ്പുരോഗഭീതിയില്‍ നട്ടംതിരിയുന്ന ക്ഷീരകര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കി കാലിത്തീററ വിലവര്‍ദ്ധനവും. അപ്രതീക്ഷിതമായണ്ടായ കാലിത്തീററ വിലവര്‍ദ്ധനവ് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 75 രൂപ വരെയാണ് 50 രൂപ പായ്ക്കററിന് വര്‍ദ്ധിച്ചത്. എന്നാല്‍ തീററയുടെ വിലവര്‍ദ്ധനക്ക് ആനുപാതികമായി പാലിന്റെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നില്ല. സ്വകാര്യ കമ്പനികളേക്കാള്‍ കുറഞ്ഞവിലക്കായിരുന്നു കേരള ഫീഡ്‌സ് കാലിത്തീററ കര്‍ഷകര്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ 885 രൂപയായിരുന്ന ഇതിന്റെ വില മൂന്ന് മാസം മുന്‍പ് 910 രൂപയായി വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് സ്വകാര്യ കമ്പനികളും കാലിത്തീററയുടെ വില 950 രൂപയായി ഉയര്‍ത്തിയിരുന്നു. പിന്നീട് കേരള ഫീഡ്‌സ് വീണ്ടും 50 രൂപ വര്‍ദ്ധിപ്പിച്ച് വില 960 രൂപയാക്കി. കേരള ഫീഡ്‌സിനെക്കാള്‍ സ്വകാര്യ കമ്പനികള്‍ വിലകുറച്ചു നല്‍കുമ്പോള്‍ സ്വാഭാവികമായും അവരുടെ കാലിത്തീററ വാങ്ങാനാകും കര്‍ഷകര്‍ മുന്നോട്ടു വരിക. ഇത്തരത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായിട്ട് അപ്രതീക്ഷിതമായി വില വര്‍ദ്ധിപ്പിച്ചതെന്നാണ് ക്ഷീരകര്‍ഷകര്‍ ആരോപിക്കുന്നത്. മുന്‍കാലങ്ങളില്‍ പത്തോ പതിനഞ്ചോ രൂപ മാത്രമായിരുന്നു വര്‍ദ്ധിപ്പിച്ചിരുന്നത്. ഇത് കര്‍ഷകര്‍ക്ക് വലിയ ബുദ്ധിമുട്ട് വരുത്തിയിരുന്നില്ല. കര്‍ഷകരുടെ പുരോഗതി ഉറപ്പുവരുത്താന്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംഘങ്ങള്‍പോലും വിലവര്‍ദ്ധനവിനെതിരെ മൗനം പാലിക്കുകയാണ്. വൈക്കം നിയോജകമണ്ഡലത്തില്‍ ഏററവും സജീവമായി നിലകൊള്ളുന്ന ക്ഷീരമേഖല ഒരു കാലത്തും ഇത്രയധികം പ്രതിസന്ധി നേരിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷമുണ്ടായ കുളമ്പുരോഗബാധയില്‍ നിന്ന് കര്‍ഷകര്‍ ഒരുവിധത്തില്‍ കരകയറുന്നതിനിടയിലാണ് വീണ്ടും രോഗഭീഷണി. ഇതിനെ തകിടം മറിക്കുന്ന രീതിയിലാണ് കാലിത്തീററ വിലവര്‍ദ്ധനവും. അത്രശക്തമല്ലാത്ത ക്ഷീരമേഖലയില്‍ ഇടപെടലുകള്‍ നടത്തുവാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടുവരുന്നില്ല. കാരണം വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ ക്ഷീരകര്‍ഷകര്‍ അത്രവലിയ ശക്തിയൊന്നുമല്ല. പ്രശ്‌നങ്ങളെ ഗൗരവപൂര്‍വം കാണുവാന്‍ ഇനിയും അധികാരികള്‍ മറന്നാല്‍ ക്ഷീരമേഖല വരുംതലമുറയ്ക്ക് ഒരു ഓര്‍മ മാത്രമാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.