Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനധികൃത മണ്ണെടുപ്പ് ജനജീവിതത്തിന് ഭീഷണിയാകുന്നു.
22/11/2017

തലയോലപ്പറമ്പ്: നിയമങ്ങള്‍ കാറ്റില്‍പറത്തി വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ഇറുമ്പയത്ത് നടന്നുകൊണ്ടിരിക്കുന്ന അനധികൃത മണ്ണെടുപ്പ് ജനജീവിതത്തിന് ഭീഷണിയാകുന്നു. പ്രശ്‌നം ഇത്രയധികം വഷളായിട്ടും ചെറുവിരല്‍ അനക്കാന്‍ പോലും കഴിയാതെ പഞ്ചായത്ത് കാഴ്ചക്കാരായി നില്‍ക്കുകയാണ്. കാരണം ഇവര്‍ക്കെല്ലാം മുകളിലുള്ള അധികാരകേന്ദ്രങ്ങളെ കൂട്ടുപിടിച്ചാണ് മണ്ണെടുപ്പ് മാഫിയ വിലസുന്നത്. ഇപ്പോള്‍ ഏകദേശം പത്തിലധികം അനധികൃത മണ്ണെടുപ്പ് കേന്ദ്രങ്ങള്‍ ഇവിടെയുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. മണ്ണെടുപ്പ് ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചതിനെ തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ വിജിലന്‍സിനു പരാതി നല്‍കിയിരുന്നു. ഇതിനുശേഷം ആഴ്ചകള്‍ക്കുമുന്‍പ് ഇവര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മണ്ണുമായി പാഞ്ഞ പതിനെട്ടിലധികം ടിപ്പറുകളാണ് പിടികൂടിയത്. ഇതിലൂടെ വന്‍തുകയാണ് പിഴയായി സര്‍ക്കാര്‍ ഖജനാവിലേക്കു പോയത്. മണ്ണെടുപ്പ് നിയന്ത്രിക്കേണ്ട ജിയോളജി വകുപ്പ്, റവന്യു അധികാരികള്‍, പോലീസ് എന്നിവരെല്ലാം ഇവിടെ നോക്കുകുത്തികളാണ്. മാഫിയകളെല്ലാം ഇവര്‍ക്ക് കൃത്യമായി പടി നല്‍കുന്നത് നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്. കഴിഞ്ഞ ദിവസം മണ്ണെടുപ്പ് നടത്തുന്ന സംഘത്തിലെ ഒരാളോട് പടി ലഭിക്കേണ്ട സമയം വൈകിയതിനെ തുടര്‍ന്ന് ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ ഫോണിലൂടെ തട്ടിക്കയറുന്നത് നാട്ടുകാരില്‍ ചര്‍ച്ചയായിരിക്കുകയാണ്. മണ്ണെടുപ്പ് നിയന്ത്രിക്കാന്‍ ഇനിയും വൈകിയാല്‍ ഇറുമ്പയം ഗ്രാമം തന്നെ ഇല്ലാതായേക്കാം. കാരണം ഇപ്പോള്‍ തന്നെ നാട്ടുകാര്‍ക്കിടയില്‍ മണ്ണെടുപ്പ് മൂലം ഉണ്ടാകുന്ന പൊടി പലതരത്തിലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കാണ് വഴി തെളിക്കുന്നത്. അതുപോലെ തന്നെ ജനങ്ങള്‍ ആശ്രയിക്കുന്ന കിണറുകളുടെ അവസ്ഥയും അടിക്കടി മോശമായിക്കൊണ്ടിരിക്കുകയാണ്. മേഖലയിലെ പ്രധാന റോഡുകളെല്ലാം മണ്ണുമായി പായുന്ന ടിപ്പറുകള്‍ കൊണ്ട് തകര്‍ന്നുകഴിഞ്ഞു. കലയത്തുംകുന്ന്-പൂവത്തുംചുവട് റോഡ്, കപ്പേള-എച്ച്.എന്‍.എല്‍ റോഡ്, കപ്പേള-സി.സി.എല്‍ റോഡ്, തവളക്കുളം- ഹെല്‍ത്ത് സെന്റര്‍ റോഡ് എന്നിവയെല്ലാം തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. വേനല്‍ കടുക്കുന്നതോടെ മണ്ണെടുപ്പ് കൂടുതല്‍ തകൃതിയാക്കാനുള്ള ചരടുവലികള്‍ ഇവര്‍ ആരംഭിച്ചുകഴിഞ്ഞു. ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നങ്ങളോട് രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നത് മാഫിയകള്‍ക്ക് കാര്യങ്ങള്‍ അനുകൂലമാക്കുന്നു. മണ്ണെടുപ്പ് തടയുവാന്‍ പഞ്ചായത്ത് തന്നെ മുന്നിട്ടിറങ്ങണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.