Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവലോകന യോഗം ചേര്‍ന്നു.
16/11/2017

വൈക്കം: ചരിത്രപ്രസിദ്ധമായ അഷ്ടമി മഹോത്സവത്തിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേര്‍ന്നു. ഒക്‌ടോബര്‍ 20ന് ചേര്‍ന്ന യോഗതീരുമാനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. വിവിധ വകുപ്പുകള്‍ നടത്തേണ്ട ക്രമീകരണങ്ങള്‍ ഏകദേശം പൂര്‍ത്തിയായതായി വകുപ്പ് മേധാവികള്‍ അറിയിച്ചു. വാട്ടര്‍ അഥോറിറ്റിയും പി.ഡബ്ല്യു.ഡിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍, വൈദ്യൂതി ചാര്‍ജ്ജ് കുടിശിഖമൂലം വാട്ടര്‍ അഥോറിറ്റിയുടെ ബാങ്ക് അക്കൗണ്ട് റവന്യൂ വകുപ്പ് മരവിപ്പിച്ച വിഷയം എന്നിവ പരിഹരിക്കാനായില്ല. നഗരസഭയിലെ ടോയ്‌ലറ്റുകള്‍ തീര്‍ത്ഥാടകര്‍ക്ക് തുറന്നുകൊടുക്കണമെങ്കില്‍ വാട്ടര്‍ കണക്ഷന്‍ നല്‍കേണ്ടതുണ്ട്. കഴിഞ്ഞ യോഗത്തില്‍ 15ന് മുന്‍പ് റോഡുകളുടെ അറ്റകുറ്റപണികള്‍ തീര്‍ക്കുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. അഷ്ടമി സമയത്ത് 24 മണിക്കൂറും വൈദ്യസഹായം ലഭ്യമാക്കും. ഒരു ആംബുലന്‍സ് ക്ഷേത്രത്തിന് സമീപവും, മറ്റൊരെണ്ണം ആശുപത്രിയിലും എപ്പോഴും ഉണ്ടാകും. സുരക്ഷക്കായി 880 പോലീസുകാരെ നിയോഗിക്കും. ബീച്ച്, ബോട്ട്‌ജെട്ടി, കച്ചേരിക്കവല എന്നിവിടങ്ങളില്‍ നിരീക്ഷണത്തിനായി വാച്ച് ടവര്‍ നിര്‍മിക്കും. ഫയര്‍ഫോഴ്‌സിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് എടുത്ത് രാത്രിയിലും സര്‍വീസ് നടത്തും. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉത്സവദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ഇതിനായി 10 ബസുകള്‍ അനുവദിച്ചിട്ടുണ്ട്. വൈക്കം-തവണക്കടവ് ഫെറിയില്‍ ഏഴു ബോട്ടുകള്‍ സര്‍വീസ് നടത്തും. ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പുണ്യപൂങ്കാവനം പദ്ധതിയുടെ ഭാഗമായി വടക്കേനടയില്‍ പ്ലാസ്റ്റിക്ക് സഞ്ചികള്‍ക്ക് പകരം തുണിസഞ്ചികള്‍ നല്‍കും. എഴുന്നള്ളത്തിന് എത്തുന്ന ആനയുടെ കൂടെനിന്ന് സെല്‍ഫി എടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും യോഗത്തില്‍ തീരുമാനമായി. ടി.വി.പുരം ക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളത്ത് സുരക്ഷ കണക്കിലെടുത്ത് തെക്കേനട വഴിയാക്കണമെന്ന എം.എല്‍.എയുടെ അഭിപ്രായത്തോട് യോഗം യോജിച്ചില്ല. എഴുന്നള്ളത്തുകള്‍ പതിവുപോലെ നടത്തുന്നതിന് ആവശ്യമായ സുരക്ഷ ഒരുക്കുമെന്ന് പോലീസ് ഉറപ്പുനല്‍കി. ബീച്ചിലെ കല്‍ക്കെട്ടില്‍ വേലി സ്ഥാപിക്കണമെന്ന് ഫയര്‍ഫോഴ്‌സ് ശക്തമായി ആവശ്യപ്പെട്ടു. എന്നാല്‍ ഫണ്ടില്ലാത്തതിനാല്‍ പ്ലാസ്റ്റിക്ക് കയര്‍ കെട്ടാന്‍ തീരുമാനിച്ചു. യോഗത്തില്‍ സി.കെ ആശ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. വൈക്കം ഡി.വൈ.എസ്.പി. കെ.സുഭാഷ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരദേവി, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, തഹസില്‍ദാര്‍ കെ.എസ്.സുജാത, ദേവസ്വം കമ്മീഷണര്‍ ബി.എന്‍ രഘു എന്നിവര്‍ പങ്കെടുത്തു.