Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫാം ടൂറിസത്തില്‍ ദമ്പതികള്‍ ചരിത്രമെഴുതുന്നു
15/11/2017
തലയാഴം ഗ്രാമപഞ്ചായത്തിലെ തോട്ടകത്ത് പ്രവര്‍ത്തിക്കുന്ന ഫിഷ് ഫാം.

വൈക്കം: ടൂറിസം രംഗത്ത് ദമ്പതികള്‍ ചരിത്രമെഴുതുന്നത് തലയാഴം ഗ്രാമപഞ്ചായത്തിനെ ആനന്ദിപ്പിക്കുകയാണ്. തലയാഴം ഗ്രാമപഞ്ചായത്തിലെ തോട്ടകത്ത് ഫാം ടൂറിസത്തിലൂടെ ദമ്പതികളായ വിപിനും അനിലയും വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2014ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഫാം ടൂറിസം പദ്ധതി ആരംഭത്തില്‍ വലിയ പ്രതിസന്ധികളെയെല്ലാം നേരിട്ടെങ്കിലും വിജയം കൈപ്പിടിയിലൊതുക്കാമെന്ന ഉത്തമവിശ്വാസം ദമ്പതികള്‍ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കികൊടുത്തത്. 2017ല്‍ ഇവരുടെ സംരംഭം എത്തി നില്‍ക്കുമ്പോള്‍ സംതൃപ്തി നിറഞ്ഞ വാക്കുകളാണ് ഇവര്‍ക്ക് പറയാനുള്ളത്. വിദേശികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് വിനോദസഞ്ചാരികളാണ് 'ഫിഷ് വേള്‍ഡ്' എന്ന പേരിലുള്ള ഇവരുടെ ഫാമിലെത്തുന്നത്. കുട്ടികളെയാണ് ഫാമിലേക്ക് ഏറ്റവുമധികം ആകര്‍ഷിപ്പിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നായി നൂറുകണക്കിന് സ്‌ക്കൂള്‍ കുട്ടികളാണ് എത്തുന്നത്. ജലസസ്യങ്ങളുടെ പാര്‍ക്കാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. നൂറ്റിഅമ്പതില്‍പരം മത്സ്യശേഖരവും ഇവിടെയുണ്ട്. നാടനും വിദേശ ഇനത്തില്‍പ്പെട്ടതുമായ മത്സ്യകുഞ്ഞുങ്ങളുടെ ശേഖരം ആരെയും ആനന്ദിപ്പിക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. പ്രകൃതിയെ നോവിപ്പിക്കാത്ത രീതിയിലുള്ള പദ്ധതികളാണ് ഇവിടെ നടത്തിപ്പോരുന്നത്. ഇപ്പോള്‍ തന്നെ പഞ്ചായത്തിലെ നിരവധികണക്കിന് വീട്ടമ്മമാര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട്. ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, അയല്‍ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികള്‍ ഫാമിന്റെ സൗന്ദര്യം ഒരുതവണ ആസ്വദിച്ചതിന്റെ സന്തോഷത്തില്‍ അവരുടെ നാട്ടില്‍നിന്ന് വര്‍ഷംതോറും നിരവധി പേരെയാണ് ഇവിടേക്ക് പറഞ്ഞുവിടുന്നത്. ഇപ്പോള്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികളെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത് ഇവിടുത്തെ നാടന്‍ അടുക്കളയാണ്. ഏതുതരത്തിലുള്ള നാടന്‍ മത്സ്യങ്ങളും ഏതുസമയവും ഈ അടുക്കളെയ സമ്പുഷ്ടമാക്കുന്നു. കരിമീന്‍, വരാല്‍, കാരി, പരല്‍, ചെമ്മീന്‍ എന്നിവയുടെയെല്ലാം നാടന്‍രുചി നാടന്‍ ടൂറിസ്റ്റുകള്‍ക്കൊപ്പം വിദേശികളുടെയും മനം നിറക്കുന്നു. ജനപങ്കാളിത്ത ടൂറിസം പദ്ധതിയായ പെപ്പര്‍ ടൂറിസം വൈക്കത്ത് സജീവമാകുമ്പോള്‍ ഇതിനെ അടിസ്ഥാനമാക്കി കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഈ ദമ്പതികള്‍. ടൂറിസം രംഗത്തെ പരിപോഷിപ്പിക്കുവാന്‍ സര്‍ക്കാര്‍തലത്തില്‍ വാരിക്കോരി ഫണ്ടുകള്‍ അനുവദിക്കുമ്പോള്‍ കഴിഞ്ഞ നാലു വര്‍ഷമായി ഈ രംഗത്തു സജീവമായി നില്‍ക്കുന്ന ഇവര്‍ക്ക് ഒരു രൂപപോലും ലഭിച്ചിട്ടില്ലെന്ന് വേദനയോടെയാണ് ഇവര്‍ പറയുന്നത്. സര്‍ക്കാര്‍ സഹായം ഉറപ്പുവരുത്തുവാന്‍ സാധിച്ചാല്‍ വലിയ പദ്ധതികള്‍ ഇവര്‍ക്ക് ആസൂത്രണം ചെയ്യാന്‍ സാധിക്കും. വരുമാനലഭ്യതയില്‍ നൂറ്റാണ്ടുകളായി പിന്നോക്കം നില്‍ക്കുന്ന മണ്ഡലത്തിലെ പ്രധാന പഞ്ചായത്തുകളില്‍ ഒന്നാണ് തലയാഴം. ടൂറിസം കേന്ദ്രീകരിച്ച് പഞ്ചായത്തിലെ മുണ്ടാറും തോട്ടകവുമെല്ലാം വലിയ മുന്നേറ്റം നടത്തുമ്പോള്‍ ഇവിടെയെല്ലാം കണ്ണടച്ച് ഇരുട്ടാക്കുന്ന പ്രവണതയാണ് ഉത്തരവാദിത്തപ്പെട്ടവര്‍ കാണിച്ചുപോരുന്നത്. ഇതിനുമാറ്റമുണ്ടാക്കി വളര്‍ന്നുവരുന്ന ടൂറിസം സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുവാനും അതിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുവാനും സാധിച്ചാല്‍ കുമരകത്തിന് സമാനമായ മുന്നേറ്റമുണ്ടാക്കാന്‍ തലയാഴത്തിനുസാധിക്കും. അതുപോലെ ടൂറിസം കേന്ദ്രീകരിച്ച് റൂട്ട് മാപ്പുകള്‍ തയ്യാറാക്കുകയും ഇതുപോലുള്ള ചെറിയ സംരംഭങ്ങളെ മറ്റ് സ്ഥലങ്ങളിലേക്ക് അറിയിക്കുവാനുമുള്ള വഴിയൊരുക്കുവാനും പഞ്ചായത്ത് രംഗത്തിറങ്ങണമെന്നതാണ് ടൂറിസം രംഗത്ത് സജീവമായി നില്‍ക്കുന്നവരുടെ ആവശ്യം.