Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വലിയാനപ്പുഴ പാലത്തിന് ഭീഷണിയായി കാടുകള്‍.
14/11/2017
വൈക്കം വലിയാനപ്പുഴ പാലത്തിന്റെ ഇരുവശങ്ങളിലും കാടുപിടിച്ച നിലയില്‍.

വൈക്കം: വലിയാനപ്പുഴ പാലത്തിന് ഭീഷണിയായി കാടുകള്‍. രാത്രി കാലങ്ങളില്‍ കാടുപിടിച്ചുകിടക്കുന്ന പുല്ലുകള്‍ക്കിടയില്‍ മദ്യപാനം ഉള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. അപകടഭീഷണി ഒഴിവാക്കുവാന്‍ പാലത്തിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തികള്‍ തീര്‍ത്തിട്ടുണ്ടെങ്കിലും ഇതിനെയെല്ലാം വെല്ലുന്നരീതിയിലാണ് പുല്ലുവളര്‍ന്നു നില്‍ക്കുന്നത്. ഇരുചക്രവാഹനങ്ങളിലെത്തുന്നവരാണ് കൂടുതലായി അപകടത്തില്‍പ്പെടുന്നത്. വലിയ വാഹനങ്ങളും വലിയ ബുദ്ധിമുട്ടാണ് പാലത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ചേര്‍ത്തല-വൈക്കം റോഡിലെ പ്രധാന പാലത്തോട് പൊതുമരാമത്ത് വകുപ്പ് തികഞ്ഞ അനാസ്ഥയാണ് പുലര്‍ത്തുന്നത്. പാലം നിര്‍മാണം ആരംഭിച്ച കാലം മുതല്‍ തന്നെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. മന്ത്രിബന്ധുവിന്റെ സ്വന്തക്കാരന്റെ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് പാലം നിര്‍മിച്ചതെന്ന ആക്ഷേപവുമായി പലരും രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് പാലം പൂര്‍ത്തിയായെങ്കിലും നിര്‍മാണവേളയില്‍ പറഞ്ഞരീതിയിലുള്ള ഒരു ഗുണവശങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല. വലിയാനപ്പുഴയിലെ നീരൊഴുക്ക് നേര്‍വഴിയിലാക്കുന്നതിനോടൊപ്പം വിദേശികളെ ആകര്‍ഷിക്കത്തക്കരീതിയില്‍ ടൂറിസം സജീവമാക്കുവാനുമെല്ലാം പദ്ധതികള്‍ ഇട്ടിരുന്നു. എന്നാല്‍ ഒരു പദ്ധതിയും പച്ചതൊട്ടില്ല. പണ്ട് പാലത്തിന് പകരമുണ്ടായിരുന്ന മുട്ടുതന്നെയാണ് ഇതിലും ഭേദമെന്ന് ഇപ്പോള്‍ നാട്ടുകാര്‍ക്ക് തോന്നിത്തുടങ്ങി. പാലത്തിന്റെ സമീപങ്ങളില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മാലിന്യനിക്ഷേപവുമുണ്ട്. പാലത്തില്‍ പടര്‍ന്നുനില്‍ക്കുന്ന കാടുകള്‍ വെട്ടിമാറ്റുവാന്‍ ഇനിയും നടപടികള്‍ വൈകിയാല്‍ ഇവിടെ പതിയിരിക്കുന്നത് വലിയ അപകടങ്ങളായിരിക്കും. മാസങ്ങള്‍ക്ക് മുന്‍പ് പാലത്തിലെ കാട്ടിലേക്ക് ദിശയറിയാതെ ഇടിച്ചുകയറിയ ഇരുചക്ര വാഹനയാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് സാരമായി പരുക്കേറ്റിരുന്നു. ഇവര്‍ രണ്ടുപേരും ഇപ്പോഴും പൂര്‍ണമായ ആരോഗ്യസ്ഥിതി കൈവരിച്ചിട്ടില്ല. പാലത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും പൊതുമരാമത്ത് വകുപ്പ് കാണിക്കുന്ന നിഷ്‌ക്രിയത്വം ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിക്കൊണ്ടിരിക്കുകയാണ്. അഷ്ടമി ആഘോഷവും മണ്ഡലകാലവും എത്തുന്നതോടെ നിരവധി വാഹനങ്ങളായിരിക്കും പാലത്തിലൂടെ കടന്നുപോകുന്നത്. വാഹനങ്ങളില്‍ എത്തുന്നവര്‍ പലരും പാലത്തിലെ കാടുകളെക്കുറിച്ച് ഒരു സൂചനപോലും ഇല്ലാത്തവരായിരിക്കും. ഇത് അപകടസാധ്യത ഉണ്ടാക്കുവാനും ഇടയാക്കിയേക്കും. നിര്‍മാണവേളയില്‍ തന്നെ വിവാദചുഴിയില്‍ അകപ്പെട്ട പാലം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും വിവാദങ്ങള്‍ വിട്ടുമാറാത്ത അവസ്ഥയിലാണ്. വിഷയത്തില്‍ നഗരസഭയും തലയാഴം ഗ്രാമപഞ്ചായത്തും പൊതുമരാമത്തിന്റെ മേല്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തണമെന്നതാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.