Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുളമ്പുരോഗബാധ ക്ഷീരമേഖലയെ തകര്‍ക്കുന്നു.
12/01/2016

കുളമ്പുരോഗബാധ ക്ഷീരമേഖലയെ തകര്‍ക്കുന്നു. ഓരോദിവസം ചെല്ലുന്തോറും പ്രശ്‌നത്തിന്റെ തീവ്രത ഇത്രയധികം വര്‍ദ്ധിച്ചിട്ടും മൃഗസംരക്ഷണ വകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. മൃഗാശുപത്രികള്‍ വെറും കാഴ്ചക്കാരായി നില്‍ക്കുന്ന അവസ്ഥയാണ്. നിര്‍ദ്ധനരായ ക്ഷീരകര്‍ഷകര്‍ അസുഖവിവരം സംബന്ധിച്ച് മൃഗാശുപത്രിയില്‍ എത്തിയാല്‍ പുറത്തേക്ക് വിലയേറിയ മരുന്നുകള്‍ കുറിച്ചുനല്‍കുക എന്ന ഉത്തരവാദിത്വം മാത്രമാണ് ഇവര്‍ നിര്‍വഹിക്കുന്നത്. മൂന്ന് ഗുളികക്ക് മുന്നൂറിലേറെ വില വരുന്നു. പലരും മരുന്ന് വാങ്ങാനുള്ള സാമ്പത്തികശേഷി ഇല്ലാത്തവരാണ് എങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളെയെല്ലാം അതിജീവിച്ച് ഇവര്‍ പശുക്കളെ പരിപാലിക്കുന്നു. കുളമ്പുരോഗം തലയാഴം പഞ്ചായത്തിനെയാണ് ഏററവുമധികം തകര്‍ത്തിരിക്കുന്നത്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ മൂന്ന് പശുക്കള്‍ക്കും മൂന്ന് കാളകള്‍ക്കും കുളമ്പുരോഗം ബാധിച്ചിരിക്കുകയാണ്. ജീവനക്കാര്‍ മികച്ചരീതിയിലുള്ള പരിചരണം നല്‍കുന്നുണ്ടെങ്കിലും പശുക്കളുടെ അവസ്ഥ ദയനീയമാണ്. കുളമ്പുരോഗത്തിനുള്ള മരുന്നുകള്‍ ചില പ്രത്യേക കടകളില്‍ മാത്രമാണ് ലഭിക്കുന്നത്. അതാത് പ്രദേശത്തെ ക്ഷീരകര്‍ഷകര്‍ മരുന്നിനു വേണ്ടി പഞ്ചായത്ത് പരിധിയിലെ മൃഗാശുപത്രിയില്‍ത്തന്നെ എത്തി മരുന്നു വാങ്ങണമെന്ന നിര്‍ബന്ധവും ഡോക്ടര്‍മാര്‍ തുടരുന്നുണ്ട്.
ഒന്നിലേറെ പശുക്കള്‍ക്ക് രോഗം ബാധിച്ച കര്‍ഷകര്‍ക്ക് പ്രതിദിനം ആയിരത്തിലധികം രൂപ മരുന്നിനായി മുടക്കേണ്ടിവരുന്നു. രോഗ പ്രതിരോധ ചികിത്സ സൗജന്യമാക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. തലയാഴം പഞ്ചായത്തില്‍ ഇപ്പോള്‍ ഏകദേശം 150ലധികം പശുക്കള്‍ക്ക് രോഗം പിടിപെട്ടതായാണ് അനൗദ്യോഗിക കണക്ക്. തോട്ടകം, വാക്കേത്തറ, ചെട്ടിക്കരി, പുതുക്കരി, മുണ്ടാര്‍, മാരാംവീട്, വിയററ്‌നാം, ഇടഉല്ലല, കൊതവറ, ഇടയാഴം മേഖലകളിലാണ് കുളമ്പുരോഗം വ്യാപകമായിക്കൊണ്ടിരിക്കുന്നത്. 15 ലിറററോളം പാല്‍ ലഭിച്ചിരുന്ന പശുക്കള്‍ക്ക് രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ഇപ്പോള്‍ മൂന്ന് ലിററര്‍ പാല്‍ മാത്രമാണ് ലഭിക്കുന്നത്. കറന്നുകിട്ടുന്ന പാല്‍ ഇവര്‍ കമഴ്ത്തിക്കളയുകയാണ്. പശുക്കളെ വളര്‍ത്തി കുടുംബജീവിതം പുലര്‍ത്തി പോന്നിരുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് കുളമ്പുരോഗബാധയില്‍ വലയുന്നത്. ഈ വിഷയത്തില്‍ ഇനിയും അലംഭാവം വെടിഞ്ഞ് കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുവാന്‍ മൃഗാശുപത്രികള്‍ക്കുമേല്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുവാന്‍ ക്ഷീരസംഘങ്ങള്‍ മുന്നിട്ടിറങ്ങണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. മണ്ഡലത്തിലെ പല ക്ഷീരസംഘങ്ങളിലും കുളമ്പുരോഗ ബാധയെത്തുടര്‍ന്ന് ദിവസേന ലഭിക്കുന്ന പാലിന്റെ അളവില്‍ വന്‍ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്.