Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശുപത്രി സംരക്ഷണ സമിതി രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
11/11/2017

വൈക്കം: താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ സംബന്ധിച്ച പരാതികളും ആശങ്കകളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രി സംരക്ഷണ സമിതി രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിത്യേന ആയിരക്കണക്കിന് രോഗികളാണ് ഒ.പി വിഭാഗത്തില്‍ മാത്രമായി ആശുപത്രിയില്‍ എത്തുന്നത്. കിടത്തി ചികിത്സക്ക് അതില്‍ പകുതിയോളം പേരെങ്കിലും വിധേയരാകേണ്ടി വരുന്നുണ്ട്. എന്നാല്‍ ഇത്രയും ആളുകള്‍ക്ക് സൗകര്യപ്രദമായവിധം ചികിത്സ നല്‍കുവാനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുവാനും നിലവിലുള്ള പോരായ്മകള്‍ അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്. ഇവിടെ ഒരു സ്വകാര്യ ആശുപത്രി പോലും അടിയന്തിര ഘട്ടത്തില്‍ രോഗിക്ക് ആശ്രയിക്കാന്‍ ഇല്ലെന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥമൂലം നിരവധി ജീവനുകളാണ് വഴിമധ്യേ അപഹരിക്കപ്പെടാന്‍ ഇടയാക്കിയിട്ടുള്ളത്. കാര്‍ഡിയാക് സംവിധാനം ഏര്‍പ്പെടുത്തണം എന്നത് വര്‍ഷങ്ങളായി വൈക്കത്തുകരുടെ ആവശ്യമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തീര്‍ത്തും സാധാരണക്കാര്‍ അധിവസിക്കുന്ന വൈക്കത്ത് ജീവന്‍ രക്ഷാ നടപടികള്‍ സ്വീകരിക്കുവാന്‍ പരിമിതമായ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണവും, സാങ്കേതിക സൗകര്യങ്ങളുടെ പോരായ്മയും വലിയ ഘടകമായി മാറുന്നു. പുതിയ ആശുപത്രിക്കായി എം.എല്‍.എയുടെ ഇടപെടല്‍ മൂലം നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നുണ്ടെങ്കിലും നിലവിലെ അവസ്ഥക്ക് പരിഹാരം കണ്ടെത്താനും, തുടര്‍ന്നുള്ള ആവശ്യങ്ങളില്‍ ഇടപെട്ട് ശാശ്വതമായ പരിഹാരം ഉറപ്പാക്കുവാനും ഒരു ജനകീയ സമിതി അനിവാര്യമാണ്. നിലവില്‍ വിവിധ സന്നദ്ധ സംഘടനകള്‍ ചെറുതും വലുതുമായ ഇടപെടലുകളും, സൗകര്യങ്ങളും ഒരുക്കി നല്‍കാറുണ്ടെങ്കിലും ഒരു പൊതു സംവിധാനത്തിന്റെ ഭാഗമായി സംഘടിതമായി വിവിധ സന്നദ്ധ സംഘടനകളെയും, ജനരക്ഷ, റോട്ടറി, ജനമൈത്രി പോലീസ്, ആശുപത്രി മാനേജിങ് കമ്മറ്റി എന്നിവയെ എല്ലാം ഉള്‍പ്പെടെ ഒരുമിപ്പിച്ചും ജനകീയ കൂട്ടായ്മയോടെ ആശുപത്രി സംരക്ഷണ സമിതി രൂപീകൃതമായാല്‍ അത്യാവശ്യ അടിസ്ഥാന പ്രശ്‌നങ്ങള്‍ എങ്കിലും പരിഹരിക്കപ്പെടുമെന്നു എമര്‍ജിങ് വൈക്കം അഭിപ്രായപ്പെട്ടു. ഏറ്റവും അടുത്ത സമയത്ത് തന്നെ ഇത്തരത്തില്‍ ഒരു സംവിധാനം രൂപീകരിക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ആര് മുന്‍കൈ എടുത്താലും അതിനൊപ്പം സഹകരിക്കാന്‍ തയ്യാറാണെന്നു എമര്‍ജിങ് വൈക്കം സോഷ്യല്‍ മീഡിയ കൗണ്‍സില്‍ പ്രസിഡന്റ് വിനോദ് വൈക്കം, സെക്രട്ടറി അഡ്വ. എ.മനാഫ് എന്നിവര്‍ അറിയിച്ചു.