Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരാധനാലയങ്ങള്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറണമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍
09/11/2017
ഉല്ലല ഓംകാരേശ്വരം ക്ഷേത്രം നിര്‍മ്മിച്ച നവതി സ്മാരകമന്ദിരം എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ആരാധനാലയങ്ങള്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറണമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍ പറഞ്ഞു. ക്ഷേത്ര വരുമാനത്തിലെ ഒരു ഭാഗം സമൂഹത്തില്‍ നിര്‍ദ്ധന രോഗികളായി കഴിയുന്നവര്‍ക്കും, വീടില്ലാതെ വിഷമിക്കുന്നവര്‍ക്കും മറ്റു ദുരിതം അനുഭവിക്കുന്നവര്‍ക്കും വേണ്ടി മാറ്റണം. പാവപ്പെട്ടവന്റെ കണ്ണീര് ഒപ്പുന്നതാണ് ഈശ്വരാരാധനയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തില്‍ നിര്‍മ്മിച്ച നവതി സ്മാരക മന്ദിരത്തിന്റെയും, ശിവഗിരി ഗുരുദേവ പ്രതിഷ്ഠാ കനകജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓംകാരേശ്വരം ക്ഷേത്രത്തിന്റെ പരിധിയിലുളള ആറ് ശാഖാ യോഗങ്ങളിലും വീടില്ലാത്തവര്‍ക്കായി ഓരോ വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ നിര്‍ദ്ദേശിച്ചു. കേരളത്തില്‍ കിടപ്പാടം ഇല്ലാതെയും, ദാരിദ്ര്യം അനുഭവിക്കുന്നവരിലേറെയും ശ്രീനാരായണീയ സമൂഹവും, പട്ടികജാതി വിഭാഗങ്ങളുമാണ്. ഇവര്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ശ്രീനാരായണീയ സമൂഹം സംഘടിത ശക്തിയായി ഉയരാത്തതാണ് ഈ അവഗണനയ്ക്ക് കാരണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്റ് പി വി ബിനേഷ് അധ്യക്ഷത വഹിച്ചു. എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ കനകജൂബിലി സന്ദേശം നല്‍കി. യൂണിയന്‍ സെക്രട്ടറി എം പി സെന്‍ മുഖ്യ പ്രഭാഷണം നടത്തി. തങ്കമ്മ മോഹനന്‍, കെ എസ് പ്രീജു, സുരേന്ദ്രന്‍, കെ വി പ്രസന്നന്‍, കെ ആര്‍ പ്രസന്നന്‍, കെ എസ് സാജു, എന്‍ ശശീന്ദ്രന്‍, കെ എം ഷബിത എന്നിവര്‍ പ്രസംഗിച്ചു.