Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂന്നു വര്‍ഷമായി നരേന്ദ്രമോദി സര്‍ക്കാര്‍ പിന്തുടരുന്ന സാമ്പത്തിക രാഷ്ട്രീയ നയങ്ങള്‍ എല്ലാവിഭാഗം ജനങ്ങളെയും ദുരിതത്തിലാഴ്ത്തിയെന്ന് കാനം രാജേന്ദ്രന്‍
28/10/2017
വൈക്ക് ജനകീയാത്രയ്ക്ക് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ ക്യാപ്റ്റന്‍ കാനം രാജേന്ദ്രന്‍ പ്രസംഗിക്കുന്നു.

വൈക്കം: മൂന്നു വര്‍ഷമായി നരേന്ദ്രമോദി സര്‍ക്കാര്‍ പിന്തുടരുന്ന സാമ്പത്തിക രാഷ്ട്രീയ നയങ്ങള്‍ എല്ലാവിഭാഗം ജനങ്ങളെയും ദുരിതത്തിലാഴ്ത്തി. ദിനംപ്രതി ജനങ്ങളുടെ ജീവിത ദുരിതങ്ങള്‍ ഏറിവരുകയാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെക്കന്‍മേഖലാ ജനകീയ യാത്രയ്ക്ക് വൈക്കത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു കാനം. മോദി അവകാശപ്പെട്ട വികസനക്കുതിപ്പ് കുഴിയാനയുടെ നടപ്പുപോലെയാണ്. രാജ്യത്തെ തൊഴില്‍ നിയമങ്ങളെയെല്ലാം അവര്‍ മൂലധനശക്തികള്‍ക്കു വേണ്ടി മാറ്റിയെഴുതുന്നു. കാര്‍ഷികമേഖല തകര്‍ത്തു. കൃഷിക്കാര്‍ സംഘടിതരല്ല. കര്‍ഷകരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നേയില്ല. കടക്കെണിയിലായ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഇതിനെല്ലാമെതിരെ രാജ്യത്ത് ജനകീയ-തൊഴിലാളി സമരങ്ങള്‍ വളര്‍ന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സമരങ്ങളെ ഭിന്നിപ്പിക്കാനും തളര്‍ത്തുവാനും വേണ്ടി ബി.ജെ.പി- ആര്‍.എസ്.എസ് ശക്തികള്‍ മതവും ജാതിയും പറയുകയാണ്. ദേശീയ സ്വാതന്ത്ര്യസമര ചരിത്രം പോലും തിരുത്തിയെഴുതുന്നു. മതേതരത്വവും ജനാധിപത്യവും ഭരണഘടനാ തത്വങ്ങളും സംരക്ഷിക്കാന്‍ നാം ജാഗ്രത പുലര്‍ത്തണമെന്നും കാനം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരായ ഒരു ജനപക്ഷ ബദല്‍ സൃഷ്ടിക്കാനാണ് കേരളസര്‍ക്കാര്‍ പരിശ്രമിക്കുന്നത്. അതിന് നാം ശക്തിപകരണം. കോണ്‍ഗ്രസ് എല്ലാ പുരോഗമനവും നഷ്ടപ്പെട്ട് തകര്‍ച്ചയിലേക്ക് നീങ്ങുന്നു. ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്സിനെ എ കോണ്‍ഗ്രസ് എന്നു വിളിക്കുന്നതിന്റെ രഹസ്യം പുറത്താകുമെന്നും അദ്ദേഹം പറഞ്ഞു. ജാഥാഅംഗങ്ങളായ എ വിജയരാഘവന്‍, ജോര്‍ജ്ജ് ജോസഫ്, റ്റി എന്‍ രമേശന്‍, വി കെ സന്തോഷ്‌കുമാര്‍, കെ അരുണന്‍, കെ കെ ഗണേശന്‍, കെ ശെല്‍വരാജ്, കെ ഡി വിശ്വനാഥന്‍, പി സുഗതന്‍, റ്റി വി ബേബി, രാജീവ് നെല്ലിക്കുന്നേല്‍, അഡ്വ. പി കെ ചിത്രഭാനു, കെ അജിത്ത്, എം കെ ദിലീപ്, സുഭാഷ് പുല്ലഞ്ചക്കോട്ടില്‍, എം.പി ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബോട്ടുജെട്ടി മൈതാനിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അഡ്വ. പി കെ ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അതിര്‍ത്തിയായ പെരുവയില്‍ നിന്നും സി പി എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി കെ കൃഷ്ണന്‍, അഡ്വ. വി ബി ബിനു, അര്‍ സുശീലന്‍, കെ ഡി വിശ്വനാഥന്‍, പി വി സുനില്‍, സി കെ ആശ എം എല്‍ എ, ടി എം സദന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജാഥയെ സ്വീകരിച്ചു. അവിടെ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ എത്തിയ ജാഥയെ വൈക്കത്ത് കച്ചേരിക്കവലയില്‍ നിന്നും സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സമ്മേളനവേദിയിലേക്ക് ആനയിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും, വിവിധ ട്രേഡ് യൂണിയന്‍ യുവജന മഹിളാ സംഘടനകള്‍ക്കും വേണ്ടി നൂറ് കണക്കിനാളുകള്‍ ഹാരമണിയിച്ച് ജാഥയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.