Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഐ.പി.എസുകാരിയാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവതി പോലീസ് പിടിയില്‍
20/10/2017
അഷിത

വൈക്കം: ഐ.പി.എസുകാരിയാണെന്ന വ്യാജേന എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുകയും ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത യുവതിയെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമാരനല്ലൂര്‍ കുക്കു നിവാസില്‍ മോഹനന്റെ മകള്‍ അഷിതയാണ് പോലീസ് പിടിയിലായത്. പാലക്കാട് വീട് വാടകയ്‌ക്കെടുത്ത് വിജിലന്‍സ് ഡിപ്പാര്‍ട്ടുമെന്റിലെ ലോ ആന്റ് ഓര്‍ഡര്‍ ഓഫീസറാണെന്ന് ധരിപ്പിച്ച് താമസിക്കുകയായിരുന്നു. അച്ഛനും അമ്മയും ഇവരോടൊപ്പമുണ്ടായിരുന്നു. അവിടെ താമസിച്ചിരുന്ന അയല്‍വാസിയുടെ മകനെ തന്റെ ഡ്രൈവറും പി.എയുമായി ഇവര്‍ നിയമിച്ചു. പരിശോധകള്‍ക്കിടയില്‍ ചെക്ക് പോസ്റ്റുകള്‍ക്ക് സമീപത്തുനിന്ന് വളരെ ദൂരെ വാഹനം മാറ്റി നിര്‍ത്തിയ ശേഷം ഫയലുകളുമായി ഓഫീസില്‍ കയറി മണിക്കൂറുകള്‍ക്കുശേഷം തിരിച്ചു വരുകയായിരുന്നു പതിവ്. ശമ്പളം കിട്ടുമ്പോള്‍ രൂപ കൊടുക്കാമെന്ന് പറഞ്ഞ് മൂന്നുലക്ഷം രൂപ അയല്‍വാസിയുടെ മകനില്‍ നിന്നും വാങ്ങിയിരുന്നു. പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് അഷിതയെ അന്വേഷിച്ച് പോലീസിലെത്തി പരാതി നല്‍കിയതൊടെയാണ് യുവതിയുടെ തട്ടിപ്പ് വെളിയില്‍ വന്നത്. 57000 രൂപ ശമ്പളമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ പലരില്‍ നിന്നും ഇവര്‍ പണം വാങ്ങിയിരുന്നു. ഇതിനിടയിലാണ് താന്‍ ഐ.പി.എസ് ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് കഴിഞ്ഞ സെപ്റ്റംബര്‍ 19ന് തലയാഴം സ്വദേശി അഖില്‍ കെ.മനോഹറുമായി അഷിത വിവാഹിതയായി. കഴിഞ്ഞ ദിവസം വൈക്കം പോലീസ് സ്‌റ്റേഷനു സമീപത്തു വെച്ച് തന്നെ കബളിപ്പിച്ച് മൂന്നു ലക്ഷം രൂപ കൈക്കലാക്കിയ അഷിതയെ അന്വേഷിച്ചെത്തിയ ആലത്തൂര്‍ സ്വദേശി സാന്റോ വൈക്കം പോലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പുകളുടെ ചുരുളഴിയുന്നത്. യുവാവിന് നല്‍കാനുള്ള പണം നല്‍കാന്‍ ധാരണയായെങ്കിലും വിവാഹ തട്ടിപ്പ് നടത്തിയതിന് വരന്റെ പിതാവ് പോലീസില്‍ യുവതിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഈ വന്‍തട്ടിപ്പില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് അന്വേഷണം സംഘം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെയും കേസെടുത്തു. യുവതിയുടെ പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ എം.സാഹിലിന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ആലത്തൂരുകാരനു പുറമെ ഒട്ടനവധി പേരില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പോലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തു വരുന്നു.