Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷിയിടത്തില്‍ പുത്തനറിവുകള്‍ തേടി ആശ്രമം സ്‌കൂളിലെ അഗ്രിക്കള്‍ച്ചറല്‍ വിദ്യാര്‍ത്ഥികള്‍
20/10/2017
മികച്ച കര്‍ഷകന്‍ ആഞ്ഞിലിക്കാത്തറ തോമസുകുട്ടിയുടെ കൃഷിയിടത്തില്‍ പുത്തനറിവുകള്‍ തേടിയെത്തിയ ആശ്രമം സ്‌കൂളിലെ അഗ്രിക്കള്‍ച്ചറല്‍ വിദ്യാര്‍ത്ഥികള്‍ കൃഷി രീതികള്‍ സ്വായക്തമാക്കുന്നു

വൈക്കം: മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത വൈക്കം ആഞ്ഞിലിക്കാത്തറ തോമസുകുട്ടിയുടെ കൃഷിയിടം വിദ്യാര്‍ത്ഥികള്‍ക്ക് അറിവുകള്‍ പകരുന്ന പഠനക്കളരിയായി. മണ്ണിനോട് പൊരുതി നേടിയ വിജയഗാഥ തോമസുകുട്ടി വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. 12 ഏക്കര്‍ സ്ഥലത്ത് സ്വന്തമായ അദ്ധ്വാനത്തിലൂടെ നേടിയ നേട്ടങ്ങളാണ് തോമസുകുട്ടിയെ ഈ വര്‍ഷത്തെ മികച്ച കര്‍ഷകനാക്കിയത്. കൃഷിവകുപ്പും നഗരസഭയും ചേര്‍ന്നാണ് തോമസുകുട്ടിക്ക് മികച്ച കര്‍ഷകനുള്ള കിരീടം നല്‍കിയത്. മണ്ണിനെ സ്‌നേഹിച്ചും, ജലത്തെ സംരക്ഷിച്ചും നടത്തുന്ന കൃഷിരീതികളും അതുവഴി ഉണ്ടായ വിളവുകളും വിദ്യാര്‍ത്ഥികള്‍ക്ക് പുത്തനറിവായി. സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ അഗ്രിക്കള്‍ച്ചറല്‍ വിദ്യാര്‍ത്ഥികളാണ് തോമസിന്റെ കൃഷിമേഖല പഠനകേന്ദ്രമാക്കിയത്. ജോബ് ട്രയിനിംഗിന്റെ ഭാഗമായി 12 ദിവസം 100ല്‍പ്പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ കൃഷിയുടെ പാഠങ്ങള്‍ കണ്ടെത്തും. തെങ്ങ്, ജാതി, വാഴ, കപ്പ, നെല്ല്, മത്സ്യം, ജൈവ പച്ചക്കറികള്‍, പൈനാപ്പിള്‍, കമുങ്ങ്, കുരുമുളക് തുടങ്ങിയ അന്‍പതോളം ഇനങ്ങളാണ് തോമസിന്റെ പുരയിടത്തില്‍ പൂവും കായുമിട്ട് വിളവിലേക്കെത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകകരമായ കാഴ്ചയോടൊപ്പം കൃഷിയെക്കുറിച്ചുള്ള അറിവ് നേടാനുള്ള വിഭവങ്ങളും ഏറെയാണ്. മണ്ണൊരുക്കല്‍ മുതല്‍ വിളവെടുപ്പ് വരെയുള്ള കൃഷിയുടെ മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ച് എത്തുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. നൂതനവും ശാസ്ത്രീയവുമായ കൃഷിരീതികളും അതുവഴി ഉണ്ടാകുന്ന മികച്ച വിളവിന്റെ രഹസ്യവും കുട്ടികള്‍ അറിഞ്ഞു. കൃഷി ഓഫീസര്‍ അനില്‍കുമാര്‍ പരിശീലനകളരി ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി, വൈ-ബയോ ജൈവ സെക്രട്ടറി കെ.വി പവിത്രന്‍, വിക്രമന്‍ നായര്‍, അധ്യാപകരായ ഷാജി ടി.കുരുവിള, ബാബുരാജ്, എന്‍.ജിജി, സി.എസ് സിന്ധു, പി.സജി, സിജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.