Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവ് പരിഹരിക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ കടുത്ത നിഷേധസമീപനം കാണിക്കുന്നു
11/01/2016

താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവ് പരിഹരിക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ കടുത്ത നിഷേധസമീപനവും രാഷ്ട്രീയ വിവേചനവുമാണ് കാണിക്കുന്നതെന്ന് കെ.അജിത്ത് എം.എല്‍.എയും നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസും സംയുക്തപ്രസ്താവനയില്‍ കുററപ്പെടുത്തി. ആശുപത്രിയുടെ ശോച്യാവസ്ഥക്ക് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, ആരോഗ്യവകുപ്പ് ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരെ നേരില്‍ക്കണ്ടും രേഖാമൂലവും കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജനുവരി എട്ടിന് നടക്കുന്ന കൗണ്‍സിലിംഗിനുശേഷം ഡോക്ടര്‍മാരെ നിയമിക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ കൗണ്‍സിലിംഗിനുശേഷവും ഒരു ഡോക്ടറെപ്പോലും താലൂക്ക് ആശുപത്രിയിലേക്ക് നിയമിക്കാതെ വൈക്കത്തോട് കടുത്ത അവഗണനയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്നത്. താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നിയമസഭയിലും, ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ആശുപത്രിയില്‍ നടന്ന ഒരു പൊതുപരിപാടിയിലും മന്ത്രി പരസ്യമായി പ്രഖ്യാപിച്ചതിനുശേഷവും തുടര്‍ന്നുവരുന്ന നടപടികള്‍ വൈക്കത്തോടുള്ള വിവേചനവും മനുഷ്യാവകാശ ലംഘനവുമാണ്. പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം അനിശ്ചിതകാല നിരാഹാരസമരമടക്കം ശക്തമായ പ്രക്ഷോഭസമരങ്ങള്‍ ആരംഭിക്കുമെന്ന് കെ.അജിത്ത് എം.എല്‍.എയും നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസും അറിയിച്ചു.