Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ പി എം എസിന്റെ പേരില്‍ വിമത പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല : വൈക്കം യൂണിയന്‍ കമ്മറ്റി
19/10/2017

വൈക്കം: കെ പി എം എസില്‍ 2010ലുണ്ടായ പിളര്‍പ്പിന് ശേഷം സംഘടനയുടെ പേരിനും രജിസ്‌ട്രേഷനും വേണ്ടി തിരുവന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ നടന്ന ഒ എസ് 685/10 നമ്പര്‍ കേസ്സിന്റെ അന്തിമവിധി ഏഴുവര്‍ഷക്കാലത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ പുന്നല ശ്രീകുമാറിന് അനുകൂലമായി 2017 ജൂലൈ 4ന് വിധിച്ചു. വിധിയുടെ അടിസ്ഥാനത്തില്‍ പുന്നല ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറിയായ കെ പി എം എസ് ആണ് യഥാര്‍ത്ഥ സംഘടനയെന്ന് തീര്‍പ്പായതിനാല്‍ കെ പി എം എസിന്റെ പേരില്‍ ചിലര്‍ നടത്തുന്ന വിമത പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും ഇതിനെ ശക്തമായി നേരിടനായി കെ പി എം എസ് യൂണിയന്‍ കമ്മറ്റി തീരുമാനിച്ചു. ഒ എസ് 470/2010 നമ്പരില്‍ തിരുവന്തപുരം അഡീഷണല്‍ മുന്‍സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത സിവില്‍ വ്യവഹാരത്തില്‍ 2010 ഏപ്രില്‍ 8ന് വാദികള്‍ക്ക് ഇടക്കാല ഇന്‍ജക്ഷന്‍ ഉത്തരവ് അനുവദിച്ചിരുന്ന സിവില്‍ വ്യവഹാരം 2017 ജൂണ്‍ 6ന് കോടതിയുടെ അന്തിമ വിചാരണയ്ക്ക് എത്തുകയും 2017 ജൂലൈ 4ന് വിധി പ്രസ്താവിക്കുകയും ചെയ്തു. കേരള പുലയര്‍ മഹാസഭയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന പുന്നല ശ്രീകുമാര്‍, അസി.സെക്രട്ടറിയായിരുന്ന വി ശ്രീധരന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്ന കെ കെ പുരുഷോത്തമന്‍ എന്നിവരായിരുന്നു എതിര്‍ കക്ഷികള്‍. 2010-ല്‍ സംഘടനയിലുണ്ടായിരുന്ന അഭിപ്രായഭിന്നതകളെ തുടര്‍ന്ന് ഔദ്യോഗിക പദവികള്‍ ഉപയോഗിക്കുന്നതില്‍ നിന്നും, സംസ്ഥാന കമ്മറ്റി ഓഫീസില്‍ പ്രവേശിക്കുന്നതില്‍ നിന്നും, സംഘടനയുടെ പതാക ഉപയോഗിക്കുന്നതില്‍ നിന്നും എതിര്‍കക്ഷികളെ വിലക്കണമെന്നും സംഘടനയുടെ മിനിട്ട്‌സ് ബുക്കും, വൗച്ചറുകളും വാദികള്‍ക്ക് കൈമാറുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള മാന്‍ഡേറ്ററി ഇന്‍ജക്ഷന്‍ നല്‍കണമെന്നുമായിരുന്നു പരാതിക്കാരുടെ ആവലാതി. പരാതിക്കാരുടെ ആരോപണങ്ങള്‍ തെളിയിക്കുവാന്‍ കഴിയാത്തതുകൊണ്ടും കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമായി ചമച്ചുണ്ടാക്കിയതാണെന്നും കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും വാദികള്‍ക്ക് യാതൊരു വിധത്തിലുള്ള പരിഹാരത്തിനും അവകാശമില്ലെന്ന് വിധിച്ചുകൊണ്ടും കോടതി ചെലവ് അനുവദിക്കാതെയും വാദികള്‍ക്കെതിരായി കേസ് തള്ളുകയാണുണ്ടായത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വി ശ്രീധരന്‍ സംസ്ഥാന പ്രസിഡന്റും പുന്നല ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറിയുമായുള്ള സംഘടനയ്ക്കാണ് കേരള പുലയര്‍ മഹാസഭയുടെ പേരും പതാകയും ഉപയോഗിച്ചു സംഘടനാ പ്രവര്‍ത്തനം നടത്തുവാനുള്ള അവകാശം. കെ പി എം എസ് വൈക്കം യൂണിയന്‍ കമ്മറ്റിയുടെ പ്രസിഡന്റ് ശശി നാനാടവും, മധു ഉല്ലല സെക്രട്ടറിയും, അഭിലാഷ് മുറിപ്പത്ത് ഖജാന്‍ജിയുമാണ്. എന്നാല്‍ കെ പി എം എസിന്റെ പേരും പതാകയും ഉപയോഗിച്ച് കേസ്സിലെ കക്ഷികളും മറ്റു ചില വ്യക്തികളും വൈക്കത്ത് സംഘടനാ പ്രവര്‍ത്തനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കോടതി വിധിയുടെ ലംഘനമാണ്. തിരുവന്തപുരം അഡീഷണല്‍ മുന്‍സിഫ് കോടതിയുടെ 2017 ജൂലൈ 4-ല്‍ ഉണ്ടായ ഉത്തരവ് മേല്‍കോടതികള്‍/അപ്പീല്‍ കോടതികള്‍ ഇതുവരെ നിരോധിച്ചിട്ടില്ലാത്തതും ഈ ഉത്തരവ് ഇപ്പോഴും ഊര്‍ജ്ജിതത്തില്‍ ഇരിക്കുന്നതുമാണ്. ആയതിനാല്‍ കെ പി എം എസിന്റെ പേരില്‍ നടത്തുന്ന എല്ലാത്തരം വിമത പ്രവര്‍ത്തനങ്ങളെയും നിയമപരമായും സംഘടനാപരമായും നേരിടുവാനും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുവാതിരിക്കുവാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളും നടത്തുന്നതാണെന്ന് വൈക്കം യൂണിയന്‍ കമ്മറ്റി സെക്രട്ടറി മധു ഉല്ലല അറിയിച്ചു. പത്രസമ്മേളനത്തില്‍ അജിത് കല്ലറ, സംസ്ഥാന സെക്രട്ടറി കാളികാവ് ശശികുമാര്‍, ജില്ലാ സെക്രട്ടറി വി വി ശശികുമാര്‍, യൂണിയന്‍ സെക്രട്ടറി മധു ഉല്ലല തുടങ്ങിയവര്‍ പങ്കെടുത്തു.