Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
17/10/2017

വൈക്കം: വൈക്കത്തെ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വൈക്കത്തിന് പൈതൃകമായി ലഭിച്ച ചരിത്രസംഭവമാണ് വൈക്കം സത്യാഗ്രഹം. സത്യാഗ്രഹ സ്മൃതി ഉയര്‍ത്തുന്നതിനായി ലക്ഷങ്ങള്‍ മുടക്കി പണിതുയര്‍ത്തിയ സ്മാരകങ്ങളെല്ലാം പരസ്യങ്ങളുടെ ക്യാന്‍വാസാക്കി മാറ്റിയതില്‍ പരിസ്ഥതി സ്‌നേഹികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും കടുത്ത പ്രതിഷേധമുണ്ട്. വായിച്ചും കേട്ടറിഞ്ഞും സത്യാഗ്രഹ സ്മാരകങ്ങള്‍ കാണാന്‍ എത്തുന്ന ചരിത്ര ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സഞ്ചാരികള്‍ക്കും മുന്നില്‍ നാണിച്ചു നില്‍ക്കേണ്ട ഗതികേടാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍, സമുദായ സംഘടനകള്‍, സ്‌ക്കൂളുകള്‍, കോച്ചിംഗ് സെന്ററുകള്‍, ഭാഗ്യക്കുറി ഏജന്‍സികള്‍, ക്ഷേത്ര കമ്മിറ്റിക്കാര്‍, കാര്‍ഷിക മേളക്കാര്‍, ജൈവ പച്ചക്കറിക്കാര്‍, പ്രകൃതി സംരക്ഷകര്‍, മനഃശാസ്ത്രക്കാര്‍ തുടങ്ങി നാനാവിധത്തിലുള്ള പ്രസ്ഥാനക്കാരും ഇവിടെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുകയാണ്. പരിപാടികള്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ അത് നീക്കം ചെയ്യാന്‍ കൂട്ടാക്കാറില്ല. ബോട്ട് ജെട്ടിക്ക് സമീപമുള്ള സത്യാഗ്രഹ സ്മാരക സാംസ്‌കാരിക പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്‍വശവും പടിഞ്ഞാറു വശവുമുള്ള മതിലുകള്‍ ഫ്‌ളെക്‌സ് ബോര്‍ഡും ബാനറും കെട്ടുന്നതിനും പോസ്റ്റര്‍ പതിക്കാനുമാണെന്നുള്ള അവകാശത്തോടെ നടത്തുന്ന ഈ പ്രവൃത്തിയെ നിയന്ത്രിക്കാന്‍ സ്ഥാപനത്തിന്റെ കൈവശക്കാരായ നഗരസഭ അധികൃതര്‍ പോലും മറക്കുന്നു. സാംസ്‌കാരിക വകുപ്പ് സത്യാഗ്രഹ സ്മാരക കോമ്പൗണ്ടില്‍ സ്ഥാപിച്ച മഹാത്മ ഗാന്ധിയുടെ പ്രതിമ പരസ്യബോര്‍ഡുകളുടെയെല്ലാം പിന്നില്‍ ആര്‍ക്കും കാണാനാവാത്തവണ്ണം നില്‍ക്കുന്നു. സത്യാഗ്രഹ സ്മരണയ്ക്കായി വൈക്കം സത്യാഗ്രഹം വിഷയമാക്കി കേരള ലളിതകലാ അക്കാദമി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെയും മുന്‍ നഗരസഭയുടെയും കാലത്ത് സ്ഥാപിച്ച പ്രതിമകള്‍ക്കും, ബീച്ചിലേക്കുള്ള ജനങ്ങളുടെ തിരക്ക് വര്‍ദ്ധിച്ചുതുടങ്ങിയപ്പോള്‍ അംഗഭംഗമേല്‍ക്കാനും, പ്രതിമകളുടെ പ്ലാറ്റ്‌ഫോമില്‍ പ്രണയ സല്ലാപം നടത്തുന്ന യുവമിഥുനങ്ങള്‍ പേര് കോറിയിട്ട് രസിക്കാനും തുടങ്ങിയിട്ടുണ്ട്. വഴിയോര കച്ചവടക്കാര്‍ ഇവിടവും കൈയ്യേറ്റം നടത്താന്‍ സാധ്യതയുണ്ട്. തിരക്കേറുന്നിടത്ത് പരസ്യത്തിന് പ്രസക്തി ഏറുന്നതനുസരിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകളും ഇടംനേടാന്‍ സാഹചര്യമൊരുങ്ങിയേക്കും. വൈക്കം വലിയകവലയില്‍ സ്ഥാപിച്ചിരിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നല്‍കാനെത്തിയ ഇ.വി രാമസ്വാമി നായ്ക്കരുടെ സ്മരണാര്‍ത്ഥമുള്ള പെരിയോര്‍ സ്മാരകത്തിന്റെ മതിലുകള്‍ ഇപ്പോള്‍ പരസ്യക്കാരുടെ കൈയ്യിലായിക്കഴിഞ്ഞു. പെരിയോര്‍ സ്മാരകം കാണാന്‍ എത്തുന്ന തമിഴ്‌നാട്ടുകാര്‍ക്ക് ഇ.വി.ആര്‍ പ്രതിമയും, പാര്‍ക്കും, ഓപ്പണ്‍ എയര്‍ തിയേറ്ററും കാണാനാവാത്ത സ്ഥിതിയിലാണ്. തമിഴ്‌നാട് ഗവണ്‍മെന്റ് പണി കഴിപ്പിച്ച് സംരക്ഷിക്കുന്ന ഈ സ്മാരകത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അതിനെ ഉള്‍ക്കൊള്ളാന്‍ സത്യാഗ്രഹത്തിന്റെ ഈറ്റില്ലത്തില്‍ ജീവിക്കുന്നവര്‍ക്ക് കഴിയാത്തത് വൈക്കത്തിന് നാണക്കേടാണ്. സത്യാഗ്രഹത്തിന് ശക്തി പകരാന്‍ സവര്‍ണ ജാഥ നയിച്ച മന്നത്ത് പത്മാനാഭന്റെ പ്രതിമയുടെ ചുറ്റുവട്ടത്തും പരസ്യബോര്‍ഡുകള്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ പരസ്യക്കാര്‍ കൈ വയ്ക്കാത്തത് കവലയുടെ മധ്യഭാഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന സത്യാഗ്രഹ സമരനായകന്‍ ടി.കെ മാധവന്റെ പ്രതിമ മാത്രമാണ്. പല സംഘടനകളും കൊടിതോരണങ്ങള്‍ കെട്ടിയുയര്‍ത്താറുണ്ടെങ്കിലും അത് നീക്കം ചെയ്യാറുണ്ട്. നവതി പിന്നിട്ട സത്യാഗ്രഹത്തിന്റെ നാളുകളില്‍ സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി സമരം നയിച്ച നേതാക്കന്മാരുടെ ത്യാഗത്തിന്റെ വില ഉള്‍ക്കൊള്ളാന്‍ ഇന്നത്തെ തലമുറ ഇനിയെന്നാണ് തയ്യാറാവുന്നത്?