Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിച്ച സ്വകാര്യ വ്യക്തികള്‍ പിഴയടക്കാന്‍ ഹൈക്കോടതി ഉത്തരവ്
17/10/2017

തലയോലപ്പറമ്പ്: സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ വ്യാജ പരാതി നല്‍കിയ സ്വകാര്യ വ്യക്തികള്‍ കാല്‍ലക്ഷം രൂപ പിഴയടക്കാന്‍ ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച തലയോലപ്പറമ്പ് കൊല്ലംപറമ്പില്‍ കെ.ജെ എബ്രഹാം, കട്ടച്ചിറയില്‍ കെ.പി കുട്ടന്‍ എന്നിവര്‍ക്കാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ 25000 രൂപ പിഴ ചുമത്തിയത്. ഇരു കക്ഷികളും ഈ തുക തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ അടക്കാനും കോടതി നിര്‍ദ്ദേശിച്ചു. തലയോലപ്പറമ്പ് ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണത്തിന് സര്‍ക്കാര്‍ ഗ്രാമപഞ്ചായത്തിന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് 1.56 ഏക്കര്‍ സ്ഥലം കൈമാറിയിരുന്നു. ഈ വസ്തു തന്റെ കുടുംബം വക വസ്തുവാണെന്ന് കാണിച്ച് അബ്രഹാമും ഇതില്‍ പത്ത് സെന്റ് സ്ഥലം താന്‍ വില കൊടുത്ത് വാങ്ങിയതാണെന്നും പറഞ്ഞ് കുട്ടനും ആണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇരുവര്‍ക്കും ഹര്‍ജിയിലെ അവകാശവാദം തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരാതി തളളിയ കോടതി ഹര്‍ജിക്കാരെ ശിക്ഷിച്ചത്. കേസിനെ തുടര്‍ന്ന് കോടതികളില്‍ നിന്നുണ്ടായ സ്‌റ്റേ മൂലം ബസ് സ്റ്റാന്റ് നിര്‍മാണം പല തവണ തടസപ്പെട്ടിരുന്നു. ഒന്നാംഘട്ടം മാത്രമാണ് നിലവില്‍ പൂര്‍ത്തിയാക്കാനായിട്ടുള്ളു. ഹര്‍ജിക്കാരുടെ അവകാശവാദം തള്ളിയതോടെ ബാക്കി നിര്‍മാണം വേഗത്തിലാക്കാനാണ് അധികൃതരുടെ നീക്കം. വ്യാജരേഖയുണ്ടാക്കി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിച്ചതിന് അബ്രഹാമിനും കുട്ടനും ഇവരുടെ മറ്റു കൂട്ടാളികള്‍ക്കുമെതിരെ നിലവില്‍ സര്‍ക്കാര്‍ ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. ഗ്രാമപഞ്ചായത്തിനു വേണ്ടി അഡ്വ. ടി.എ ഷാജി, അഡ്വ. അനൂജ, അഡ്വ. അതുല്‍ ഷാജി എന്നിവര്‍ കോടതിയില്‍ ഹാജരായി.