Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരനെ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അറിയാതെ തിരിച്ചെടുത്ത നടപടി വിവാദമായി.
13/10/2017

വൈക്കം: താലൂക്ക് ആശുപത്രിയിലെ പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരനെ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അറിയാതെ തിരിച്ചെടുത്ത നടപടി വിവാദമായി. നഗസഭാ ചെയര്‍മാനോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ സേവനത്തില്‍ നിന്നും മാറ്റി നിര്‍ത്തിയ താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനെ പുതിയ നഗരസഭ ചെയര്‍പേഴ്‌സണ്‍ തിരിച്ചെടുത്തതാണ് വിവാദത്തിന് കാരണം. വൈക്കം നഗരസഭാ ചെയര്‍മാനായിരുന്ന എന്‍.അനില്‍ബിശ്വാസിനുനേരെ ആശുപത്രിയില്‍ വച്ച് താല്‍ക്കാലിക ജീവനക്കാരന്‍ അപര്യാദയായി പെരുമാറിയെന്ന പരാതി ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി) യോഗത്തില്‍ ഉണ്ടാകുകയും അതിന്റെ പേരില്‍ ജീവനക്കാരനെ ഒഴിവാക്കുമായിരുന്നു. അനില്‍ ബിശ്വാസ് നഗരസഭാ ചെയര്‍മാനായിരുന്ന കാലത്താണ് സംഭവം. അതിനു ശേഷം പുതിയ നഗരസഭാ ചെയര്‍പേഴ്‌സണായി എസ്.ഇന്ദിരാദേവി ചുമതലയേറ്റു. നഗരസഭയുടെ ഭരണ നിയന്ത്രണത്തിലുള്ള താലൂക്ക് ആശുപത്രിയിലെ എച്ച്.എം.സി ചെയര്‍മാന്‍ നഗരസഭാ അധ്യക്ഷന്‍ തന്നെയാണ്. ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉപാധ്യക്ഷനുമാണ്. പുതിയ നഗരസഭ ചെയര്‍പേഴ്‌സണ്‍ ചുമതലയേറ്റതിനു ശേഷം ചേര്‍ന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ ജീവനക്കാരനെ തിരിച്ചെടുക്കുന്നത് ചര്‍ച്ചക്ക് വന്നെങ്കിലും എതിര്‍പ്പുയര്‍ന്നതോടെ ആരെയും എടുക്കേണ്ടതില്ല എന്നു തീരുമാനിച്ചു യോഗം പിരിഞ്ഞു. എന്നാല്‍ ഇതിനു വിരുദ്ധമായി നഗരസഭ ചെയര്‍പേഴ്‌സണ്‍ന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റി നിര്‍ത്തിയ താല്‍ക്കാലിക ജീവനക്കാരനെ ആശുപത്രി സൂപ്രണ്ട് തിരിച്ചെടുത്തതാണ് വിവാദമായിരിക്കുന്നത്. മുന്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ്, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി വൈസ് ചെയര്‍മാനും നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ ബിജു കണ്ണേഴത്ത്, കൗണ്‍സിലര്‍ വി.സന്തോഷ് എന്നിവര്‍ നഗരസഭ അധ്യക്ഷയെ കണ്ട് അതൃപ്തി അറിയിച്ചു. അതോടൊപ്പം ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനമില്ലാതെ നിയമവിരുദ്ധമായി നടത്തിയ നിയമനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിനു കത്തും നല്‍കി.