Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ ഭരണം അവതാളത്തിലേക്ക്.
10/10/2017

വൈക്കം: നഗരസഭ ഭരണം അവതാളത്തിലേക്ക്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതാണ് ഭരണസ്തംഭനത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇതുമൂലം നിരന്തരം നഗരസഭയുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങളുമായി എത്തുന്നവര്‍ ദുരിതത്തിലാഴ്ത്തപ്പെടുന്നു. നഗരസഭയില്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുകിടന്നിട്ട് മാസങ്ങളായി. പുതിയ മൂന്ന് സെക്രട്ടറിമാരെ വൈക്കത്തേക്ക് നിയമിച്ചെങ്കിലും ആരും ചാര്‍ജ്ജെടുക്കാന്‍ തയ്യാറായില്ല. രണ്ട് സൂപ്രണ്ടുമാര്‍ ഉള്ളതില്‍ ഒരാള്‍ പോയി. പകരം ചാര്‍ജ്ജുള്ള മറ്റൊരു സൂപ്രണ്ട് അവധിയില്‍ പ്രവേശിച്ചിട്ട് ഒരു മാസത്തിലധികമായി. നിലവില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കാണ് സെക്രട്ടറിയുടെ ചാര്‍ജ്ജ്. റവന്യൂ ഇന്‍സ്‌പെക്ടര്‍, മൂന്ന് ക്ലര്‍ക്കുമാര്‍,എം ഇ എന്നീ സ്ഥാനങ്ങളെല്ലാം നഗരസഭയില്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഉദ്യോഗസ്ഥില്ലാതായതോടെ നഗരസഭയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ താളം തെറ്റി. ദൈന്യംദിന കാര്യങ്ങള്‍ പോലും നടക്കുന്നില്ല. സെക്രട്ടറി സ്ഥലം മാറി പോയിട്ട് അഞ്ച് മാസത്തോളമായെങ്കിലും പകരം ആളെ ഇതുവരെ നിയമിച്ചിട്ടില്ല. റവന്യൂ ഇന്‍സ്‌പെക്ടറും എം ഇയും സ്ഥലംമാറി പോയിട്ട് ഒരാഴ്ച കഴിഞ്ഞു. പകരം ഇതുവരെയും ആരെയും നിയമിച്ചിട്ടില്ല. പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ ആരും ഇല്ലാതായതൊടെ പുതിയ പദ്ധതി നിര്‍വഹണത്തിന്റെ നടപടികള്‍ ഒന്നും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. കൃത്യമായി ശമ്പളവും മറ്റും കിട്ടാത്തതുകൊണ്ട് ഉദ്യോഗസ്ഥര്‍ക്ക് വൈക്കം നഗരസഭയിലേക്ക് വരാന്‍ താല്പര്യമില്ല. കഴിഞ്ഞ വര്‍ഷം ഇതുപോലെ നഗരസഭ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയപ്പോള്‍ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയ്ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് ഈ സ്ഥലം മാറ്റരീതി പരിഹരിക്കപ്പെട്ടിരുന്നു. എന്നാല്‍ വീണ്ടും ഈ രീതി ആവര്‍ത്തിക്കുന്നതുകൊണ്ട് നഗരസഭയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം സ്തംഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബില്‍ കളക്ടര്‍ ഇല്ലാതായതോടെ കളക്ഷന്‍ എടുക്കുന്നതിനുപോലും ആളില്ലാത്ത അവസ്ഥയാണ്. വൈക്കത്തഷ്ടമി ഉത്സവവും, മണ്ഡലകാലവും എത്തുന്ന സമയത്ത് ഉദ്യോഗസ്ഥരില്ലാത്തത് ജനങ്ങളെ കാര്യമായി ബാധിക്കും. നികുതി സ്വീകരിക്കാന്‍ പോലും നഗരസഭയില്‍ ഉദ്യോഗസ്ഥരില്ല എന്ന് നാട്ടുകാര്‍ പറയുന്നു. നഗരസഭയിലേക്ക് അടിയന്തിരമായി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് നഗരസഭ അധ്യക്ഷ എസ് ഇന്ദിരാദേവി പറഞ്ഞു.