Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കായല്‍ മത്സ്യങ്ങളുടെ ഈറ്റില്ലമായിരുന്ന ടി.വി.പുരം മത്സ്യ മാര്‍ക്കറ്റ് നിലനില്‍പ്പിനായി പാടുപെടുന്നു
05/10/2017
ടി.വി പുരം മത്സ്യമാര്‍ക്കറ്റ്.

വൈക്കം: കായല്‍ മത്സ്യങ്ങളുടെ ഈറ്റില്ലമായിരുന്ന ടി.വി.പുരം മത്സ്യ മാര്‍ക്കറ്റ് ഇന്ന് നിലനില്‍പ്പിനായി പാടുപെടുകയാണ്. നിയോജക മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന പഞ്ചായത്തിന്റെ പ്രധാന വരുമാന മാര്‍ഗമായിരുന്നു മാര്‍ക്കറ്റ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ഏറ്റവും കൂടുതല്‍ കായല്‍ മത്സ്യങ്ങളുടെ വില്‍പ്പന കൊണ്ട് ശ്രദ്ധേയമായിരുന്ന മാര്‍ക്കറ്റില്‍ ഇന്ന് വിരലില്‍ എണ്ണാവുന്ന മത്സ്യക്കച്ചവടക്കാരും നാമമാത്രമായ കച്ചവടവും മാത്രമാണ് നടക്കുന്നത്. പ്രതാപ കാലത്ത് മാര്‍ക്കറ്റിലെ കച്ചവടം ഉച്ചയ്ക്കായിരുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം മാര്‍ക്കറ്റ് വിജനമാണ്. ടി.വി.പുരം പടിഞ്ഞാറെ ജെട്ടിയില്‍ മാര്‍ക്കറ്റിലേക്ക് മത്സ്യങ്ങളുമായി ആയിരക്കണക്കിന് മത്സ്യക്കച്ചവടക്കാരാണ് എത്തിയിരുന്നത്. ആലപ്പുഴ, ചേര്‍ത്തല, കുമരകം, വെച്ചൂര്‍, തലയാഴം, പൂത്തോട്ട, നേരേകടവ് ഭാഗങ്ങളില്‍ നിന്നെല്ലാം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സ്യങ്ങളുമായി എത്തിയിരുന്നു. ജെട്ടിയിലെത്തുന്ന മത്സ്യങ്ങള്‍ പിന്നീട് വാരിക്കൊട്ടകളിലും പാളകളിലുമാക്കിയാണ് മാര്‍ക്കറ്റിലേക്ക് എത്തിയിരുന്നത്. വാരിക്കൊട്ടകളും പാളകളുമെല്ലാം ഇന്ന് കാണാക്കാഴ്ച്ചകളായി. അന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആയിരത്തിലധികം പേര്‍ ഈ മാര്‍ക്കറ്റിനെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നു. പരമ്പരാഗത മത്സ്യമേഖലയുടെ നട്ടെല്ലായിരുന്ന മാര്‍ക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണക്കാര്‍ വരുമാനം പറ്റിയിരുന്ന അധികാരികള്‍ തന്നെയായിരുന്നെന്ന് മത്സ്യക്കച്ചവടക്കാര്‍ പറയുന്നു. കാലാനുസൃതമായ വികസന പ്രവര്‍ത്തനങ്ങളൊന്നും ഇവിടെ ഉണ്ടായില്ല. നിലംപതിക്കാറായ കുറച്ചു കെട്ടിടങ്ങളും ഇതില്‍ കച്ചവടം നടത്തുന്ന പലചരക്ക്, പച്ചക്കറി വ്യാപാരികളും പ്രതിസന്ധികള്‍ക്കിടയിലും മാര്‍ക്കറ്റിനെ കൈവിടാതെ ഇവിടെ നിലകൊള്ളുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മാര്‍ക്കറ്റില്‍ എത്തിയാല്‍ മണ്‍ചട്ടികളുടേയും കാര്‍ഷിക ഉല്പ്പന്നങ്ങളുടേയുമെല്ലാം നിറസാന്നിധ്യമുണ്ടായിരുന്നു. കോവിലകത്തും കടവ് മത്സ്യ മാര്‍ക്കറ്റ്, മുറിഞ്ഞപുഴ ഫെറി എന്നിവയുടെയെല്ലാം ഉദയം ടി.വി.പുരം മാര്‍ക്കറ്റിനെ പ്രതിസന്ധിയിലേക്ക് നയിച്ചതിനു കാരണങ്ങളാണ്. ഈ രണ്ടു മാര്‍ക്കറ്റുകളിലും രാവിലെയായിരുന്നു കച്ചവടം. ഉച്ചയ്ക്കു കച്ചവടം നടന്നിരുന്ന ടി.വി.പുരം മാര്‍ക്കറ്റിനെ ഇതോടെ വന്‍കിട മത്സ്യക്കമ്പനികള്‍ കൈവിട്ടു. ടി.വി.പുരം ജെട്ടിയുടെ പ്രവര്‍ത്തനം നിലച്ചതും വാഹന സൗകര്യങ്ങളുടെ അപര്യാപ്തതയുമെല്ലാം മാര്‍ക്കറ്റിന്റെ പ്രതിസന്ധിയ്ക്ക് ആക്കംകൂട്ടി. ഇപ്പോള്‍ രാവിലെ സമയങ്ങളില്‍ ഇരുപതിലധികം കച്ചവടക്കാര്‍ കായല്‍ മത്സ്യങ്ങളുമായി വിപണനത്തിന് മാര്‍ക്കറ്റില്‍ എത്തുന്നു. ഇതിനും ആവശ്യക്കാര്‍ ഏറെയുണ്ട്. മാര്‍ക്കറ്റിനെ പുനരുജ്ജീവിപ്പിക്കാന്‍ പഞ്ചായത്തും സര്‍ക്കാരും സംയുക്തമായി ഇടപെടലുകള്‍ നടത്തേണ്ടത് അനിവാര്യമാണ്. കര മാര്‍ഗവും കായല്‍ മാര്‍ഗവും ചരക്കുകളെത്തിക്കാന്‍ ഏറ്റവും സൗകര്യപ്രദമായ മാര്‍ക്കറ്റാണിത്. മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായാല്‍ പരമ്പരാഗത മേഖലയുടെ നട്ടെല്ലുകളായ കയര്‍, മത്സ്യം, തഴപ്പായ, കക്ക തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനപ്പെടും. പഞ്ചായത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് ഒരു പരിഹാരം കൂടിയാകും ഇത്. രാഷ്ട്രീയം മറന്നുള്ള കൂട്ടായ്മയാണ് ഇവിടെ അനിവാര്യമാകേണ്ടത്. കരിയാര്‍ സ്പില്‍വേ യാഥാര്‍ത്ഥ്യമായിട്ടും ഇതിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി മാര്‍ക്കറ്റിനെ പുനരുജ്ജീവിപ്പിക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല.