Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയുടെ അവസ്ഥ ഓരോദിവസം പിന്നിടുമ്പോഴും ദയനീയമാകുന്നു.
02/10/2017
വൈക്കം താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ ഉപയോഗിക്കുന്ന ടൊയ്‌ലറ്റുകള്‍ അടഞ്ഞനിലയില്‍.

വൈക്കം: ദിനംപ്രതി ആയിരക്കണക്കിന് രോഗികളെത്തുന്ന താലൂക്ക് ആശുപത്രിയുടെ അവസ്ഥ ഓരോദിവസം പിന്നിടുമ്പോഴും ദയനീയമാകുന്നു. വാരിക്കോരി ആശുപത്രിയ്ക്ക് ഫണ്ടുകള്‍ അനുവദിക്കുകയും വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴുമാണ് സാധാരണക്കാരായ രോഗികള്‍ ആശുപത്രിയുടെ ദുരവസ്ഥയില്‍ വലയുന്നത്. നഗരസഭ ആരോഗ്യവകുപ്പ് വിഷയത്തില്‍ തികഞ്ഞ നിഷ്‌ക്രിയത്വമാണ് കാണിക്കുന്നത്. ഇതിന്റെ ചുമതല കയ്യാളുന്ന നഗരസഭയുടെ മേല്‍നോട്ടക്കാരന്‍ വിഷയത്തില്‍ ഇനിയെങ്കിലും ക്രിയാത്മക നടപടികള്‍ കൈക്കൊള്ളുവാന്‍ മുന്നിട്ടിറങ്ങണം. അത്യാഹിത വിഭാഗത്തിന്റെ അവസ്ഥ തീര്‍ത്തും ദയനീയമാണ്. എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ മണ്ഡലത്തിന്റെ വികസനം ഏറ്റവും നല്ല രീതിയിലാണ് പോകുന്നതെന്നു പറയുമ്പോഴാണ് ആശുപത്രിയുടെ അവസ്ഥ ആരെയും ലജ്ജിപ്പിക്കുന്നത്. ഇതിനെതിരെ എ.ഐ.വൈ.എഫ് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. വരുംദിവസങ്ങളില്‍ ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരും സമരരംഗത്തെത്തും. ആയിരക്കണക്കിന് രോഗികളെ ചികിത്സിക്കാന്‍ പത്തിലധികം ഡോക്ടര്‍മാര്‍ ഇവിടെ ഉണ്ടെന്നു പറയാറുണ്ടെങ്കിലും ഉള്ളത് വിരലിലെണ്ണാവുന്നവര്‍ മാത്രം. ഒട്ടുമിക്കപ്പോഴും മൂന്നു ഡോക്ടര്‍മാരാണ് ഇവിടെ ഉണ്ടാകാറുള്ളത്. ഇവരാകട്ടെ പൂര്‍ണസമയവും സീറ്റില്‍ ഉണ്ടാകാറില്ല. രാവിലെ എട്ട് മുതല്‍ ഡോക്ടര്‍മാരെ കാണാന്‍ രോഗികളുടെ നീണ്ടനിരയാണ്. 11.30 കഴിഞ്ഞാല്‍ രോഗികള്‍ക്ക് കാണാന്‍ ചീട്ട് നല്‍കാറില്ല. ഇതിനിടയില്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരെ കാണാനുള്ള രജിസ്‌ട്രേഷന്‍ നിരക്ക് രണ്ടുരൂപയായിരുന്നത് അഞ്ചാക്കി ഉയര്‍ത്തി. അഞ്ചാക്കുമ്പോഴും രോഗികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പഴയ രീതിയില്‍ തന്നെ തുടരുകയാണ്. ഇങ്ങനെ നീളുകയാണ് ഇവിടുത്തെ പ്രശ്‌നങ്ങള്‍. ലക്ഷങ്ങള്‍ മുടക്കിയ വികസന പദ്ധതികളെല്ലാം ഉപയോഗമില്ലാതെ നശിക്കുകയാണ്. ആശുപത്രിയുടെ പ്രധാന ചുമതല വഹിക്കുന്ന നഗരസഭ പല വികസന പദ്ധതികളും നഗരത്തില്‍ നടപ്പിലാക്കിയിട്ടും ആശുപത്രിയെ മാത്രം നേര്‍വഴിയിലാക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇതിനു വലിയ പഴിയാണ് നഗരസഭ കേട്ടുകൊണ്ടിരിക്കുന്നത്. ആശുപത്രിയില്‍ ഇപ്പോള്‍ പല മുഖം മിനുക്കല്‍ പണികള്‍ നടക്കുന്നുണ്ടെങ്കിലും ഇതൊന്നും രോഗികള്‍ക്ക് ഒരു ഗുണവും ഉണ്ടാക്കുന്നതല്ല. അത്യാഹിത വിഭാഗത്തിലെ പോരായ്മകള്‍ അടിയന്തിരമായി പരിഹരിക്കേണ്ടതാണ്. ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ട് എത്തുന്ന രോഗികള്‍ക്കും, രാത്രി കാലങ്ങളില്‍ എത്തുന്നവര്‍ക്കും പ്രാഥമിക പരിശോധനയ്ക്ക് പോലും വിധേയമാക്കാതെ മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞയക്കുന്നതാണ് പതിവ്. പിന്നെ എന്തിനാണ് ഇങ്ങനെയൊരു ആശുപത്രിയെന്ന ചോദ്യം നാട്ടുകാരില്‍ ഉയര്‍ന്നിരിക്കുകയാണ്. ചില ഡോക്ടര്‍മാര്‍ ആമ്പുലന്‍സ് ഉടമകളില്‍ നിന്നും പടിവാങ്ങി രോഗികളെ ബോധപൂര്‍വം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയക്കുന്നതായി ആരോപണമുണ്ട്. ഡോക്ടര്‍മാരുടെ കുറവ് പ്രധാന പോരായ്മയാണെങ്കിലും ഉള്ളവര്‍ ജോലിക്കെത്തിയാല്‍ ഇതു പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ ഇതൊന്നും നേരെയാക്കുവാന്‍ ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുപോലും വലിയ താല്‍പര്യമില്ലാത്ത അവസ്ഥയാണ്.
സന്ധ്യ മയങ്ങിയാല്‍ അത്യാഹിത വിഭാഗത്തില്‍ ഒരു നഴ്‌സും ഒരു ഡോക്ടറും മാത്രമാണുള്ളത്. പനി ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ബാധിച്ച് നൂറുകണക്കിന് രോഗികളാണ് രാത്രി സമയങ്ങളില്‍ ആശുപത്രികളില്‍ എത്തുന്നത്. ഇവരെ വേണ്ടവിധത്തില്‍ പരിചരിക്കുവാന്‍ ഒരു നഴ്‌സിനെക്കൊണ്ട് സാധിക്കാറില്ല. ഇത് മിക്കപ്പോഴും രോഗികളും ആശുപത്രി അധികാരികളും തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കുന്നു. അത്യാഹിത വിഭാഗത്തിലെ പോലെതന്നെ മറ്റ് വാര്‍ഡുകളിലും ജീവനക്കാരുടെ കുറവ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നിത്യേനയെത്തുന്ന രോഗികളെ പരിചരിക്കാന്‍ വേണ്ടുന്ന ജീവനക്കാരുടെ അഭാവം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. 1961ലെ സ്റ്റാഫ് പാറ്റേണ്‍ ആണ് ഇപ്പോഴും ഇവിടെയുള്ളത്. ആശുപത്രിയില്‍ എത്തുന്ന രോഗികളും മറ്റും നിത്യേന ഉപയോഗിക്കുന്ന ടൊയ്‌ലറ്റുകള്‍ ഉപയോഗശൂന്യമായിട്ട് ആഴ്ചകളായി. ദുര്‍ഗന്ധം വമിക്കുന്ന ഈ ടൊയ്‌ലറ്റുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതില്‍ അധികാരികള്‍ നിസംഗത പാലിക്കുകയാണ്. ഇതേക്കുറിച്ച് ആശുപത്രിയില്‍ അന്വേഷിച്ചാല്‍ രോഗികള്‍ തന്നെയാണ് ഇത് നശിപ്പിക്കുന്നതെന്ന ഒഴുക്കന്‍ മറുപടിയാണ് അധികാരികള്‍ക്കുള്ളത്. മാലിന്യങ്ങള്‍ക്കെതിരെയും പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തുവാന്‍ സര്‍ക്കാര്‍ നിരവധി പരിപാടികള്‍ ആവിഷ്‌ക്കരിക്കുമ്പോഴാണ് ഇവിടെ ഈ ദുര്‍ഗത ഉണ്ടായിട്ടുള്ളത്. പലവിധ രോഗങ്ങളുടെ ഉത്ഭവ കേന്ദ്രമായി ആശുപത്രി മാറിയിരിക്കുകയാണ്. എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തി രോഗികളില്‍ നിന്നും കൂട്ടിരിപ്പുകാരില്‍ നിന്നും പരാതികള്‍ സ്വീകരിച്ച് പോരായ്മകള്‍ വിലയിരുത്തി. എസ്.ബിജു, അഡ്വ. എം.ജി രഞ്ജിത്ത്, എം.പി സാനു, കെ.എസ് അനൂജ്, അഭിലാഷ്, ജയേഷ്, അനീഷ് പി.കുമാര്‍, ഷാജി മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.