Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേത്ര സങ്കേതങ്ങളില്‍ വിദ്യാദേവതയ്ക്കു മുന്നില്‍ നൂറുകണക്കിന് കുട്ടികള്‍ അറിവിന്റെ ആദ്യാക്ഷരം എഴുതി.
30/09/2017
ഉല്ലല പൂതിയകാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നവരാത്രി മണ്ഡപത്തില്‍ നടന്ന സരസ്വതിദേവി പൂജ

വൈക്കം: ക്ഷേത്ര സങ്കേതങ്ങളില്‍ വിദ്യാദേവതയ്ക്കു മുന്നില്‍ നൂറുകണക്കിന് കുട്ടികള്‍ അറിവിന്റെ ആദ്യാക്ഷരം എഴുതി. ചന്ദനക്കുറിതൊട്ട് പുത്തനുടുപ്പ് അണിഞ്ഞെത്തിയ കുട്ടികള്‍ തിരുനടയില്‍ കാണിക്കയിട്ട് പ്രാര്‍ത്ഥിച്ച ശേഷമാണ് അറിവിന്റെ ലോകത്തേക്ക് അക്ഷരങ്ങളെഴുതിയത്. ടി വി പുരം സ്വയംഭൂ സരസ്വതി ക്ഷേത്രത്തില്‍ നവരാത്രി മണ്ഡപത്തിന് മുന്നില്‍ മേല്‍ശാന്തി ഇണ്ടംതുരുത്തിമന ഹരിഹരന്‍ നമ്പൂതിരി കുട്ടികളെ അക്ഷരം എഴുതിച്ചു. ഇടപ്പള്ളി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അജിത്കുമാര്‍ നമ്പൂതിരി, ശൈലേഷ് നമ്പൂതിരി, ഹരി നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അശോക് കുമാര്‍ ആയിരപ്പള്ളി, സെക്രട്ടറി ഹരി വാതല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ വൈക്കം മഹാദേവ ക്ഷേത്രം മേല്‍ശാന്തി തരണി ഡി നാരായണന്‍ നമ്പൂതിരി, ഡോ ലിപി ശ്രീഹരി എന്നിവര്‍ കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചു. സരസ്വതി മണ്ഡപത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയ ശേഷമാണ് എഴുത്തിനിരുത്ത് ചടങ്ങ് തുടങ്ങിയത്. കുട്ടികള്‍ക്ക് നിവേദ്യ പ്രസാദവും മധുരപലഹാരങ്ങളും നല്‍കി. ദേവസ്വം പ്രസിഡന്റ് പി വി ബിനേഷ്, വൈസ് പ്രസിഡന്റ് പ്രീജു, സെക്രട്ടറി കെ.വി പ്രസന്നന്‍, സുരേന്ദ്രന്‍ കുടിലില്‍, കെ.ആര്‍ പ്രസന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വടയാര്‍ സമൂഹം നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായി നടത്തിയ ത്യാഗരാജ പഞ്ചരക്‌ന കീര്‍ത്തനാലാപനം ആസ്വാദകരുടെ മനം കവര്‍ന്നു. സരസ്വതി മണ്ഡപത്തില്‍ വൈക്കത്തപ്പന്‍ സംഗീതസേവാസംഗമാണ് കീര്‍ത്തനാലാപനം അവതരിപ്പിച്ചത്. വൈക്കം ഗിരീഷ് വര്‍മ്മ, സാബു കോക്കാട്ട്, ടി വി പുരം റെജി, വൈക്കം രാധിക, സുമ രാജീവ് , കണ്ണന്‍, വൈക്കം നരേന്ദ്ര ബാബു, സുസ്മിത എന്നിവരുടെ ആലാപനത്തിന് വൈക്കം മനോജ്, വൈക്കം എന്‍.ഗോപാലകൃഷ്ണന്‍, വൈക്കം രഞ്ജിത്ത്്, എന്നിവര്‍ മേളം പകര്‍ന്നു. സംഗീതോത്സവത്തിന് വൈക്കം വാസുദേവന്‍ നമ്പൂതിരി, എന്‍ നാരായണയ്യര്‍, റ്റി.എസ് നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ദീപം തെളിച്ചു.

ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി ഉത്സവം ആഘോഷിച്ചു. ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് അലംകൃതമാക്കിയ സരസ്വതി മണ്ഡപത്തിലാണ് നവരാത്രി ആഘോഷങ്ങളുടെ ചടങ്ങുകള്‍ നടത്തിയത്. വൈകിട്ട് നടന്ന സരസ്വതി ദേവി പൂജയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. മേല്‍ശാന്തി ജഗദീഷ് പോറ്റി മുഖ്യകാര്‍മ്മികനായി. ശനിയാഴ്ച രാവിലെ ദശമി വിളക്ക്, സംഗീതാരാധ, എഴുത്തിനിരുത്ത്, അന്നദാനം, എന്നിവ നടത്തി. ചടങ്ങുകള്‍ക്ക് പ്രസിഡന്റ് രാമചന്ദ്രന്‍പിള്ള, ദേവസ്വം മാനേജര്‍ ഗോവിന്ദന്‍ നായര്‍, സെക്രട്ടറി വിനോദ് കുമാര്‍, ജി.സുരേഷ് ബാബു, ശബരിമല മുന്‍മേല്‍ശാന്തി പി.ജെ നാരായണന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.